623 കി.മീ വേഗം ഇനി പഴങ്കഥ, റെക്കോർഡ് തിരുത്തി ചൈനയുടെ മാഗ്‌ലെവ് ട്രെയിൻ
Mail This Article
ഗതാഗത രംഗത്ത് നൂതന സാങ്കേതിക വിദ്യയും അതിവേഗവും ഒരുമിപ്പിച്ചു കൊണ്ടുള്ള നിരവധി പരീക്ഷങ്ങളാണ് ചൈന നടത്തിവരുന്നത്. അതിലേറ്റവും പ്രാധാന്യമുള്ള ഒന്നാണ് മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്‌ലെവ് ട്രെയിൻ. മണിക്കൂറിൽ 623 കിലോമീറ്റർ എന്ന തന്റെ തന്നെ വേഗത്തിന്റെ റെക്കോർഡ് ഭേദിച്ചു കൊണ്ടാണ് മാഗ്‌ലെവ് ട്രെയിൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചൈന എയ്റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപറേഷനാണ് ഈ ട്രെയിൻ ആദ്യ റെക്കോർഡ് തിരുത്തിയെന്ന വാർത്ത പങ്കുവെച്ചത്.
രണ്ടു കിലോമീറ്റർ നീളമുള്ള ലോ-വാക്വം ട്യൂബിലൂടെയാണ് പരീക്ഷണയോട്ടം നടത്തിയതെന്നും ആദ്യ റെക്കോർഡ് നേട്ടത്തെ മറികടക്കാൻ കഴിഞ്ഞെന്നുമാണ് സി എ എസ് ഐ സിയുടെ അവകാശവാദം. ലോ-വാക്വം ട്യൂബിലൂടെ ആദ്യമായാണ് ഒരു അൾട്രാ-ഫാസ്റ്റ് ഹൈപ്പർ ലൂപ് ട്രെയിൻ സ്ഥിരതയാർന്ന ഒരു വേഗം കൈവരിക്കുന്നത്. ഇത് വളരെ വലിയ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണെന്നും സി എ എസ് ഐ സിയെ ഉദ്ധരിച്ചു കൊണ്ട് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മേൽപറഞ്ഞ നേട്ടത്തോടെ അധികം താമസിയാതെ തന്നെ വിമാനത്തേക്കാളും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ എന്ന സ്വപ്നസമാന നേട്ടത്തിന് അരികിലെത്തിയിരിക്കുകയാണ് ചൈന എന്നും സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മാഗ്‌ലെവ് സാങ്കേതിക വിദ്യയാണ് ഇത്തരം ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. അതിവേഗത്തിൽ പായുമ്പോഴും ട്രാക്ക് തെറ്റാതെ ട്രെയിനിനെ മുന്നോട്ട് പോകുവാൻ സഹായിക്കുന്നത് കാന്തിക ശക്തിയാണ്. വേഗം കൂടുതൽ കൈവരിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം.
ഉയർന്ന വേഗം എന്ന റെക്കോർഡ് തിരുത്തി കുറിക്കുക മാത്രമായിരുന്നില്ല ഈ പരീക്ഷണയോട്ടത്തിലൂടെ ലക്ഷ്യമിട്ടതെന്നും ഉപയോഗിച്ച നിരവധി സാങ്കേതികവിദ്യകൾ ഫലപ്രദമാകുന്നുണ്ടോ എന്നത് കൂടി തങ്ങളുടെ ലക്ഷ്യത്തിലുണ്ടായിരുന്നുവെന്നും സി എ എസ് ഐ സി പറയുന്നു. എയ്റോ സ്‌പേസ് ആൻഡ് ടെറസ്ട്രിയൽ റെയിൽ ട്രാൻസ്‌പോർട്ടുമായി സഹകരിച്ച് മണിക്കൂറിൽ 1000 കിലോമീറ്റർ എന്ന ലക്‌ഷ്യത്തോടെ ഒരു ഹൈ സ്പീഡ് ഫ്ലയർ പ്രൊജക്റ്റ് തങ്ങളുടെ മുന്നിലുണ്ടെന്നും ഏജൻസി വ്യക്തമാക്കി. ഈ പുതുപരീക്ഷണത്തിൽ വെഹിക്കിൾ ട്യൂബും ട്രാക്കും മികച്ച രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. മാഗ്‌ലെവ് പോലുള്ള ഭാരമേറിയ ട്രെയിൻ യാതൊരു തരത്തിലുള്ള വീഴ്ചയുമില്ലാതെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ പ്രവർത്തനങ്ങളും സുരക്ഷാക്രമീകരണങ്ങളും ഫലപ്രദമായി നടപ്പിലാക്കാനും കഴിഞ്ഞുവെന്നു സി എ എസ് ഐ സി കൂട്ടിച്ചേർത്തു.
ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷനും സി എ എസ് ഐ സി ഡിപ്പാർട്മെന്റും ഇപ്പോൾ രാജ്യത്തിനായി പുതുതലമുറ കൊമേർഷ്യൽ എയ്റോസ്‌പേസ് ഇലക്ട്രോമാഗ്നെറ്റിക് ലോഞ്ച് സിസ്റ്റം നിർമിക്കുന്നതിന്റെ പണിപ്പുരയിലാണ്.