ADVERTISEMENT

എഫ്1 സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടന്റെ കൂടുമാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. ഇതുവരെ റേസിങ് ട്രാക്കില്‍ എതിരാളികളായ ഫെരാരിയിലേക്കാണ് മെഴ്‌സിഡീസില്‍ നിന്നു ഹാമില്‍ട്ടണ്‍ പോകുന്നത്. മെഴ്‌സിഡീസിനൊപ്പം ഏഴു എഫ്1 കിരീടങ്ങള്‍ നേടിയ ശേഷമാണ് ഹാമില്‍ട്ടണ്‍ പുതിയ താവളത്തിലേക്കെത്തുന്നത്. ആഴ്ചകള്‍ മുമ്പു വരെ മെഴ്സിഡീസ് വിട്ടൊരു കളിയില്ലെന്ന സൂചനകള്‍ നല്‍കിയിരുന്ന ഹാമില്‍ട്ടന്റെ ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്?

മക്ലാരനൊപ്പം 2007ൽ ആണ് ലൂയിസ് ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്ണിലേക്കെത്തുന്നത്. ഫോര്‍മുല വണ്ണിലെ ഒരേയൊരു കറുത്തവര്‍ഗക്കാരനായ ഹാമില്‍ട്ടണ്‍ ആദ്യ സീസണ്‍ തന്നെ ഗംഭീരമാക്കി. ആദ്യസീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളും കൂടുതല്‍ പോയിന്റുകളോടെ റെക്കോർഡ് നേടിയാണ് ഹാമില്‍ട്ടണ്‍ വരവറിയിച്ചത്. 2012 വരെ മക്ലാരനില്‍ തുടര്‍ന്ന ഹാമില്‍ട്ടണ്‍ 2013 സീസണ്‍ മുതല്‍ മെഴ്‌സിഡീസിലേക്കെത്തി.

അന്ന് ഫോര്‍മുല വണ്ണില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടില്ലാത്ത മെഴ്‌സിഡീസിലേക്കുള്ള ഹാമില്‍ട്ടണിന്റെ മാറ്റം ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഹാമില്‍ട്ടണ്‍ തെളിയിച്ചു. ഏഴു ഫോര്‍മുല വണ്‍ കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിനൊപ്പം ഇന്ന് ഹാമില്‍ട്ടണ്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയാണ്. അടുത്ത സീസണില്‍ ലൂയി ഹാമില്‍ട്ടണ്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്ന് മെഴ്‌സിഡീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മെഴ്‌സിഡീസിലേക്കു വന്നപ്പോഴുണ്ടായ അമ്പരപ്പിനേക്കാള്‍ വലിയ അമ്പരപ്പ് സമ്മാനിച്ചാണ് 40–ാം വയസില്‍ ഹാമില്‍ട്ടണ്‍ ഫെരാരിക്കൊപ്പം ചേരുന്നത്.

2023ല്‍ ഫോര്‍മുല വണ്ണില്‍ മൂന്നാം സ്ഥാനത്താണ് ലൂയിസ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായി മൂന്നു ചാമ്പ്യന്‍ഷിപ്പുകളില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനോട് ഹാമില്‍ട്ടണ്‍ പരാജയപ്പെട്ടു. മെഴ്‌സിഡീസിലെ തന്നെ മറ്റൊരു ഡ്രൈവറായ ജോര്‍ജ് റസലിന്റെ കുതിപ്പും ഈ അടുത്തകാലത്തായി കണ്ടു. കഴിഞ്ഞ സീസണില്‍ ഡ്രൈവര്‍മാരുടെ പട്ടികയില്‍ എട്ടാമതാണ് ജോര്‍ജ് റസല്‍.

റേസിങ് ട്രാക്കിലെ ഡ്രൈവിങ് പോലെ കരിയറിലും റിസ്‌ക് എടുക്കാന്‍ ഒരിക്കലും ലൂയിസ് ഹാമില്‍ട്ടണ്‍ മടിച്ചിട്ടില്ല. ആദ്യമായി ഫോര്‍മുല വണ്‍ കിരീടം നേടി തന്ന മക്ലാരനില്‍ നിന്നും റേസിങ് പാരമ്പര്യം കുറവുള്ള മെഴ്‌സിഡീസിലേക്കു വന്നതിനെ ചൂതാട്ടമെന്നാണ് അന്നു പലരും വിശേഷിപ്പിച്ചത്. 2017 മുതല്‍ 2020 വരെ നാലു സീസണുകളില്‍ തുടര്‍ച്ചയായി കിരീടം നേടിയാണ് ഹാമില്‍ട്ടണ്‍ തന്റെ തീരുമാനം ശരിയെന്ന് തെളിയിച്ചത്. രണ്ടാമതെത്തിയ 2021ലായിരുന്നു അവസാനമായി മെഴ്‌സിഡീസിനൊപ്പം ഹാമില്‍ട്ടണ് കാറോട്ട മത്സരങ്ങളില്‍ വിജയിക്കാനായത്. 2022ലും 2023ലും ഒന്നില്‍ പോലും വിജയമുണ്ടായില്ല. ഇതെന്തുകൊണ്ട് എന്നു പരിശോധിക്കുമ്പോഴാണ് ഹാമില്‍ട്ടണിന്റെ കൂടുമാറ്റത്തിന്റെ കാരണങ്ങള്‍ തെളിഞ്ഞു വരിക.

lewis-hamilton

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഹാമില്‍ട്ടനും മെഴ്‌സിഡീസിനുമെതിരെ ശക്തമായ വെല്ലുവിളിയായി റെഡ് ബുള്ളും മാക്‌സ് വെസ്തപ്പനും മാറിയിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും റെഡ് ബുള്ളിനായിരുന്നു മൈല്‍ക്കൈ. 2021ലെ വിവാദമായ ഫൈനലില്‍ രണ്ടാമതായതിനു ശേഷം ഹാമില്‍ട്ടണ് പഴയ ഫോമിലേക്കെത്താനായിട്ടില്ല. സൗദിയിലെ ജിദ്ദയില്‍ 2021ല്‍ നടന്ന റേസിങ്ങിലാണ് അവസാനമായി ഹാമില്‍ട്ടണ്‍ വിജയിച്ചത്. 

ഹാമില്‍ട്ടന്റെ മോശം ഫോമിനു പിന്നില്‍ ചില ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടി കാരണമായിട്ടുണ്ടാവാമെന്ന സൂചനയാണ് ഇപ്പോള്‍ ഉയരുന്നത്. മെഴ്‌സിഡീസ് റേസിങ് കാറുകളുടെ വീല്‍ബേസിലും ഫ്‌ളോറിലും മാറ്റങ്ങള്‍ വരുത്തിയതും ഇക്കാലത്താണ്. ഇതിനെതിരെ മെഴ്‌സിഡീസ് ടെക്‌നിക്കല്‍ ടീം തലവന്‍ മൈക്ക് എലിയട്ടും ഹാമില്‍ട്ടണും എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

2023 സീസണിന് ഇടയില്‍ പരസ്യമായി തന്നെ ഹാമില്‍ട്ടണ്‍ മെഴ്‌സിഡീസിലെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. 'കാറിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ അവരോട് പറഞ്ഞതാണ്. എന്റെ ജീവിതത്തില്‍ പലതരം കാറുകള്‍ ഞാന്‍ ഓടിച്ചിട്ടുണ്ട്. കാറിന് എന്തുവേണമെന്നും എന്തു വേണ്ടെന്നും എനിക്കറിയാം' എന്നായിരുന്നു ഹാമില്‍ട്ടന്റെ പ്രതികരണം.

കാറില്‍ മാറ്റം വരുത്തിയവര്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു വരെ ലൂയി ഹാമില്‍ട്ടണ്‍ അന്നു പറഞ്ഞിരുന്നു. മെഴ്‌സിഡീസില്‍ ഹാമില്‍ട്ടനൊപ്പം വാദിച്ചിരുന്ന മൈക്ക് എലിയട്ടുമായി നേരത്തെ ഫെരാരി കരാര്‍ ഉറപ്പിച്ചിരുന്നു. ഫെരാരിയുടെ പുതിയ ടീം പ്രിന്‍സിപ്പലായ ഫ്രെഡ് വസോര്‍ ഹാമില്‍ട്ടന്റെ കുട്ടിക്കാലത്തെ പരിശീലകനായിരുന്നു. അടുത്തവര്‍ഷം ഫെരാരിയുടെ സ്റ്റിയറിങ്ങിന് പിന്നിലേക്കെത്തുമ്പോള്‍ 40 വയസു തികഞ്ഞിരിക്കും ഹാമില്‍ട്ടന്. റേസിങ് കരിയറിന്റെ അസ്തമയകാലത്തുള്ള ഹാമില്‍ട്ടന് യോജിച്ച കാറും സൗകര്യങ്ങളും നല്‍കാന്‍ ഫെരാരിക്കു സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

English Summary:

Lewis Hamilton to Ferrari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com