ADVERTISEMENT

കറുപ്പിന് ഏഴഴകു മാത്രമല്ല ഇരട്ടി വില്‍പനയുമുണ്ടെന്ന് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നേരത്തേ തെളിയിച്ചിട്ടുണ്ട്. ടാറ്റയുടെ നെക്‌സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ആകെ വില്‍പനയുടെ 15-40 ശതമാനം വില്‍പന ഡാര്‍ക്ക് എഡിഷന്‍ മോഡലുകളിലാണ് നടക്കുന്നത്. പുതിയ ഹാരിയറും സഫാരിയും പുറത്തിറങ്ങിയപ്പോള്‍ തന്നെ ഡാര്‍ക്ക് എഡിഷനുമായാണ് എത്തിയതെങ്കിലും പുതുതലമുറ നെക്‌സോണ്‍ അങ്ങനെയായിരുന്നില്ല. ഇപ്പോഴിതാ നെക്‌സോണിനും ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെത്തുന്നുവെന്നാണ് അണിയറയിലെ സൂചനകള്‍. അടുത്ത മാസം തന്നെ വില വിവരം അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നേക്കാം. 

നെക്‌സോണിന്റെ ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് എസ്, ഫിയര്‍ലസ്, ഫിയര്‍ലസ് എസ്, ഫിയര്‍ലസ് പ്ലസ് എസ് എന്നിങ്ങനെയുള്ള മിഡ് സ്‌പെക്കിനും മുകളിലുള്ള മോഡലുകളിലായിരിക്കും ഡാര്‍ക്ക് എഡിഷന്‍ ഉണ്ടാവുക. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. ആദ്യത്തേതില്‍ 120 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍/ 6എഎംടി/ 6-ഡിസിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ 6 സ്പീഡ് എംടി/എഎംടി ഗിയര്‍ ബോക്‌സ് 115 എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 

ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ടാറ്റ നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചിരുന്നു. അടിമുടി കറുപ്പിന്റെ ആധിപത്യമാണ് നെക്‌സോണ്‍ ഡാര്‍ക്കില്‍ കാണാനായത്. ബംപര്‍, ഗ്രില്‍, റൂഫ് റിയില്‍സ്, അലോയ് വീലുകള്‍ എന്നിങ്ങനെ തുടങ്ങി ടാറ്റയുടെ ലോഗോ പോലും കറുപ്പു നിറത്തിലായിരുന്നു ഉണ്ടായിരുന്നു. ഉള്ളില്‍ ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും സീറ്റുകളും റൂഫ് ലൈനറുകളുമെല്ലാം കറുപ്പു തന്നെ. 

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ടെയില്‍ ലൈറ്റ്, കീലെസ് ഗോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, 360 ഡിഗ്രി ക്യാമറ, സണ്‍ റൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളും നെക്‌സോണ്‍ ഡാര്‍ക്കില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ടാറ്റയുടെ മാത്രമല്ല വേറെ കാര്‍ നിര്‍മാതാക്കളുടേയും ഡാര്‍ക് എഡിഷനുകള്‍ ഹിറ്റാണ്. ബ്രെസ, കൈഗര്‍, മാഗ്നൈറ്റ് എന്നിവയും ഡാര്‍ക്ക് എഡിഷനില്‍ എത്തിയിരുന്നു. 

സബ് കോംപാക്ട് എസ് യു വികളില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള മോഡലുകളിലൊന്നാണ് നെക്‌സോണ്‍. ഫീച്ചറുകള്‍ക്കൊപ്പം സുരക്ഷയും നെക്‌സോണിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. ആറ് എയര്‍ബാഗുകളുമായെത്തുന്ന നെക്‌സോണ്‍ ഗ്ലോബല്‍ എന്‍സിഎപി പരിശോധനയില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34ല്‍ 32.22ഉം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.52 മാര്‍ക്കുമാണ് നെക്‌സോണ്‍ നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com