ഉടൻ വിപണിയിലെത്തുന്ന ടാറ്റയുടെ 5 ഇലക്ട്രിക് കാറുകൾ
Mail This Article
ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ഇക്കണ്ടതിനേക്കാള് വലുതാണ് ഇനി കാണാനിരിക്കുന്നുവെന്നാണ് ടാറ്റ മോട്ടോഴ്സ് ആവര്‍ത്തിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഇവി മോഡലുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അത് തിരിച്ചറിയാനാവും. വൈകാതെ ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ പുറത്തിറക്കുന്ന അഞ്ച് ഇവികളെ പരിചയപ്പെടാം.
ടാറ്റ കര്‍വ് ഇവി
ഇന്ത്യയിലെ ടാറ്റയുടെ വൈദ്യുത കാര്‍ ശ്രേണിയില്‍ ഏറ്റവും പുതിയ അംഗമാവാന്‍ തയ്യാറെടുക്കുന്നത് കര്‍വ് ഇവിയാണ്. വൈകാതെ പ്രൊഡക്ഷന്‍ തുടങ്ങുമെന്നാണ് ടാറ്റ നല്കുന്ന സൂചനകള്‍. എസ് യു വി കൂപെ സ്റ്റൈലിങിലെത്തുന്ന കര്‍വ് ടാറ്റയുടെ മറ്റു കാറുകളെ മാത്രമല്ല ഇന്ത്യന്‍ വിപണിയിലെ കാറുകളെ അപേക്ഷിച്ചും വ്യത്യസ്ത രൂപത്തിലാണെത്തുന്നത്.
ടാറ്റയുടെ പുതിയ പ്ലാറ്റ്ഫോമിലാണ് കര്‍വ് ഇവി ഒരുങ്ങുന്നത്. റേഞ്ച് 500 കിമി. വൈദ്യുത മോഡല്‍ മാത്രമല്ല ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനും കര്‍വില്‍ പ്രതീക്ഷിക്കാം. നെക്സോണും ഹാരിയറും പഞ്ചുമെല്ലാം സൃഷ്ടിച്ചതു പോലുള്ള തരംഗം പ്രതീക്ഷിച്ചു തന്നെയാണ് കര്‍വിനെ ടാറ്റ അവതരിപ്പിക്കുന്നത്. ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയില്‍ കര്‍വ് ഡീസല്‍ മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു.
ടാറ്റ ഹാരിയര്‍ ഇവി
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോയില്‍ കര്‍വിനു പുറമേ ടാറ്റ അവതരിപ്പിച്ച മോഡലാണ് ഹാരിയര്‍ ഇവി. ഈ മോഡലും പ്രൊഡക്ഷനു തയ്യാറെടുക്കുകയാണെന്നാണ് ടാറ്റ നല്കുന്ന സൂചന. മെറ്റാലിക് ഗ്രീന്‍ നിറത്തിലുള്ള ഹാരിയര്‍ ഇവിയെയാണ് ടാറ്റ ഓട്ടോ എക്സ്പോയില്‍ കൊണ്ടുവന്നിരുന്നത്. ഈ വര്‍ഷം അവസാനം പ്രതീക്ഷിക്കാവുന്ന ഹാരിയര്‍ ഇവിയില്‍ ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ടാവും. റേഞ്ച് 500 കിമി.
ടാറ്റ സഫാരി ഇവി
ഹാരിയറിലേതു പോലെ സഫാരി ഇവിയിലും ഓള് വീല്‍ ഡ്രൈവ് ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. റേഞ്ചിന്റെ കാര്യത്തിലും പിശുക്കില്ല, 500 കിമി. ഹാരിയര്‍ ഇവിക്കും മുഖം മിനുക്കിയെത്തുന്ന ടാറ്റ സഫാരി മോഡലിനും ശേഷമായിരിക്കും ടാറ്റ സഫാരി ഇവി ഇന്ത്യന്‍ വിപണിയിലെത്തുക.
ടാറ്റ സിയേറ ഇവി
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്സ് പ്രദര്‍ശിപ്പിച്ച മറ്റൊരു മോഡലാണ് ടാറ്റ സിയേറ ഇവി. 2020ല്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് വാഹനത്തെ അപേക്ഷിച്ച് അകത്തും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് ടാറ്റ സിയേറ ഇവി എത്തുക. 60kWh ബാറ്ററി പാക്ക് വാഗ്ദാനം ചെയ്യുന്ന റേഞ്ച് 500-550 കിമി. 2025ല്‍ പുറത്തിറങ്ങുന്ന ടാറ്റയുടെ പുതിയ Acti.ev പ്ലാറ്റ്ഫോമിലായിരിക്കും സിയേറ ഇവി എത്തുകയെന്നും കരുതപ്പെടുന്നു.
ടാറ്റ ആള്‍ട്രോസ് ഇവി
2025ല്‍ പുതിയ ടാറ്റ ആള്‍ട്രോസ് ഇവി എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ജനുവരിയില്‍ പുറത്തുവന്നിരുന്നു. Acti.EV പ്ലാറ്റ്ഫോമില്‍ തന്നെയാവും ആള്‍ട്രോസ് ഇവിയും എത്തുക. പഞ്ച് ഇവിയുമായി ഫീച്ചറുകളില്‍ സമാനതകളുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. 25kWh, 35kWh ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഈ ബാറ്ററികള്‍ക്ക് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് യഥാക്രമം 315 കിമിയും 421 കിമിയുമാണ്. റേഞ്ചിലും ആള്‍ട്രോസ് ഇവിക്ക് സാമ്യത പഞ്ച് ഇവിയോടായിരിക്കും.