പെട്രോൾ, ഡീസൽ കാറുകളില്ലാത്ത ഇന്ത്യ; 16 ലക്ഷം കോടി ലാഭിക്കാമെന്ന് ഗഡ്കരി
Mail This Article
പെട്രോൾ, ഡീസൽ കാറുകളിൽനിന്ന് രാജ്യം പൂർണ മോചനം നേടണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ 36 കോടി പെട്രോൾ, ഡീസൽ കാറുകള്‍ നിരത്തിൽനിന്ന് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് ബുദ്ധിമുട്ടാണെങ്കിലും അസാധ്യമല്ലെന്ന് ഗഡ്കരി പിടിഐയോടു പറഞ്ഞു.
നിലവിൽ ഇന്ധന ഇറക്കുമതിക്കായി 16 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇല്ലാതായാൽ ഈ പണം കർഷകരുടേയും ഗ്രാമങ്ങളുടെയും അഭിവൃദ്ധിക്കും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാം. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്‍ടി 5 ശതമാനമായും ഫ്ലക്സി ഫ്യൂവൽ വാഹനങ്ങളുടെ നികുതി 12 ശതമാനമായും കുറയ്ക്കാനുള്ള നിർദേശം ധനമന്ത്രാലയത്തിനു നൽകിയിട്ടുണ്ട്. രാജ്യത്തെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് മുക്തമാക്കുന്നത് പെട്ടെന്നു നടക്കുന്ന കാര്യമല്ലെങ്കിലും അതിനായി പ്രവർത്തിക്കുമെന്നും ഗഡ്കരി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും മുന്‍പും നിതിന്‍ ഗഡ്കരി പല നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം വൈദ്യുതി വാഹനങ്ങളുടെ വില പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതിനു തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി മുന്‍പ് രാജ്യസഭയെ അറിയിച്ചിരുന്നു.