ആദ്യ യാത്ര തന്നെ 'ഹൗസ് ഫുൾ'; മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന് എയർ ഇന്ത്യ എയർബസ് എ350
Mail This Article
മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു ഇന്ത്യയിലെ ആദ്യ എയർബസ് എ 350 വിമാനം. മുംബൈയിൽ നിന്ന് രാവിലെ 7.05ന് പറന്നുയർന്ന വിമാനം 8.50 ന് ചെന്നൈയിൽ ലാൻഡ് ചെയ്തു. നിറയെ യാത്രക്കാരുമായാണ് ആദ്യ എയർബസ് എ350 പറന്നത്. എയർ ഇന്ത്യ ഓർഡർ ചെയ്ത 470 എയർബസ് വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്.
ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിസ് ക്ലാസ് എന്നീ വിഭാഗങ്ങളിലായി 316 യാത്രികരെ ഉള്‍ക്കൊള്ളുന്ന ഈ വലിയ യാത്രാവിമാനം തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. മുംബൈ ചെന്നൈ കൂടാതെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു എന്നീ നഗരങ്ങള്‍ക്കിടയിലാണ് എയര്‍ബസ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
കഴിഞ്ഞ ഡിസംബര്‍ 23നാണ് എയര്‍ ഇന്ത്യയുടെ ആദ്യ എ350-900 എയര്‍ബസ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആകെ 20 എയര്‍ബസ് എ350 വിമാനങ്ങളാണ് എയര്‍ഇന്ത്യ ബുക്കു ചെയ്തിട്ടുള്ളത്. മാര്‍ച്ചിനു മുമ്പ് നാല് എയര്‍ബസുകള്‍ കൂടി എത്തും. ടാറ്റയുടെ ഉടമസ്ഥതയിലെത്തിയ ശേഷമുള്ള എയര്‍ഇന്ത്യയുടെ പ്രകടമായ മാറ്റമാണ് എയര്‍ബസിന്റെ വരവ്. വിടി -ജെആര്‍എ എന്ന പേരിലാണ് എയര്‍ ഇന്ത്യ എയര്‍ബസ് എ350 വിമാനങ്ങളെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂന്നു ക്ലാസുകളിലായിട്ടാണ് എയര്‍ബസ് എ 350യില്‍ യാത്രാ സൗകര്യം
28 പേര്‍ക്ക് ഇരിക്കാവുന്ന പ്രൈവറ്റ് ബിസിനസ് ക്ലാസ് സ്യൂട്ട്, 24 പേർക്കുള്ള പ്രീമിയം ഇക്കോണമി സീറ്റുകൾ, ഇക്കോണമി ക്ലാസില്‍ 264 സീറ്റുകൾ എന്നിങ്ങനെയാണ് വിമാനത്തിനുള്ളിലെ സീറ്റിങ് സംവിധാനം. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ കിടക്കയാക്കി മാറ്റാനാവും. പ്രീമിയം ഇക്കോണമി ക്ലാസില്‍ കൂടുതല്‍ സൗകര്യമുണ്ടായിരിക്കും. ഇക്കോണമി ക്ലാസില്‍ 264 സീറ്റുകളുണ്ട്. ആകെ 316 യാത്രികര്‍ക്കാണ് സഞ്ചരിക്കാനാവുക. എല്ലാ സീറ്റുകളിലും പാനസോണിക് ഇഎക്‌സ്3 ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം ലഭ്യമായിരിക്കും. എല്ലാ യാത്രികര്‍ക്കും ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകളും ലഭ്യമാക്കും.
2015 ജനുവരിയിലാണ് ആദ്യമായി എയര്‍ബസ് എ350 വിമാനം യാത്രികര്‍ക്കായി പറന്നു തുടങ്ങിയത്. ഖത്തര്‍ എയര്‍ലൈനായിരുന്നു ആദ്യ എയര്‍ബസ് സ്വന്തമാക്കിയത്. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900. എങ്കിലും 66.8 മീറ്റര്‍ നീളവും 17.05 മീറ്റര്‍ ഉയരവും 64.75 മീറ്റര്‍ വീതിയുമുള്ള വമ്പന്‍ വിമാനമാണിത്. 15,372 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാനാകും. പരമാവധി 31,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 950 കിലോമീറ്റര്‍ വരെ വേഗത്തില്‍ എയര്‍ബസ് എ350-900ന് പറക്കും.