ടൊയോട്ടയുടെ ഫ്രോങ്സ്, ജനപ്രിയ കൂട്ടുകെട്ടിലെ അഞ്ചാമൻ അടുത്ത മാസം ആദ്യം
Mail This Article
ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ ഏപ്രിൽ മൂന്നിന് വിപണിയിലെത്തും. മാരുതി സിസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയറിങ് മോഡലായ ടൈസോറിന് ചെറിയ മാറ്റങ്ങളുണ്ടാകും. മുൻ, പിൻ ബംബർ, ഹെഡ്‌ലാംപ് കൺസോൾ, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, ടെയിൽ ലാംപ് എന്നിവയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഗ്ലാൻസയെപ്പോലെ തന്നെ മാരുതി സുസുക്കി ആയിരിക്കും വാഹനം നിർമിച്ചു നൽകുക. ഈ വർഷം ആദ്യം മാരുതി സുസുക്കി പ്രദർശിപ്പിച്ച എസ്‌യുവി ഫ്രോങ്സ്, ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിക്കുന്നത്. മികച്ച പ്രതികരണമാണ് ഫ്രോങ്സിന് വിപണിയിൽ നിന്ന് ലഭിക്കുന്നത്.
1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്. 1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും.
ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്.