ADVERTISEMENT

സ്മാർട് ഫോണുകളിൽ നിറഞ്ഞു നിന്നിരുന്ന ഷവോമി എന്ന പേര് ഇനി ഉയർന്നു കേൾക്കാൻ പോകുന്നത് വാഹന വിപണിയിലാകും. ഇലക്ട്രിക് വാഹനരംഗത്ത്  വിപ്ലവത്തിന് തന്നെ തിരി കൊളുത്തികൊണ്ടാണ് ഷവോമിയുടെ വരവ്. എസ് യു 7 എന്ന ഇലക്ട്രിക് കാർ ചൈനയിൽ പുറത്തിറങ്ങി കഴിഞ്ഞു. ഇ വി സെഡാന് 2,15,900 യുവാൻ ആണ് ചൈനയിലെ വില (ഏകദേശം25.34 ലക്ഷം രൂപ). ഒമ്പതു നിറങ്ങളിൽ മൂന്നു വേരിയന്റുകളിൽ വാഹനം വിപണിയിലിറങ്ങും. 

 യുവത്വം നിറഞ്ഞ സ്‌പോർട്ടി രൂപമാണ് വാഹനത്തിന്. ലോ സ്ലങ് ഡിസൈനും കൂപ്പെ ശൈലിയുള്ള റൂഫുമാണ് ആകർഷകമായ രൂപത്തിന് മാറ്റുകൂട്ടുന്നത്. റിയർ ഹെഡ് റൂമിനെ ബാധിക്കാത്ത തരത്തിലാണ് സ്ലോപിങ് റൂഫ് നൽകിയിരിക്കുന്നതെന്ന് ഷവോമിയുടെ ഉറപ്പുള്ളതു കൊണ്ടുതന്നെ ആ കാര്യത്തിലും ആശങ്കയ്ക്കിടയില്ല. നീളത്തിലും വീതിയിലും ഉയരത്തിലുമൊന്നും ഒട്ടും പുറകിലല്ല ഈ സെഡാൻ. 4997 എംഎം നീളം, 1963 എംഎം വീതി, 1440 എംഎം ഉയരം, 3000 എംഎം വീൽ ബേസ് എന്നീ അളവു കോലുകളിലാണ് നിർമിതി. 

Xiaomi SU 7, Image Source: MIIT China
Xiaomi SU 7, Image Source: MIIT China

517 ലീറ്റർ ബൂട്ട് സ്പേസിനൊപ്പം 105 ലീറ്റർ ഫ്രണ്ട് ബൂട്ടും ഈ സെഡാനുണ്ട്. രാത്രി യാത്രയിലെ കാഴ്ചകൾ കൂടുതൽ വിസിബിൾ ആകാൻ സഹായിക്കുന്ന 400 മീറ്റർ വരെ പ്രകാശം പൊഴിക്കുന്ന അഡാപ്റ്റീവ് എൽ ഇ ഡി ഹെഡ് ലൈറ്റുകൾ, 56 ഇഞ്ച് ഹെഡ്സ് അപ് ഡിസ്പ്ലേ എന്നിവയെല്ലാം എടുത്തു പറയേണ്ട സവിശേഷതകളാണ്. 16 ഇഞ്ച് വലുപ്പമുള്ള ഇന്ഫോടെയ്ന്മെന്റ് യൂണിറ്റ്, ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 2 ഷവോമി പാഡ് 6S പ്രോ, ടാബ്‌ലറ്റുകൾ തുടങ്ങി ഒരു പിടി ഫീച്ചറുകൾ. കൂടാതെ, സ്റ്റാൻഡേർഡ് 50 W വയർലെസ്സ് ചാർജിങ്  പാഡ്, വയർലെസ് ചാർജിങ്ങിനുള്ള ഒരു ഫോൺ ഹോൾഡർ, ഫോണുകൾ സൂക്ഷിക്കുന്നതിനായി ഡോർ പാഡിൽ പ്രത്യേക പോക്കറ്റുകൾ, ലാപ്ടോപ് സൂക്ഷിക്കുന്നതിനായി ഗ്ലൗ ബോക്സ്, ഗ്ലാസ് റൂഫ്, 25 സ്പീക്കർ ഓഡിയോ സിസ്റ്റം, പനോരാമിക് സൺ റൂഫ് അങ്ങനെ നീളുകയാണ് ഷവോമിയുടെ എസ് യു 7 സെഡാനിലെ അകത്തള കാഴ്ചകൾ. 

xiaomi-su7-2

ഒറ്റ ചാർജിൽ 700 കിലോമീറ്റർ റേഞ്ച് നൽകും ബേസ് മോഡലിലെ 73 .6 kwh ബാറ്ററി. 5.28 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. കൂടിയ വേഗം മണിക്കൂറിൽ 210 കിലോമീറ്റർ. 295 ബിഎച്ച്പി മോട്ടോറാണ് വാഹനത്തിനു നൽകിയിരിക്കുന്നത്. എസ്‌യു 7 പ്രോ വേരിയന്റിന് വലുപ്പം കൂടിയ 94.3 kwh ബാറ്ററിയാണ് കരുത്തേകുന്നത്. 830 കിലോമീറ്ററാണ് പ്രോ വേരിയന്റിന്റെ റേഞ്ച്. എസ് യു 7 മാക്സ് എന്ന വേരിയന്റിന് 101 kwh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. പവർ 663 ബി എച്ച് പിയാണ്. 2.78 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മോഡലിന് കഴിയും. കൂടിയ വേഗം 265 കിലോമീറ്ററാണ്. 

xiaomi-su7-1

400 വി ആർക്കിടെക്ചർ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ 15 മിനിറ്റ് ചാർജിങ്ങിൽ 350 കിലോമീറ്റർ റേഞ്ച് നല്കാൻ കഴിയുമെന്നതാണ് ആദ്യ രണ്ടു വേരിയന്റുകളായ ബേസിക് മോഡലിലും പ്രോ വേരിയന്റിലും എസ്  യു 7ന്റെ നെ സംബന്ധിച്ച് ഷവോമി നൽകുന്ന ഉറപ്പ്. എന്നാൽ എസ് യു 7 മാക്സ് വേരിയന്റിന് 800 വി ആർക്കിടെക്ചർ ആയതിനാൽ 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ റേഞ്ച് ഓടാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

English Summary:

Xiaomi launches its first electric car SU7: Price, features and all you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com