ബുള്ളറ്റിനോട് മത്സരിക്കാൻ പുതിയ യെസ്ഡി; ഹീറോ മാവ്റിക്കും എതിരാളി
Mail This Article
യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്ക്രാംബ്ലര്‍, യെസ്ഡി അഡ്വെഞ്ചര്‍ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഇന്ത്യയില്‍ യെസ്ഡി വില്‍ക്കുന്നത്. നാലാമതൊരു മോഡല്‍ കൂടി വൈകാതെ യെസ്ഡി വിപണിയിലെത്തിക്കുമെന്നാണ് സൂചന. ആ സൂചനകളെ കൂടുതല്‍ സജീവമാക്കി പുതിയൊരു വിഡിയോ പ്രചരിക്കുന്നു. ക്ലാസിക്-ആധുനിക രൂപത്തിലെത്തുന്ന ഈ യെസ്ഡി മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹീറോ മാവ്റിക്ക് 440 എന്നിവയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഡിസൈന്‍
യെസ്ഡി അഡ്വെഞ്ചറിനോട് സാമ്യത ഉണര്‍ത്തുന്ന മോഡേണ്‍ റെട്രോ ഡിസൈനാണ് വിഡിയോയിലുള്ള മോട്ടോര്‍ സൈക്കിളിന്. യെസ്ഡിയുടെ ഡിസൈനിലെ മുഖമുദ്രയായ ആങ്കുലര്‍ ഫ്യുവല്‍ ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ്ലാംപും മാറ്റമില്ലാതെ തുടരുന്നു. രൂപം ആധുനികമെങ്കിലും പഴമയെ കൈവിട്ടിട്ടില്ല. ഹെഡ് ലാംപും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലളിതമാണ്. ഒതുക്കമുള്ള ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ഈ ബൈക്കിലുള്ളത്.
സിംഗിള്‍ പീസ് ഫ്ളാറ്റ് സീറ്റ്. പിന്‍ചക്രങ്ങളില്‍ നിന്നു ഉയരത്തിലുള്ള ഫെന്‍ഡര്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ബ്രേക്ക് ലാംപുകളോ ഇന്‍ഡിക്കേറ്ററുകളോ നമ്പര്‍ പ്ലേറ്റോ പിന്നിലില്ലെങ്കിലും ഓണ്‍ റോഡ് മോഡലില്‍ ഇതെല്ലാം പ്രതീക്ഷിക്കാം. മുന്നിലെ മഡ്ഗാഡ് ചക്രവുമായി ചേര്‍ന്നു നില്ക്കുന്നു. അലോയ് വീലുകളും റെട്രോ സ്റ്റൈല്‍ പിരേലി ഫാന്റം സ്പോര്‍ട്സ്കോംപ് ടയറുകളുമാണ് ഈ വാഹനത്തിലുള്ളത്. മൊത്തത്തില്‍ വാഹനത്തിന്റെ രൂപകല്പന ക്ലീന്‍ ലുക്ക് നല്‍കുന്നതാണ്.
എന്ജിന്
പുറത്തുവന്ന ചിത്രങ്ങളിലും വിഡിയോകളിലുമുള്ള എന്‍ജിന്റെ വലുപ്പം തന്നെ വാഹനത്തിന്റെ ഓഫ് റോഡ് ശേഷി സൂചിപ്പിക്കുന്നതാണ്. യെസ്ഡി അഡ്വെഞ്ചറിന്റേതിനു സമാനമായ 334 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പുതിയ മോഡലിലുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങളൊന്നും യെസ്ഡി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വില
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹീറോ മാവ്റിക് 440 പോലുള്ള മോഡലുകളുടെ എതിരാളിയായിട്ടാണ് പുതിയ യെസ്ഡി ബൈക്കിന്റെ വരവ്. അതുകൊണ്ടു തന്നെ വിലയിലും സമാനതകളുണ്ടാവാനാണ് സാധ്യത. 1.50 ലക്ഷം മുതല്‍ 1.75 ലക്ഷം രൂപ വരെയാണ് ഹണ്ടര്‍ 350യുടെ വില. എന്നാല്‍ യെസ്ഡി ബൈക്കിന് ഇതിലും വില കൂടാനാണ് സാധ്യത. രണ്ട് ലക്ഷം രൂപയുടെ അടുത്തേക്കും വില പോയാലും അദ്ഭുതമില്ല.
രണ്ടു മോഡലുകള്‍ കൂടി
പുറത്തുവന്ന വിഡിയോയില്‍ യെസ്ഡിയുടെ മറ്റു രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കൂടി കാണിക്കുന്നുണ്ട്. ആദ്യത്തേത് സ്പോര്‍ട്ടിങ് സ്പോക്ഡ് വീലോടു കൂടിയ യെസ്ഡി സ്ക്രാംബ്ലറാണ്. ഡബിള്‍ എക്സ്ഹോസ്റ്റുള്ള മോഡലാണിത്. പുതിയ ബോക്സി രൂപത്തിലുള്ള ഫ്യുവല്‍ ടാങ്കും ഈ മോഡലിലുണ്ട്. രണ്ടാമത്തെ മോഡല്‍ പരമ്പരാഗത യെസ്ഡി ബൈക്കിന്റെ രൂപത്തിലുള്ളതാണ്. ഉയരത്തിലുള്ള ഹാന്‍ഡില്‍ബാറാണ് ഇതിലുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350ക്കുള്ള യെസ്ഡിയുടെ മറുപടിയായ യെസ്ഡി റോഡ്സ്റ്ററാണ് ഈ മോഡലെന്നാണ് സൂചന. നിലവിലെ മോഡലിലുള്ള സിംഗിള്‍ പോഡിനു പകരമായി ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും റോഡ്സ്റ്ററിന്റെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.