മാരുതിയുടെ പദ്ധതികൾ വലുത്! ഉടന്‍ വിപണിയിൽ എത്തുന്ന 8 കാറുകൾ
Mail This Article
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ ഇറക്കിയും ഉൽപാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചും മുന്നേറാനൊരുങ്ങുകയാണ് മാരുതി സുസുക്കി. വിഷന്‍ 3.0 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഉൽപാദന ശേഷി 40 ലക്ഷമായി ഉയര്‍ത്താനും കയറ്റുമതി മൂന്നിരട്ടിയാക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പം, കാര്‍ മോഡലുകളുടെ എണ്ണം 17 ല്‍നിന്ന് 28 ആക്കുകയും ചെയ്യും. നാലു വര്‍ഷത്തിനുള്ളില്‍ മാരുതി സുസുക്കിയുടെ പുറത്തിറക്കുന്ന എട്ടു വാഹനങ്ങളെ പരിചയപ്പെടാം.
മാരുതി സ്വിഫ്റ്റ്, ഡിസയര്‍ (YED)
ഡിസയറിനു മുമ്പ് പുതിയ സ്വിഫ്റ്റ് പുറത്തിറക്കാനാണ് മാരുതിയുടെ ശ്രമം. സാധാരണക്കാരുടെ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് എന്ന സ്വിഫ്റ്റിന്റെ ബ്രാന്‍ഡ് മൂല്യം പരമാവധി ഉപയോഗിക്കാനാണ് മാരുതിയുടെ ശ്രമം. 2005 ല്‍ ആദ്യതലമുറ സ്വിഫ്റ്റ് പുറത്തിറക്കിയപ്പോള്‍ ചാര്‍ത്തിക്കിട്ടിയ ഈ വിശേഷണം പുതിയ മോഡലിനും ലഭിക്കാന്‍ വേണ്ടതെല്ലാം കമ്പനി ചെയ്തിട്ടുണ്ട്. ക്രോം ആന്‍ഡ് ലൈറ്റര്‍ ഇന്റീരിയര്‍ ഷെയ്ഡുകളാണ് സിഫ്റ്റിൽ നല്‍കിയിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ രണ്ടു മോഡലിലും പ്രതീക്ഷിക്കാം. പുതിയ Z സീരീസ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ടു മോഡലിന്റേയും കരുത്ത്.
ഗ്രാന്‍ഡായി വിറ്റാര
മൂന്നു നിര ഇരിപ്പിടങ്ങളുള്ള ഗ്രാന്‍ഡ് വിറ്റാരയും മാരുതി സുസുക്കി അണിയറയില്‍ ഒരുക്കുന്നുണ്ട്. കര്‍കോദ പ്ലാന്റില്‍ ആദ്യം നിര്‍മിക്കുന്ന കാറും ഇതു തന്നെയായിരിക്കും. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിനുകള്‍ പ്രതീക്ഷിക്കാം. ടൊയോട്ടയുമായി സഹകരിച്ചു നിര്‍മിക്കുന്ന മോഡലുകളിലൊന്നായിരിക്കും ഇത്. അല്‍ക്കസാര്‍, സഫാരി, XUV 700 എന്നിവയുമായി ആയിരിക്കും പുതിയ ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുക.
പഞ്ചിനൊരു പഞ്ച്
സബ് ഫോര്‍ മീറ്റര്‍ എസ്‌യുവി വിപണിയില്‍ പത്തു ലക്ഷത്തിലേറെ വാഹനങ്ങളുടെ വില്‍പന നടന്നിട്ടുണ്ട് ഇന്ത്യയില്‍. ഈ വിപണിയിലേക്കുള്ള മാരുതിയുടെ കടന്നുവരവും പ്രതീക്ഷിക്കാം. ബ്രെസയ്ക്കു താഴെയായി, പഞ്ചിനോട് മത്സരിക്കാന്‍ പാകത്തിലുള്ളതായിരിക്കും പുതിയ മോഡല്‍. ജിമ്‌നി, ഫ്രോങ്ക്‌സ്, ബ്രെസ എന്നിവയ്ക്കു ശേഷം മാരുതി സുസുക്കി പുറത്തിറക്കുന്ന നാലാമത്തെ എസ്‌യുവിയായിരിക്കും ഇത്. Y43 എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഈ വാഹനം 2026 ഒക്ടോബറോടെ പുറത്തിറങ്ങും. പഞ്ച്, എക്സ്റ്റര്‍ എന്നിവയെപ്പോലെ മികച്ച എസ്‌യുവി സ്റ്റൈലിങ് പുതിയ മാരുതിയുടെ ഇതില്‍ പ്രതീക്ഷിക്കാം.
സ്പാസിയ എംപിവി
YDB എന്ന കോഡ് നെയിമിലാണ് സ്പാസിയയെ മാരുതി സുസുക്കി ഒരുക്കുന്നത്. 2026ല്‍ ഈ മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തിലെ മാരുതി സുസുക്കിയുടെ പ്രതീക്ഷയാണ് ഈ 7 സീറ്റര്‍. സുസുക്കി സ്പാസിയയ്ക്ക് ജപ്പാനില്‍ സ്ലൈഡിങ് ഡോറുകളാണ്. ഇന്ത്യന്‍ വിപണിയിലെ നികുതി ഇളവുകള്‍ക്കുവേണ്ടി നാലു മീറ്ററിനുള്ളില്‍ വലുപ്പം ഒതുക്കാനും ശ്രമമുണ്ട്. റെനോ ട്രൈബറായിരിക്കും പ്രധാന എതിരാളി. എര്‍ട്ടിഗ എക്‌സ് എല്‍ 6 എന്നിവയ്ക്കു താഴെയുള്ള ഈ വാഹനം പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് വില്‍ക്കുക.
മാരുതി eVX എസ്‌യുവി (YY8)
കാത്തുകാത്തിരുന്ന മാരുതിയുടെ വൈദ്യുത വാഹനമാണ് eVX എന്ന മിഡ് സൈസ് എസ്‌യുവി. 5 സീറ്റര്‍ വാഹനമായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന eVXന് ടൊയോട്ട വകഭേദവുമുണ്ടാവും. ടൊയോട്ടയുടെ വാഹനം eVX പുറത്തിറങ്ങിയ ശേഷമാവും എത്തുക. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന eVXന്റെ പ്രതീക്ഷിക്കുന്ന പരമാവധി റേഞ്ച് 550 കിലോമീറ്ററാണ്. ഇരട്ടസ്‌ക്രീന്‍, പവേഡ് ഫ്രണ്ട് സീറ്റ്, 360 ഡിഗ്രി ക്യാമറ, അഡാസ് സുരക്ഷ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. വില 23 ലക്ഷം മുതല്‍ 25 ലക്ഷം വരെ. ഭാവിയില്‍ സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലേക്കും യൂറോപ്പിലേക്കുമെല്ലാം കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ഗുജറാത്തിലെ ഹന്‍സാല്‍പുരിലെ ഫാക്ടറിയിലായിരിക്കും eVX നിര്‍മിക്കുക.
മാരുതിയുടെ ഇലക്ട്രിക് എംപിവി (YMC)
ഇലക്ട്രിക് മള്‍ട്ടി പര്‍പസ് വാഹനം പുറത്തിറക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. YMC എന്ന കോഡില്‍ അറിയപ്പെടുന്ന ഈ വാഹനം മാരുതിയുടെ ആദ്യ ഇലക്ട്രിക് എംപിവിയായിരിക്കും. 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവി പവര്‍ട്രെയിനും ബാറ്ററി ഓപ്ഷനുകളും അടക്കമുള്ളവ ഈ എംപിവിയും eVXഉം പങ്കുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇലക്ട്രിക് ചെറുകാര്‍ (eWX)
ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ K-EVയിലാണ് മാരുതി സുസുക്കി ഈ ചെറു ഇവി നിര്‍മിക്കുന്നത്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച eWX ന്റെ പ്രൊഡക്‌ഷന്‍ മോഡലിനെ 2026-27 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാം. പരമ്പരാഗത ICE പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്തി വൈദ്യുത കാര്‍ നിര്‍മിക്കുന്നതിനു പകരം പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോം എന്ന ആശയമാണ് eWXല്‍ മാരുതി നടപ്പാക്കുന്നത്.
ടിയാഗോ ഇവിയുമായിട്ടായിരിക്കും ഈ ചെറു ഹാച്ച്ബാക്ക് മത്സരിക്കുക. ജനകീയ വാഹനങ്ങള്‍ പലതും ഇറക്കി സൂപ്പര്‍ഹിറ്റാക്കിയിട്ടുള്ള മാരുതി സുസുക്കിയുടെ ഇവി ചെറുകാറിനേയും വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പരമാവധി വില കുറയ്ക്കുന്നതിന്റെ ഭാഗമായി ബാറ്ററി പാക്കും സെല്ലും അടക്കം പ്രാദേശികമായി നിര്‍മിക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മാരുതി സുസുക്കിയുടെ ജനകീയ വൈദ്യുത കാറിന്റെ പ്രധാന എതിരാളികള്‍ ടാറ്റ മോട്ടോഴ്‌സായിരിക്കും.