‘റേഞ്ച് കുറച്ചു വലുതായി’: 4.46 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി കാർത്തിക് ആര്യൻ
Mail This Article
ലംബോർഗിനി, മെക്‌ലാറൻ, മിനി കൂപ്പർ തുടങ്ങി വാഹന ലോകത്തെ സൂപ്പർസ്റ്റാറുകൾ തിളങ്ങുന്ന കാർത്തിക് ആര്യന്റെ ഗാരിജിലേക്ക് മറ്റൊരു അതിഥി കൂടി. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും വിലകൂടിയ എസ്‍യുവികളിലൊന്നായ റേഞ്ച് റോവർ ലോങ് വീൽബെയ്സ് എസ്‌വി എന്ന മോഡലാണ് ബോളിവുഡ് യുവതാരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം കാർത്തിക് ആര്യൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
റേഞ്ച് റോവർ നിലയിലെ ഏറ്റവും കുരുത്തുറ്റ എസ്‍യുവികളിലൊന്നായ ഈ മോഡലിന്റെ എക്സ്ഷോറൂം വില 4.46 കോടി രൂപയാണ്. ലാൻഡ് റോവറിന്റെ സ്പെഷൽ വെഹിക്കിൾ ഓപ്പറേഷൻ വികസിപ്പിച്ച എസ്‍വി മോഡലിന് പ്രത്യേകതകൾ ഏറെയാണ്. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് ആഡംബര സൗകര്യങ്ങൾ വാഹനത്തിൽ ലാൻഡ് റോവർ കസ്റ്റമൈസ് ചെയ്തുകൊടുക്കും.
നാലു സീറ്റ് ലേ ഔട്ടിലുള്ള എസ്‍വി സിഗ്നേച്ചർ സ്യൂട്ടിൽ ഇന്റഗ്രേറ്റഡ് റഫ്രിജറേറ്ററുമുണ്ട്. പിന്നിലെ യാത്രക്കാർക്കായി 13.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകിയിരിക്കുന്നു. എസ്‌വി പെർഫോമൻസ് സ്പോർട്സ് സീറ്റുകൾ, കാർബൺ ഫൈബർ ഇൻസേർട്ടുകൾ, ബാക് റെസ്റ്റിലെ എസ്‍വി ഇലുമിനേറ്റഡ് ലോഗോ തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ഈ എസ്‍യുവിക്ക്.
റേഞ്ച് റോവർ നിരയിലെ ഏറ്റവും വലിയ 4.4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്. ഓൾവീൽ ഡ്രൈവ് ലേഔട്ടിൽ മാത്രം ലഭിക്കുന്ന വാഹനത്തിന് 615 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. വേഗം 100 കടക്കാൻ വെറും 4.6 സെക്കൻഡ് മാത്രം മതി ഈ എസ്‍യുവിക്ക്.