ടാറ്റയും വില കൂട്ടി; വർധന ഫെബ്രുവരി 1 മുതൽ
Mail This Article
ഇവികള്‍ അടക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. ശരാശരി 0.7 ശതമാനം വിലവര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. കമേഴ്സ്യല്‍ വാഹനങ്ങളുടെ വില ജനുവരി ഒന്നു മുതല്‍ മൂന്നു ശതമാനം ടാറ്റ മോട്ടോഴ്സ് വര്‍ധിപ്പിച്ചിരുന്നു.
ടാറ്റ എയ്സ്, ടാറ്റ ഇന്‍ട്ര, ടാറ്റ വിന്ഗര് എന്നിങ്ങനെയുള്ള കമേഴ്സ്യല്‍ വാഹനങ്ങളുടെ വില ജനുവരി മുതല്‍ വര്‍ധിച്ചിട്ടുണ്ട്. വാഹന നിര്‍മാണത്തിനുള്ള വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിനു കാരണമായി ടാറ്റ പറയുന്നത്. പൊതുവില്‍ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹന നിര്‍മാണ കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിക്കുക. മറ്റു വാഹന നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
മാരുതി സുസുക്കി 0.45 ശതമാനം വിലവര്‍ധനയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പണപ്പെരുപ്പവും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയുമാണ് കാരണം. ജനുവരി 16 മുതല്‍ മാരുതി സുസുക്കി വാഹനങ്ങളുടെ വില ശരാശരി 0.45 ശതമാനം വര്‍ധിച്ചിരുന്നു. അടുത്തിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ, ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി എന്നിവരും വില വര്‍ധിപ്പിച്ചിരുന്നു.
2023ല്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റ നടത്തിയത്. 2023 ഡിസംബറില്‍ ആഭ്യന്തര വില്പനയില് നാലു ശതമാനം വര്‍ധന നേടാന്‍ ടാറ്റ മോട്ടോഴ്സിനായിരുന്നു. 2022 ഡിസംബറില്‍ 72,997 വാഹനങ്ങള്‍ വിറ്റ ടാറ്റക്ക് കഴിഞ്ഞ ഡിസംബറില്‍ 76,138 വാഹനങ്ങള്‍ വില്‍ക്കാനായി. വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലും മികച്ച മുന്നേറ്റം നടത്താന്‍ ടാറ്റ മോട്ടോഴ്സിനായി. 2022 ഡിസംബറില്‍ 40,043 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റ ടാറ്റ 2023 ഡിസംബറില്‍ ഇത് 43,470 ആക്കി ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ഇവി പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 73 ശതമാനവും സ്വന്തമാക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിരുന്നു. 2023ല്‍ ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്സ് 59,580 വൈദ്യുത കാറുകളാണ് വിറ്റതെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള എംജി വിറ്റത് 9,430 എണ്ണം മാത്രമാണ്.
വോള്‍വോ കാര്‍ ഇന്ത്യ അവരുടെ വൈദ്യുതി കാറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. എക്സ് സി 40 റീചാര്‍ജ്, സി40 റീചാര്‍ജ് എന്നീ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതിനു പുറമേ മറ്റു മോഡലുകളുടെ വില രണ്ടു ശതമാനവും കൂട്ടി. എക്സ് സി 40 റീചാര്‍ജിന് 57.90 ലക്ഷവും സി40 റീചാര്‍ജിന് 62.95 ലക്ഷം രൂപയുമാണ് വില. വോള്‍വോയുടെ ഐസിഇ മോഡലുകളായ എക്സ് സി 60 (68.90 ലക്ഷം രൂപ), എസ്90 (68.25 ലക്ഷം രൂപ), എക്സ് സി 90(ഒരു കോടി രൂപ) എന്നിവയുടെ വിലയിലും മാറ്റമുണ്ട്.