ലാൻഡ് ചെയ്യണമെങ്കിൽ പിന്നിലൊരു വാഹനം നിർബന്ധം; അമേരിക്കയുടെ ഡ്രാഗണ്‍ ലേഡി
Mail This Article
സമുദ്രനിരപ്പില്‍നിന്ന് 70,000 അടി (21 കിലോമീറ്റര്‍) മുകളിലൂടെ നീങ്ങുന്ന കറുപ്പു നിറത്തിലുള്ള വിമാനം. ആകാശത്തിനു താഴെ ഏതു രാജ്യവും ഒരു പോലെയാണ് ‘ഡ്രാഗണ്‍ ലേഡി’ എന്നു വിളിപ്പേരുള്ള, യു-2 എന്ന ഈ അമേരിക്കൻ ചാര വിമാനത്തിന്. കാരണം അപൂര്‍വമായി മാത്രമേ മറ്റു രാജ്യങ്ങളുടെ റഡാറുകളില്‍ പോലും യു-2 പ്രത്യക്ഷപ്പെടാറുള്ളൂ. പറത്താനും നിയന്ത്രിക്കാനും ഏറ്റവും ബുദ്ധിമുട്ടേറിയ വിമാനമെന്നാണ് യു-2 വിനുള്ള വിശേഷണം. എന്നിട്ടും കഴിഞ്ഞ 68 വര്‍ഷമായി അമേരിക്കന്‍ വ്യോമ സേനയുടെ ഭാഗമാണ് യു-2. അതിനു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തിനു മുകളിലുള്ള ആകാശത്തിലൂടെയും കഴുകന്‍ കണ്ണുകളുമായി വട്ടമിട്ടു പറക്കാനുള്ള ഡ്രാഗണ്‍ ലേഡിയുടെ മികവ്.
1953 ലാണ് ലോക്ക്ഹീഡ് കോര്‍പറേഷന്‍ ഇങ്ങനെയൊരു ചാരവിമാനം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. അടുത്ത വര്‍ഷം തന്നെ ഇതിന് അനുമതി ലഭിക്കുകയും 1955ല്‍ യു-2 ആദ്യ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തു. ശീതയുദ്ധ കാലത്ത് പല തവണ സോവിയറ്റ് യൂണിയന്‍, ചൈന, വിയറ്റ്‌നാം, ക്യൂബ, എന്നീ രാജ്യങ്ങളുടെ മുകളിലൂടെ പറന്ന യു-2 പല നിര്‍ണായക വിവരങ്ങളും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും കൈമാറിയിട്ടുണ്ട്. ശീതയുദ്ധത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധകാല സമയങ്ങളിലും നാറ്റോ ഓപറേഷനുകളിലും യു-2 നിര്‍ണായക സാന്നിധ്യമായിരുന്നു.
ഏരിയ 51
അമേരിക്കയുടെ രഹസ്യ വ്യോമസേനാ കേന്ദ്രമായ ഏരിയ 51 മായും യു-2 വിന് ബന്ധമുണ്ട്. വിദേശ ചാരന്മാര്‍ക്കു മാത്രമല്ല, യുഎസിലെ സാധാരണ പൗരന്മാര്‍ക്കു പോലും എളുപ്പം കണ്ടെത്താനാവാത്ത ഒരു സ്ഥലത്താവണം യു-2 വിന്റെ നിര്‍മാണമെന്ന് ഐസനോവറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് ജനവാസമില്ലാത്ത ഒറ്റപ്പെട്ട, മരുഭൂമി പ്രദേശമായ ഏരിയ 51 തിരഞ്ഞെടുക്കുന്നത്. പിന്നീട് അമേരിക്കയുടെ പല വിമാനങ്ങളുടേയും മറ്റും പരീക്ഷണ, നിര്‍മാണ കേന്ദ്രമായി ഏരിയ 51 മാറി. ഇന്നും ഈ പ്രദേശത്തെയും അവിടെയുള്ള പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി രഹസ്യമായാണ് അമേരിക്ക സൂക്ഷിക്കുന്നത്. ഇതെല്ലാം ഏരിയ 51 അന്യഗ്രഹജീവികളെയും പറക്കും തളികകളെയും സൂക്ഷിക്കുന്ന ഇടമാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് പ്രചാരം നല്‍കുന്നു.
പ്രതിസന്ധികള്‍
1960 മേയില്‍ ഒരു യു-2 വിമാനം മിസൈല്‍ ഉപയോഗിച്ച് വീഴ്ത്താന്‍ സോവിയറ്റ് യൂണിയനു സാധിച്ചിരുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെട്ട പൈലറ്റ് സോവിയറ്റ് കസ്റ്റഡിയിലാവുകയും ചെയ്തു. പൈലറ്റിനെ വിട്ടുകിട്ടാൻ ഒരു റഷ്യന്‍ ചാരനെ അമേരിക്കയ്ക്കു വിട്ടയയ്ക്കേണ്ടി വന്നു. അതൊരു തിരിച്ചടിയായിരുന്നെങ്കിൽ, അടുത്ത വട്ടം നിര്‍ണായക വിവരം നല്‍കി യു-2 നായകനായി. 1962 ഒക്ടോബറിലായിരുന്നു അത്.
ക്യൂബയ്ക്കു മുകളിലൂടെ പറന്ന യു-2 ഒരു നിര്‍ണായക വിവരം കണ്ടെത്തി. ക്യൂബയില്‍ സോവിയറ്റ് മിസൈലുകള്‍ സജ്ജീകരിച്ചിരിച്ചിരിക്കുന്നു. അമേരിക്കയില്‍നിന്ന് 60 മൈല്‍ മാത്രം ദൂരത്തില്‍ സോവിയറ്റ് മിസൈലുകള്‍ അമേരിക്കയെ ലക്ഷ്യമാക്കി വച്ചിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു. ഇതോടെയാണ് ലോകത്തെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ച പ്രസിദ്ധമായ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ ഉടലെടുക്കുന്നത്.
എന്തുകൊണ്ട് കഠിനം
ചാര വിമാനങ്ങളുടെ കൂട്ടത്തില്‍ സവിശേഷ സ്ഥാനമുള്ള അമേരിക്കന്‍ വിമാനമാണ് യു-2. ഒരു സാധാരണ വിമാനം പറത്തുന്ന ലാഘവത്തില്‍ പൈലറ്റുമാര്‍ക്ക് യു-2വിനെ പറത്താനാവില്ല. പറന്നു തുടങ്ങിയാല്‍ തിരിച്ചിറങ്ങുന്നതുവരെ വെറുതേയിരിക്കാന്‍ പൈലറ്റിന് സമയമുണ്ടാവില്ല. ബഹിരാകാശത്തോടു ചേര്‍ന്നു നീങ്ങുന്ന ഈ വിമാനത്തിന്റെ പൈലറ്റ് ബഹിരാകാശ യാത്രികരുടെ സ്യൂട്ട് ധരിക്കണം. ടേക്ക് ഓഫിനു മുമ്പായി കുറച്ചു സമയം ഓക്‌സിജന്‍ മാത്രം ശ്വസിക്കേണ്ടതുണ്ട്. ശ്വാസകോശത്തിലെ നൈട്രജന്റെ സാന്നിധ്യവും അതുവഴിയുള്ള അപകട സാധ്യതയും പരമാവധി കുറയ്ക്കാന്‍ വേണ്ടിയാണിത്.
പ്രധാനമായും ഇരട്ട ചക്രങ്ങളും വശങ്ങളില്‍ ചെറിയ ചക്രങ്ങളുമാണ് യു-2വിന്റെ ലാന്‍ഡിങ് ഗിയറിലുള്ളത്. പരമാവധി കൃത്യതയോടെയുള്ള ലാന്‍ഡിങ് യു-2വിന് ആവശ്യമാണ്. കോക്പിറ്റില്‍നിന്നു പൈലറ്റുമാര്‍ക്ക് റണ്‍വേയുടെ പരിമിതമായ കാഴ്ച മാത്രമേ ലഭിക്കൂ. ഈ പ്രശ്‌നം പരിഹരിക്കാന്‍, പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും യു-2വിന് തൊട്ടുമുന്നില്‍ പൈലറ്റ് വാഹനം റണ്‍വേയിലുണ്ടാവും. യു-2 പൈലറ്റുമാര്‍ തന്നെയാവും ഈ പൈലറ്റ് വാഹനത്തിലുമുണ്ടാവുക. ഇവര്‍ വിമാനത്തിലുള്ള പൈലറ്റുമാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.
എന്തുകൊണ്ട് യു-2?
അമേരിക്കന്‍ വ്യോമസേനയെ ദീര്‍ഘകാലം സേവിച്ച വിമാനങ്ങളില്‍ മുന്നിലുണ്ട് യു-2. ബോയിങ് ബി52, ബോയിങ് കെസി 135, ലോക്ഹീഡ് സി130, ലോക്ഹീഡ് സി 5 എന്നിവയാണ് യു-2വിന് പുറമേ അൻപതു വര്‍ഷത്തിലേറെ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിട്ടുള്ള വിമാനങ്ങള്‍. യു-2വിന്റെ പുതിയ മോഡലുകള്‍ (ടിആര്‍-1, യു-2ആര്‍, യു-2എസ്) 1980കളിലാണ് അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമാവുന്നത്. യു-2വിനൊപ്പം അമേരിക്കന്‍ സേനയുടെ ഭാഗമായ ചാരവിമാനമാണ് എസ്ആര്‍-71 ബ്ലാക്ക്‌ബേഡ്. 1964ല്‍ അവതരിപ്പിക്കപ്പെട്ട ഈ വിമാനം 1999ല്‍ വിരമിച്ചിരുന്നു. യു-2വിനെ അപേക്ഷിച്ച് ചെലവേറിയ വിമാനമായിരുന്നു എസ്ആര്‍-71 ബ്ലാക്ക്‌ബേഡ്.
കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയതും യു-2വിന്റെ ദീര്‍ഘായുസിന്റെ കാരണമാണ്. കോക്പിറ്റും എന്‍ജിനും അടക്കം 1994 ല്‍ മാറിയിരുന്നു. 2012ല്‍ ഒരു ടെക്‌നിക്കല്‍ അപ്‌ഗ്രേഡും യു-2വിന് ലഭിച്ചിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 21 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോഴും ഭൂമിയില്‍ രണ്ടര അടി അകലത്തിലുള്ള വസ്തുക്കളെ വരെ തിരിച്ചറിയാനും ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കാനും യു-2വിന് സാധിക്കും. ഈ മികവുകളാണ് 68 വയസ്സായിട്ടും യു-2 അമേരിക്കന്‍ വ്യേമസേനയിലെ നിര്‍ണായക സാന്നിധ്യമായി തുടരാന്‍ സഹായിക്കുന്നത്.