ഉടൻ വിപണിയിൽ എത്തുന്ന 5 ഡീസൽ എസ്യുവികൾ ഇവ
Mail This Article
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഡീസല്‍ കാര്‍ മോഡലുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അപ്പോഴും ചില കാര്‍ നിര്‍മാതാക്കളെങ്കിലും ഡീസല്‍ മോഡലുകളെ വിപണിയില്‍ തുടരാന്‍ അനുവദിക്കുന്നുമുണ്ട്. ഡീസല്‍ കാറുകളോടുള്ള താല്പര്യവും വില്പനയും തന്നെയാണ് ഇതിനു പിന്നില്‍. ഇപ്പോഴും മിഡ്സൈസ് എസ് യു വികളുടെ വിഭാഗത്തില്‍ 45 ശതമാനം വില്പനയും ഹ്യുണ്ടേയ് ക്രേറ്റ ഡീസലിന്റെ പേരിലാണ്. മുഖംമിനുക്കിയെത്തുന്ന സെല്‍റ്റോസ് ബുക്കു ചെയ്തവരില്‍ 42 ശതമാനവും ഡീസല്‍ മോഡലാണ് തെരഞ്ഞെടുത്തതെന്ന് കിയ അറിയിച്ചിരുന്നു. വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന ഡീസല്‍ എസ് യു വികളെ പരിചയപ്പെടാം.
മഹീന്ദ്ര എക്സ് യു വി 300 ഫേസ്ലിഫ്റ്റ്
അടുത്തിടെ മുഖം മിനുക്കിയെത്തിയ എക്സ് യു വി 400 ഇവിക്ക് സമാനമായ രീതിയില്‍ പുറം മോടിയിലെ മാറ്റങ്ങളോടെയായിരിക്കും മഹീന്ദ്ര എക്സ് യു വി 300 എത്തുക. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഉള്ളില്‍ രണ്ട് 10.25 ഇഞ്ച് സ്ക്രീനുകള്‍ പ്രതീക്ഷിക്കാം. 117എച്ച് പി, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് മാനുവല്‍/എഎംടി ഓപ്ഷനുമായി തുടരും. ഇതിനു പുറമേ രണ്ട് 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളും ഈ മോഡലിന് മഹീന്ദ്ര നല്‍കുന്നുണ്ട്. വില 10 ലക്ഷം- 15 ലക്ഷം.
ടാറ്റ കര്‍വ്
നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയായിരിക്കും ടാറ്റയുടെ മിഡ് സൈസ് എസ് യു വി കൂപ്പെയായ കര്‍വിന്റെ വരവ്. ആദ്യം ഇവി വരും. പിന്നാലെ ഡീസലും ഒടുവിലായി പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളും എത്തും. നെക്സോണിന്റെ 115 എച്ച്പി, 260 എന്‍എം ടോര്‍ക്ക്, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് കര്‍വിലും പ്രതീക്ഷിക്കാം. ഈ വര്‍ഷം പകുതിയോടെയെത്തുന്ന കര്‍വിന്റെ വില 14 ലക്ഷം- 20 ലക്ഷം.
മഹീന്ദ്ര ഥാര്‍ 5 ഡോര്‍
മൂന്നു ഡോര്‍ മോഡലിലുള്ള 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് തന്നെയാവും 5 ഡോര്‍ ഥാറിലുമുണ്ടാവുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാവും ഥാറിന്റെ വരവ്. കൂടുതല്‍ വലിപ്പവും സൗകര്യങ്ങളും പ്രതീക്ഷിക്കാം. ഡാഷ്ക്യാം, പിന്നില്‍ എസി വെന്റുകള്‍, വലിയ ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീന്‍ എന്നിവയെല്ലാം 5 ഡോര്‍ ഥാറിലുണ്ടാവും. ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുന്ന ഥാറിന്റെ വില 16 ലക്ഷം- 20 ലക്ഷം.
ഹ്യുണ്ടേയ് അല്‍കാസര്‍ ഫേസ്ലിഫ്റ്റ്
മുഖം മിനുക്കിയെത്തിയ 7 സീറ്റര്‍ ക്രേറ്റയുടേതിനു സമാനമായ മാറ്റങ്ങളോടെയാവും അല്കാസറിനേയും ഹ്യുണ്ടേയ് അവതരിപ്പിക്കുക. കൂടുതല്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. 116 എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് തുടരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ടാവും. ഈ വര്‍ഷം പകുതിയോടെയെത്തുന്ന അല്‍കാസറിന്റെ വില 17 ലക്ഷം- 22 ലക്ഷം.
എംജി ഗ്ലോസ്റ്റര്‍ ഫേസ്ലിഫ്റ്റ്
നാലു വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുണ്ട് എംജി ഗ്ലോസ്റ്റര്‍. ഫേസ്ലിഫ്റ്റിനു സമയമായ ഗ്ലോസ്റ്ററിനെ മാറ്റങ്ങളോടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എംജി. പുതിയ ഗ്രില്ലും ലൈറ്റുകളും ബംപറുകളും ക്ലാഡിങുമെല്ലാം ഒറ്റ നോട്ടത്തിലേ മാറ്റങ്ങള്‍ കൊണ്ടുവരും. 161എച്ച് പി 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് തുടരും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ ഇതേ എന്‍ജിനില്‍ 216 എച്ച്പി കരുത്തുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ പ്രതീക്ഷിക്കാവുന്ന എംജി ഗ്ലോസ്റ്ററിന്റെ വില 40 ലക്ഷം- 44 ലക്ഷം.