ബുക്ക് ചെയ്താൽ ഫെബ്രുവരിയിൽ വാഹനം; കൂടുതൽ ഫീച്ചറുകളുമായി മഹീന്ദ്ര എക്സ്യുവി 400 പ്രൊ
Mail This Article
എക്സ്യുവി 400 പ്രൊ ഇന്ത്യയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. ജനുവരി 12 ഉച്ചക്ക് രണ്ടു മണി മുതല്‍ 21,000 രൂപ നല്കി ബുക്കു ചെയ്യാനാകും. 15.49 ലക്ഷം രൂപ മുതല്‍ വില വരുന്ന ഈ വാഹനം ഫെബ്രുവരി ഒന്നു മുതല്‍ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളിൽ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റര്‍ റേഞ്ചിലുമാണ് മഹീന്ദ്രയുടെ എക്സ് യു വി 400 പ്രൊ എത്തുന്നത്.
34.5kWh ബാറ്ററി പാക്കുമായാണ് ബേസ് മോഡലായ എക്സ് യു വി 400 ഇസി പ്രൊ എത്തുന്നത്. 3.3kW എസി ചാര്‍ജറും ഈ മോഡലിനുണ്ട്. ബെയിസ് മോഡലിന് രണ്ട് എയര്‍ബാഗുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഇഎല്‍ പ്രൊയുടെ രണ്ടു മോഡലുകളിൽ കൂടുതല്‍ വേഗമുള്ള 7.2kW എസി ചാര്‍ജറും 375 കിലോമീറ്റര്‍ റേഞ്ചുള്ള 34.5kWh ബാറ്ററി പാക്കും നല്കിയിരിക്കുന്നു. കൂടുതല്‍ കരുത്തുള്ള 39.4kWh ബാറ്ററി പാക്കില്‍ 456 കിലോമീറ്ററാണ് റേഞ്ച്. എംഐഡിസി പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളതാണ് വാഹനത്തിന്റെ റേഞ്ച്. ഡിസി ചാര്‍ജിങ് എക്സ് യു വി 400 പ്രൊ സപ്പോര്‍ട്ടു ചെയ്യുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.
സിംഗിള്‍ മോട്ടോര്‍ സെറ്റ് അപ്പിലാണ് എക്സ് യു വി 400 പ്രൊയുടെ എല്ലാ മോഡലുകളും എത്തുന്നത്. ക്ലാസിലെ തന്നെ ഉയര്‍ന്ന 147.5bhp കരുത്തും 310Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന വാഹനമാണിത്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.3 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍. 4,200എംഎം നീളമുള്ള എക്സ് യു വി 400 പ്രൊയുടെ വീല്‍ ബേസ് 2,600 എംഎം വലിപ്പമുള്ളതാണ്. ഇത് വിശാലമായ കാബിന് സ്പേസും ലെഗ് റൂമും നല്‍കും. 378 ലീറ്ററാണ് എക്സ് യു വി 400 പ്രൊയുടെ ബൂട്ട്സ്പേസ്.
ഏറ്റവും ഉയര്‍ന്ന ഇഎല്‍ മോഡലുകളില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്. ഹെഡ് ലാംപുകളില് എല്‍ഇഡി ഡിആര്‍എല്ലുകളും പിന്നില്‍ എല്‍ഇഡി ലൈറ്റുകളുമുണ്ട്. ലെതര്‍ കൊണ്ടുള്ളതാണ് ഇഎല്‍ വകഭേദങ്ങളിലെ സീറ്റും ഉള്‍ഭാഗവും സ്റ്റിയറിങും. 4 സ്പീക്കറുകളും 2 ട്വീറ്റേഴ്സും ഉള്‍പ്പെടുന്ന പ്രീമിയം ഓഡിയോ സിസ്റ്റമാണ് ഇഎല്‍ വകഭേദത്തിലുള്ളത്. രണ്ട് 10.25 ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീനുകളും ഇലക്ട്രിക്കലി ഓപറേറ്റഡ് സണ്‍ റൂഫും ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റും വയര്‍ലസ് ചാര്‍ജറും റിവേഴ്സ് കാമറയും റെയിന്‍ സെന്‍സിങ് വൈപ്പറും ഓട്ടോ ഹെഡ്ലാംപുമെല്ലാം എക്സ് യു വി 400 പ്രൊയുടെ ഉയര്‍ന്ന മോഡലിലുണ്ട്.