വാഹനത്തിന് ഫാൻസി നമ്പർ എടുക്കാം ഈസിയായി; ഏജന്റ് വേണ്ട
Mail This Article
ഇഷ്ട വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ തേടുന്നവരാണ് പലരും. ഏജന്റുമാരുടെ സഹായത്തിലാണ് പലപ്പോഴും ഇത്തരം റജിസ്ട്രേഷന് നമ്പറുകള്‍ സ്വന്തമാക്കാറ്. എന്നാല്‍ അങ്ങനെയല്ലാതെയും ഇഷ്ട നമ്പര്‍ നേടാനാവും. ഓരോ സംസ്ഥാനത്തും ചെറിയ തോതില്‍ നടപടിക്രമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അടിസ്ഥാന രീതികള്‍ രാജ്യത്താകെ ഒന്നാണ്. ഇഷ്ട റജിസ്ട്രേഷന് നമ്പര്‍ അധിക ചെലവില്ലാതെ എങ്ങനെ സ്വന്തമാക്കാമെന്നു നോക്കാം.
നമ്പറുണ്ടോ?
നിങ്ങള്‍ തേടുന്ന നമ്പര്‍ ലഭ്യമാണോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇതിനായി പരിവാഹന്‍ വെബ് സൈറ്റില്‍ പോയാല്‍ മതി. 1 മുതല്‍ 9999 വരെയുള്ള എല്ലാ നമ്പറുകളും എപ്പോഴും ലഭ്യമായിരിക്കില്ല. ഏതൊക്കെ നമ്പറുകള്‍ സ്വന്തമാക്കാനാവുമെന്ന് ആര്‍ടിഒകള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാവും.
അക്കൗണ്ട് റജിസ്ട്രേഷന്
വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടല്‍ എടുത്ത ശേഷം റജിസ്റ്റര്‍ ചെയ്യുകയാണ് പിന്നീട് വേണ്ടത്. ഇതിനായി വേണ്ട വിവരങ്ങള്‍ നല്കിയാല് എളുപ്പം അക്കൗണ്ട് റജിസ്ട്രേഷന് പൂര്‍ത്തിയാക്കാനാവും.
നമ്പറും അടിസ്ഥാന വിലയും
റജിസ്ട്രേഷനോടെ വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് ഏതു ആര്‍ടിഒക്കു കീഴിലെ നമ്പറാണോ വേണ്ടത് അത് തിരഞ്ഞെടുക്കാനാവും. നേരത്തേ ഇറങ്ങിയ റജിസ്ട്രേഷനുകളിലെ പോലും വില്ക്കാത്ത ഫാന്‍സി നമ്പറുണ്ടെങ്കില്‍ അതും അറിയാനാവും. പല സീരീസുകള്‍ക്ക് പലതരത്തിലുള്ള അടിസ്ഥാന വിലയാണ്. സംസ്ഥാനങ്ങള്‍ക്കനുസരിച്ചും അടിസ്ഥാന വിലയില്‍ വ്യത്യാസം വരും.
അപേക്ഷ, പണം അടയ്ക്കല്‍
വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം നമ്പര്‍ സിലക്ഷന്‍ വിഭാഗത്തിലേക്ക് പോകണം. ഇവിടെ ആര്‍ടിഒ തിരഞ്ഞെടുത്ത്, വില്ക്കാത്ത നമ്പറുകള്‍ ഏതെല്ലാമെന്നു കാണാനാവും. ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം റജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ചോദിക്കും.
നിങ്ങള്‍ വാഹനത്തിന്റെ ടാക്സ് അടച്ച ടെംപററി റജിസ്ട്രേഷന് നമ്പറിന്റെ അപ്ലിക്കേഷന്‍ നമ്പറാണ് ചോദിക്കുന്നത്. വാഹനത്തിന്റെ ടാക്സ് അടയ്ക്കുന്ന സമയത്ത് വാഹന്‍ വെബ്സൈറ്റില്‍നിന്ന് നിങ്ങള്‍ക്ക് എസ്എംഎസ് വഴി ഈ നമ്പര്‍ ലഭിച്ചിട്ടുണ്ടാവും. അതു കയ്യിലില്ലെങ്കില്‍ വാഹനം എടുത്ത ഷോറൂം/ഡീലര്‍മാരെ സമീപിച്ചാല്‍ മതി. ഈ ആപ്ലിക്കേഷന്‍ നമ്പര്‍ നല്കിയാല് പണം അടയ്ക്കാനാവും. ഇതോടെ നിങ്ങള്‍ നമ്പറിനായി അപേക്ഷ നല്‍കിയെന്ന് മനസ്സിലാക്കാം.
ലേലം
ഒരേ നമ്പറിനായി ഒന്നിലേറെ ആവശ്യക്കാരുണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുക്കേണ്ടി വരും. നിങ്ങളാണ് ആദ്യം അപേക്ഷ നല്കുന്നതെങ്കില്, ഒരാഴ്ചക്കുള്ളില്‍ മറ്റാരും ഇതേ നമ്പറിന് അപേക്ഷ നല്കിയിട്ടില്ലെങ്കില് അടിസ്ഥാന വിലയില്‍ നമ്പര്‍ ലഭിക്കും. ലേലങ്ങള്‍ ശനി വൈകിട്ട് നാലു മുതല്‍ തിങ്കൾ രാത്രി 10.30 വരെയാണ് നടക്കുക. 1000 രൂപയുടെ ഗുണിതങ്ങളായി നിങ്ങള്‍ക്ക് ലേല തുക നിശ്ചയിക്കാം. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് നമ്പര്‍ ലഭിക്കും.
ഇനി ലേലത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ പുതിയ നമ്പറിനു വേണ്ടി നിങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപ്പോഴും നേരത്തേ പറഞ്ഞതുപോലുള്ള നടപടികള്‍ പാലിക്കണമെന്നു മാത്രം. ലേലത്തില്‍ പങ്കെടുക്കാനായി അടച്ച അടിസ്ഥാന വില നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും.
ആര്‍ടിഒ നടപടികള്‍
ലേലത്തില്‍ പങ്കെടുത്തോ അല്ലാതെയോ നമ്പര്‍ സ്വന്തമായാല്‍ ആ വിവരം എസ് എം എസ് വഴിയും ഇ മെയില്‍ വഴിയും ലഭിക്കും. ലേലത്തുക പൂര്‍ണമായും അടച്ച ശേഷം മാത്രമേ ആര്‍ടിഒ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. സാധാരണഗതിയില്‍ രണ്ടു പ്രവൃത്തി ദിവസങ്ങള്‍കൊണ്ട് നമ്പര്‍ അനുവദിക്കും. ആര്‍ടിഒയിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ എസ്എംഎസ് നിങ്ങളുടെ നമ്പറില്‍ ലഭിക്കും നിങ്ങളുടെ ഡീലറെ ബന്ധപ്പെട്ട് ഇഷ്ട നമ്പര്‍ വാഹനത്തിനായി സ്വന്തമാക്കാം.