ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പത്തു ലക്ഷം വില്‍പനയെന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് ക്രേറ്റ. 2015ല്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ക്രേറ്റ നടത്തുന്നത്. ഇന്ത്യയിലെ എസ് യു വി വിപണിയെ തന്നെ സ്വാധീനിക്കുന്ന മോഡലായി ഹ്യുണ്ടേയ് ക്രേറ്റ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറിയിരുന്നു. 

ഓരോ അഞ്ച് മിനുറ്റ് കൂടുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഒരു ക്രേറ്റ വീതം വില്‍ക്കപ്പെടുന്നുവെന്ന കണക്കു തന്നെ ഈ വാഹനത്തിന്റെ സ്വാധീനം പ്രകടമാക്കുന്നു. ഏതെങ്കിലും ഒരു വര്‍ഷം ഹിറ്റായതല്ല തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സൂപ്പര്‍ഹിറ്റായതാണ് ക്രേറ്റയെ വ്യത്യസ്തമാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷങ്ങളില്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മോഡലെന്ന നേട്ടം ക്രേറ്റ സ്വന്തമാക്കിയിരുന്നു. 

ഹ്യുണ്ടേയ്‌യുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധത കൂടി തെളിയിക്കുന്ന മോഡലാണ് ക്രേറ്റ. ഇന്ത്യയില്‍ പത്തു ലക്ഷം ക്രേറ്റ വിറ്റെങ്കില്‍ വിദേശത്തേക്ക് 2.80 ലക്ഷം ക്രേറ്റകള്‍ കയറ്റി അയക്കാനും സാധിച്ചിരുന്നു. ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഈ നേട്ടം ഇന്ത്യയിലെ വാഹന നിര്‍മാണ വ്യവസായത്തിനു കൂടി നേട്ടമാവുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാറുകള്‍ ഇന്ത്യയില്‍ നിന്നും നിര്‍മിച്ച് കയറ്റി അയക്കുന്നതില്‍ കൂടിയാണ് ക്രേറ്റയിലൂടെ ഹ്യുണ്ടേയ് വിജയിച്ചത്. 

ക്രേറ്റയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള നന്ദി ഹ്യുണ്ടേയ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് സിഒഒ തരുണ്‍ ഗാര്‍ഗ് തന്നെ പ്രകടിപ്പിച്ചിരുന്നു. 'പുതുതലമുറക്കു യോജിച്ച ഡിസൈനും സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ട ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചുള്ള ഹ്യുണ്ടേയ് ക്രേറ്റ രാജ്യാന്തര തലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയ മോഡലാണ് ' എന്നാണ് തരുണ്‍ കൂട്ടിച്ചേര്‍ത്തത്. മനോഹാരിതയും സാങ്കേതികവിദ്യയും ഒത്തു ചേരുന്ന ക്രേറ്റയുടെ പ്രീമിയം ഇന്റീരിയര്‍ മികച്ച ഡ്രൈവിങ് അനുഭവം കൂടിയാണ് നല്‍കുന്നത്. 26.03 സെമി ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 26.03 മള്‍ട്ടി ഡിസ്‌പ്ലേ ഡിജിറ്റല്‍ ക്ലസ്റ്ററും ക്രേറ്റയുടെ ഉള്‍ഭാഗത്തിന് മാറ്റു കൂട്ടുന്നുണ്ട്. 

മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പു നല്‍കുന്നതാണ് ക്രേറ്റയുടെ പവര്‍ട്രെയിനുകള്‍. 1.5 ലീറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലീറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനുകളില്‍ ക്രേറ്റ എത്തുന്നുണ്ട്. ഐഎസ്ജി(ഐഡില്‍ സ്‌റ്റോപ്പ് ആന്‍ഡ് ഗോ) സാങ്കേതികവിദ്യയും ഈ പവര്‍ട്രെയിനുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്. ഇകോ, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിങ് മോഡുകള്‍. അതിനൊപ്പം സ്‌നോ, സാന്‍ഡ്, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍ കൂടിയാവുമ്പോള്‍ ക്രേറ്റക്കൊപ്പമുള്ള ഡ്രൈവിങ് അനുഭവമായി മാറും. 

ഇക്കഴിഞ്ഞ ജനുവരി 16ന് മൂന്നാം തലമുറ ക്രേറ്റയെ ഹ്യുണ്ടേയ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. നേരത്തെ തന്നെ രാജ്യാന്തര വിപണിയില്‍ ക്രേറ്റ മുഖം മിനുക്കിയെത്തിയിരുന്നു. ക്രേറ്റയുടെ ഇലക്ട്രിക് മോഡല്‍ പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ക്രേറ്റ ഇവിക്ക് 20 ലക്ഷം രൂപ മുതലാവും വില. ഐ സി ഇ മോഡലുകളുടെ വില 11 ലക്ഷം മുതല്‍ 20.15 ലക്ഷം വരെയാണ്.

English Summary:

Hyundai Creta Crosses 10 Lakh Unit Sales In India Since Its Launch In 2015

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com