ആഡംബര കാറുകൾ എന്തിന് ജിംനിയുണ്ടല്ലോ? മാരുതി എസ്യുവിയില് ബോളിവുഡ് നടൻ
Mail This Article
ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം തന്നെ എഴുതി ചേർത്തുകൊണ്ടായിരുന്നു മാരുതി ജിംനിയുടെ കടന്നു വരവ്. പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വാഹനപ്രേമികളുടെ മനസുകീഴടക്കിയ ആ സൂപ്പർ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഫർദീൻ ഖാൻ. ആഡംബര കാറുകളിൽ മാത്രം യാത്ര ചെയ്യുന്ന താരങ്ങളിൽ നിന്നു താനേറെ വ്യത്യസ്തനാണെന്നതിന്റെ സാക്ഷ്യം കൂടിയാണിത്.
മുംബൈയിലെ തിരക്കുള്ള റോഡിൽ ജിംനി ഏറെ സഹായകരമായതു കൊണ്ട് തന്നെയായിരിക്കണം താരം തന്റെ ഗാരിജിലേക്കു ഈ ലൈഫ് - സ്റ്റൈൽ ഓഫ് റോഡർ എസ്‌യുവിയെ എത്തിച്ചിരിക്കുന്നത്. ജിംനിയിൽ എയർപോർട്ടിലേക്കു എത്തുന്ന ഫർദീനിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഏതു മോഡലാണ് താരം സ്വന്തമാക്കിയതെന്നു വ്യക്തമല്ല.
മൂന്നു വേരിയന്റുകളിൽ മാനുവൽ ഓട്ടമാറ്റിക് മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആൽഫ മാനുവലിന് 13.69 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക് പതിപ്പിന് 13.84 ലക്ഷം രൂപയും ആൽഫ ഓട്ടമാറ്റിക്കിന് 14.79 ലക്ഷം രൂപയുമാണ് വില.
കെ 15 ബി പെട്രോൾ എൻജിനാണ് ജിമ്നിയിൽ. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. മാനുവൽ മോഡലിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി സുസുക്കി ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡലുകളും ഇതിലുണ്ട്.