ലുക്കിൽ അല്ല വർക്കിലാണ് കാര്യം! ഇലക്ട്രിക് കാര്‍ഗോ ബൈക്ക് ഇഎവി 2ക്യൂബ്ഡ്
Mail This Article
വന്‍ നഗരങ്ങളില്‍ എളുപ്പത്തില്‍ സാധനങ്ങള്‍ ഉടമകളിലേക്കെത്തിക്കുകയെന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ് മുഖ്യ കാരണം. ഭൂരിഭാഗം ഡെലിവറി വാഹനങ്ങളും പരമ്പരാഗത പെട്രോള്‍/ഡീസല്‍ വാഹനങ്ങളാണെന്നത് പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഇഎവി 2 ക്യൂബ്ഡ്.
വൈദ്യുതവാഹനങ്ങള് പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും എന്നാൽ വലിയ ഇവികളിലാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതെങ്കില്‍ അതും ഗതാഗത തടസം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവും. ടയറും ബ്രേക്കും റോഡില്‍ ഉരഞ്ഞുണ്ടാകുന്ന മലിനീകരണവും വൈദ്യുതി ഏതു മാര്‍ഗത്തിലൂടെയാണ് നിര്‍മിക്കുന്നതെന്നതും ഇവിയുടെയും കുറവുകളായി മാറാം. നഗരങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ സഹായിക്കുന്ന ചെറിയ ഇലക്ട്രിക് കാര്‍ഗോ ബൈക്കാണ് ഇഎവി 2ക്യൂബ്ഡ്.
പരിമിതിയുണ്ട്, പരിഹാരവും
ഇരുചക്രവാഹനങ്ങളില്‍ ചരക്കു കൊണ്ടുപോകുമ്പോഴുള്ള പ്രധാന പരിമിതി കുറച്ചു മാത്രമേ കൊണ്ടുപോകാനാകൂ എന്നതാണ്. ഈ പരിമിതി ഇഎവി 2ക്യൂബ്ഡ് മറികടക്കുന്നു. ഈ ഇലക്ട്രിക് കാര്‍ഗോ ബൈക്കിന് നാലു ചക്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ചരക്കു കൊണ്ടുപോകാം.
ബ്രിട്ടന് ആസ്ഥാനമായുള്ള ഇലക്ട്രിക് അസിസ്റ്റഡ് വെഹിക്കിള്‍സ് ലിമിറ്റഡ് അഥവാ ഇഎവിയാണ് ഈ വാഹനം നിര്‍മിച്ചത്. 150 കിലോഗ്രാം ചരക്കു വരെ ഈ വാഹനത്തില്‍ കൊണ്ടുപോകാനാകും. പ്രകൃതി സൗഹൃദമായ ഗതാഗത തിരക്കുണ്ടാക്കാത്ത ചെറിയ വാഹനമാണിത്. ബൈക്ക് ലൈനുകളുള്ള നഗരങ്ങളിലും ഈ വാഹനം ഉപയോഗിക്കാനാകും. 2ക്യൂബ്ഡിന്റെ ഡിസൈന്‍ ഡ്രൈവറുടെ തല മൂടുന്ന വിധത്തിലുള്ളതാണ്. ഏതു കാലാവസ്ഥയിലും 2ക്യൂബ്ഡിനെ സുഖമായി കൊണ്ടുപോകാമെന്നു ചുരുക്കം.
എടുത്തു മാറ്റാവുന്ന ബാറ്ററി
60എഎച്ച് ബാറ്ററിയുള്ള ഈ വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 64 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും. എടുത്തു മാറ്റാവുന്ന ബാറ്ററിയാണ് 2ക്യൂബ്ഡിനുള്ളത്. അതുകൊണ്ടുതന്നെ മറ്റൊരു ബാറ്ററി കൂടി കൈവശം വച്ചാല്‍ കൂടുതല്‍ ദൂരം ഓടിക്കാനാവും. 250W മോട്ടോറുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍. വില പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 10,000 യൂറോ പ്രതീക്ഷിക്കാം. പലതരത്തിലുള്ള കസ്റ്റമൈസേഷന് ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്.