ADVERTISEMENT

പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇത്യോപ്യ. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പന നിയന്ത്രിക്കുന്നതിനെപ്പറ്റി ആലോചിക്കുന്ന സമയത്താണ് ഇത്യോപ്യയുടെ ചരിത്ര പ്രഖ്യാപനം. ഇത്യോപ്യ ഗതാഗതമന്ത്രി അലേമു സിമേയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇത്യോപ്യ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച നാഷന്‍സ് ലോജിസ്റ്റിക്‌സ് മാസ്റ്റര്‍ പ്ലാനിടെയായിരുന്നു ഇത്. 'ഇത്യോപ്യയിലേക്ക് വൈദ്യുത വാഹനങ്ങള്‍ക്കു മാത്രമേ ഇനിമുതല്‍ കടക്കാനുള്ള അനുമതിയുള്ളൂവെന്ന തീരുമാനമെടുത്തു' എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

2035 ആകുമ്പോഴേക്കും പല രാജ്യങ്ങളും ഫോസിൽ ഇന്ധന വാഹനങ്ങൾ നിരോധിക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയും കാനഡയും ജപ്പാനും ഇന്ത്യയും ന്യുസീലാന്‍ഡുമെല്ലാം ഇതേ പാതയിലാണ്. ഈ സമയത്താണ് ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യ വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ ഒരുങ്ങാതെ ഇപ്പോള്‍ തന്നെ ICE വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടാണ് ലോകത്തെ ഞെട്ടിക്കുന്നത്.

2021-2030 വര്‍ഷത്തേക്കായി ഗ്രീന്‍ ഡെവലപ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ ഇത്യോപ്യന്‍ പാര്‍ലമെന്റ് നേരത്തെ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തു വര്‍ഷം കൊണ്ട് 1,52,800 വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇത്യോപ്യയിലേക്ക് വൈദ്യുത വാഹനങ്ങള്‍ക്ക് മാത്രം പ്രവേശന- ഇറക്കുമതി അനുമതി നല്‍കുന്നതും ഈ പദ്ധതിക്ക് ഗുണം ചെയ്യും.

വൈദ്യുത വാഹന ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇത്യോപ്യ 15% കസ്റ്റംസ് നികുതിയില്‍ ഇളവു നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇവികളുടെ നിര്‍മാണ ഫാക്ടറികളും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഡോഫെങ് മോട്ടോഴ്‌സില്‍ നിന്നു വൈദ്യുത വാഹനത്തിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് യോജിപ്പിക്കുന്ന ഗ്രീന്‍ ടെക് പോലുള്ള കമ്പനികളും ഇത്യോപ്യയില്‍ സജീവമായിട്ടുണ്ട്. അയ്യായിരം വൈദ്യുത വാഹനങ്ങള്‍ ഇങ്ങനെ നിര്‍മിക്കാനാണ് ഗ്രീന്‍ ടെകിന്റെ പദ്ധതി.

ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതിക്കായി വലിയ തുക കണ്ടെത്താന്‍ പാടുപെടുന്ന രാജ്യങ്ങളിലൊന്നാണ് ഇത്യോപ്യ. സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യം കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറാണ് (ഏകദേശം 49,799 കോടി രൂപ) പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനായി മാത്രം ചെലവിട്ടത്. ഇതിനൊപ്പം വൈദ്യുതി നിര്‍മാണ മേഖലയില്‍ വലിയതോതില്‍ മാറ്റങ്ങളും വരുന്നുണ്ട്. 30,000 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും പ്രതിദിനം 5.5kWh/m2 ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ പ്ലാന്റുമെല്ലാം ഇത്യോപ്യ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പരമ്പരാഗത പെട്രോളിയം വാഹനങ്ങളെ നിരോധിക്കുന്നതുമായ നിര്‍ണായക തീരുമാനവും എടുത്തിരിക്കുന്നത്.

English Summary:

Ethiopia to Prohibit Importation of Non-Electric Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com