400 കി.മീ റേഞ്ച്; സ്‌കോഡയുടെ ചെറു എസ്‌യുവി എപ്പിക്
Mail This Article
എപ്പിക് കോംപാക്ട് എസ്‌യുവിയുടെ ഡിസൈന്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നു കരുതപ്പെടുന്ന സ്‌കോഡ എപിക്കിന് 25,000 യൂറോയാണ് വില(ഏകദേശം 23 ലക്ഷം രൂപ). നമ്മുടെ വിപണിയിലുള്ള കുഷാക്കിന്റേയും ടൈഗൂണിന്റേയും യൂറോപ്യന്‍ പതിപ്പുകളായ സ്‌കോഡ കാമിക്കിനും ഫോക്‌സ്‌വാഗണ്‍ വിഡബ്ല്യു ടി ക്രോസിനും പകരമാണ് എപ്പിക് ഇവിയുടെ വരവ്. ഭാവിയില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലുള്ള എപ്പിക് ഇവി ഇന്ത്യന്‍ വിപണിയിലേക്ക് വരാനുള്ള സാധ്യതയും തള്ളാനാവില്ല.
സ്‌കോഡയുടെ മറ്റെല്ലാ ബാറ്ററി ഇവികളേയും പോലെ ഇയില്‍ തന്നെയാണ് എപ്പിക്കിന്റെ പേരും ആരംഭിക്കുന്നത്. ഫോക്‌സ്‌വാഗണുമായി സഹകരിച്ചായിരിക്കും എപികിന്റെ നിര്‍മാണം. A- സീറോ BEV എന്നാണ് സ്‌കോഡ എപ്പിക്കിനെ വിളിക്കുന്ന പേര്. 2,600 എം എം വീല്‍ബേസും 490 ലീറ്റര്‍ ബൂട്ട്‌സ്‌പേസുമുണ്ടാവും. ഇലക്ട്രിക്ക് എസ്‌യുവി ആയതുകൊണ്ടു തന്നെ ഉള്ളില്‍ കൂടുതല്‍ സ്ഥലവും പ്രതീക്ഷിക്കാം.
രൂപകല്‍പന
സ്‌കോഡയുടെ 'മോഡേണ്‍ സോളിഡ്' ഡിസൈന്‍ സവിശേഷതകളുള്ള വാഹനമായിരിക്കും എപ്പിക്. മെലിഞ്ഞ ഗ്രില്ലും ബോണറ്റിലെ പവര്‍ ബള്‍ജുമുള്ള എപ്പിക്കിന് മുന്നില്‍ സ്‌കോഡയുടെ പതിവു ലോഗോ ഉണ്ടാവില്ല. മറിച്ച് സ്‌കോഡ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയ ബാഡ്ജിങ്ങാവും ലഭിക്കുക. 'T' രൂപത്തിലുള്ള മെലിഞ്ഞ എല്‍ഇഡി ഡിആര്‍എല്ലുകളും എപ്പികിലുണ്ട്. ചതുര രൂപത്തിലുള്ള വീല്‍ ആര്‍ക്കുകളും ഷാര്‍ക്ക് ഫിന്‍ സി പില്ലറും എപികിന്റെ രൂപത്തെ ആകര്‍ഷകമാക്കുന്നു. 'മോഡേണ്‍ സോളിഡ് ഡിസൈന്‍ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് സ്‌കോഡ എപ്പിക് രൂപകല്‍പന ചെയ്തിരിക്കുന്നത്' ചെക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡയുടെ ചീഫ് ഡിസൈനര്‍ ഒലിവര്‍ സ്റ്റെഫാനി പറയുന്നു.
ഇന്റീരിയര്‍
സമാന വലിപ്പത്തിലുള്ള ICE കാറുകളെ അപേക്ഷിച്ച് എപ്പിക് ഇവിയുടെ ഉള്‍ഭാഗത്ത് സ്ഥലം കൂടുതലായിരിക്കും. വൈദ്യുത വാഹനമെന്ന നിലയില്‍ ലഭിക്കുന്ന ഈ ആനുകൂല്യം നല്ല രീതിയില്‍ എപ്പിക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മിനിമലിസ്റ്റ് രീതിയില്‍ ലളിത സുന്ദരമായാണ് കാബിന്റെ ഡിസൈന്‍. ടെസ്‌ല മോഡലുകളില്‍ കണ്ടു വരുന്നതു പോലുള്ള വലിയ സെന്‍ട്രല്‍ ടച്ചസ്‌ക്രീന്‍ എപികിലുണ്ട്. ടു സ്‌പോക്ക് സ്റ്റിയറിങ് വീലില്‍ ബട്ടണുകളും സ്‌ക്രോള്‍ വീലുകളുമുണ്ട്. ബൂട്ട് സ്‌പെയ്‌സിലെ രൂപകല്‍പനയുടെ സൂഷ്മത ബാഗ് ഹൂക്കുകളുടേയും അണ്ടര്‍ഫ്‌ളോര്‍ കംപാര്‍ട്ടുമെന്റുകളുടേയും രൂപത്തില്‍ കാണാനാവും.
ബാറ്ററി, മോട്ടോര്‍
38kWh മുതല്‍ 56kWh വരെയുള്ള ബാറ്ററി കപ്പാസിറ്റി പ്രതീക്ഷിക്കാവുന്ന എപ്പിക്കിന്റെ റേഞ്ച് 400 കിലോമീറ്ററിന് അടുപ്പിച്ചായിരിക്കും. സ്ഥല സൗകര്യവും യാത്രാസുഖവും കണക്കിലെടുത്ത് മുന്‍ഭാഗത്തായിരിക്കും മോട്ടോര്‍ ഉണ്ടാവുക. ഡ്രൈവറുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും നിയന്ത്രിക്കാവുന്ന നിരവധി ഫീച്ചറുകളുള്ള ഡിജിറ്റല്‍ കീയാണ് ഈ സ്‌കോഡ വാഹനത്തിന്റെ മറ്റൊരു സവിശേഷത. ബൈ ഡയറക്ഷണല്‍ ചാര്‍ജിങുള്ള സ്‌കോഡ എപികിനെ ഒരു എനര്‍ജി സ്റ്റോറേജ് യൂണിറ്റായും ഉപയോഗിക്കാം. മറ്റു കാറുകളും ബാറ്ററി ഉപകരണങ്ങളും ചാര്‍ജു ചെയ്യുന്നതിനും എപികിനെ ഉപയോഗിക്കാനാവുമെന്നു ചുരുക്കം.
ഇന്ത്യയില്‍ വരുമോ?
സ്‌പെയിനിലെ പാംപ്‌ലോണയിലായിരിക്കും സ്‌കോഡ എപ്പിക് ഇവി നിര്‍മിക്കുക. ഇന്ത്യയില്‍ എന്ന് എപ്പിക് എത്തുമെന്നതാണ് പ്രധാനചോദ്യമെങ്കില്‍ വരുമെന്നു തന്നെയാണ് സ്‌കോഡ ഇന്ത്യ നല്‍കുന്ന സൂചന. ഇന്ത്യന്‍ വിപണിക്കു യോജിച്ച രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് എപിക് എസ് യു വി ഇവിയെ പുറത്തിറക്കാനാണ് സ്‌കോഡയുടെ പദ്ധതി. കുറഞ്ഞ വിലയിലുള്ള എംഇബി 21 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.