ക്ലാസിക് ഡിഫൻഡറിൽ മമ്മൂട്ടിയുടെ മാസ് എൻട്രി
Mail This Article
സമൂഹമാധ്യമങ്ങളിൽ വൈറലായി വിന്റേജ് ഡിഫൻഡറിൽ എത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ. ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പ്രസ്മീറ്റിലേയ്ക്കാണ് മമ്മൂട്ടിയുടെ സ്റ്റൈലൻ എൻട്രി. വേദിയിലേക്ക് മെഗാ സ്റ്റാർ, എസ്‍യുവിയിൽ എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലുണ്ട്. ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന ആ ഡിഫൻഡർ ദുൽഖർ സൽമാന്റെ വിന്റേജ് കളക്ഷനിൽ നിന്നാണ്.
കോവിഡ് സമയത്താണ് ദുൽഖർ ഈ ഡിഫൻഡർ സ്വന്തമാക്കിയത്. 2012ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖർ എന്നാണ് മോട്ടർ വാഹന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ. റെഡ് ക്രോസ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു ഇത്.
2.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒറിജിനൽ ലാൻഡ് റോവർ സീരീസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് രണ്ടു വർഷം മുമ്പാണ് വിപണിയിലെത്തിയത്.