10 രൂപ നാണയങ്ങൾ കൊണ്ട് സ്കൂട്ടർ വാങ്ങി, ചിത്രം പങ്കുവച്ച് ഏഥർ സിഇഒ
Mail This Article
സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ ചില്ലറ കൈയിൽ കരുതണമെന്നു ഇനി ആരും പറയരുത്. കാരണം ജയ്‌പൂരിലെ ഏഥറിന്റെ ഷോറൂമിൽ സ്കൂട്ടർ വാങ്ങാനൊരാൾ എത്തിയത് കൈനിറയെ ചില്ലറയുമായാണ്. സംഗതി ശ്രദ്ധയിൽപ്പെട്ട ഏഥർ എനർജി സിഇഒ ചിത്രം പങ്കുവെച്ചതോടെ സ്കൂട്ടർ വാങ്ങാനെത്തിയ ആളും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകളും സോഷ്യൽ ലോകത്തും ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിൽ വാഹനത്തിന്റെ താക്കോൽ കൈമാറുമ്പോൾ മുമ്പിലെ മേശപ്പുറത്തു വിവിധ പൗച്ചുകളിലിരിക്കുന്ന നാണയങ്ങളും കാണുവാൻ കഴിയും.
പത്തു രൂപ നാണയങ്ങൾ കൊണ്ട് ജയ്‌പൂരിലെ നിന്നും ഏഥർ 450 സ്വന്തമാക്കിയ വ്യക്തി എന്നർത്ഥമാക്കുന്ന വരികൾ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച് കൊണ്ടാണ് ഏഥർ എനർജി സിഇഒ തരുൺ മേത്ത വാഹനത്തിന്റെ താക്കോൽ കൈമാറുന്ന ചിത്രം പങ്കുവെച്ചത്. പത്തു രൂപ നാണയങ്ങൾ മാത്രം നൽകിയാണ് വാഹനം സ്വന്തമാക്കിയത് എന്നതു തന്നെയാണ് അത്തരമൊരു ചിത്രത്തിന് പുറകിലെ കൗതുകം നിറഞ്ഞ വസ്തുത. വിവിധ പൗച്ചുകളിലാക്കിയ നാണയത്തുട്ടുകൾ താക്കോൽ കൈമാറുമ്പോൾ മേശപ്പുറത്തു നിരത്തി വെച്ചിരിക്കുന്നതു കാണാവുന്നതാണ്. എന്നാൽ ഏഥറിന്റെ ഏതു മോഡലാണ് സ്വന്തമാക്കിയതെന്നു തരുൺ മേത്ത പങ്കുവെച്ച ചിത്രത്തിൽ വ്യക്തമാക്കിയിട്ടില്ല.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥറിനു നിലവിൽ 450 എന്ന സീരിസിൽ മൂന്നു മോഡലുകളാണ് ഉള്ളത്. 450എസ്, 450 എക്സ്, 450 അപെക്സ്. 1.10 ലക്ഷം മുതൽ 1.89 ലക്ഷം വരെയാണ് ഈ മോഡലുകൾക്ക് വില വരുന്നത്. ഈ മോഡലുകൾ കൂടാതെ റിസ്‌റ്റ എന്നൊരു മോഡൽ കൂടി ഏഥർ ഉടനെ പുറത്തിറക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട നിരവധി ടീസറുകളും കമ്പനി ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു.