ADVERTISEMENT

ഡൽഹിയിൽ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറിയ ആഡംബര എസ്‍യുവി ഇടിച്ച് ആറു പേർക്ക് പരുക്ക്. രാജ്പുർ റോഡിലെ പ്രശസ്തമായ കച്ചോരി കടയിൽ ഞായർ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. സിസിടിവി ദൃശ്യങ്ങളിൽ, എസ്‌യുവി കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി വരുന്നതും ചുമരിൽ ഇടിച്ചു നിൽക്കുന്നതും കാണാം. കടയ്ക്കുള്ളിലുണ്ടായിരുന്നവർ വാഹനം വരുന്നതു കണ്ടെങ്കിലും ഓടിമാറാൻ സമയം കിട്ടും മുൻ‌പ് വാഹനം പാഞ്ഞെത്തുകയായിരുന്നു. കടയിലെ ഒരു മേശയും ആളുകളെയും ഇടിച്ചുതെറിപ്പിച്ച ശേഷം ചുവരിലിടിച്ചാണ് വണ്ടി നിന്നത്.

ഇടിയുടെ നടുക്കത്തിനു ശേഷം ആളുകൾ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും തിരയുന്നതും എസ്‌യുവി പതുക്കെ പിന്നോട്ട് എടുക്കുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ഒരു മധ്യവയസ്‌കൻ തനിക്കൊപ്പം എത്തിയ സ്ത്രീയെ വാഹനത്തിനടിയിൽ തിരയുന്നതും ഒടുവിൽ അവർക്കു കുഴപ്പമൊന്നുമില്ലെന്നു കണ്ടെത്തി ആശ്വസിക്കുന്നതും വിഡിയോയിൽ കാണാം. അപകടത്തിൽ കാലിനു സാരമായി പരുക്കേറ്റ ഒരാൾ കടയിൽനിന്നു പുറത്തേക്കു വരാൻ സഹായം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.

പരാഗ് മൈനി എന്ന മുപ്പത്തിയാറുകാരനായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നത്. നോയിഡ നിവാസിയായ ഇയാളെ അമിത വേഗത്തിൽ വാഹനമോടിച്ചതിന് പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ, ഇയാൾ മദ്യപിച്ചിട്ടില്ലെന്നും വിശദമായ പരിശോധനയ്ക്കായി രക്ത സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാഗ് മൈനിയുടെ ഭാര്യയും വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Lawyer Drives Mercedes SUV Into Delhi Kachori Joint, 6 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com