ടൊയോട്ട ടൈസറും മാരുതി ഫ്രോങ്സും; വ്യത്യാസമുണ്ട്, അറിയാം മാറ്റങ്ങള്‍
Mail This Article
അര്‍ബന്‍ ക്രൂസര്‍ ടൈസോറുമായാണ് ടൊയോട്ട കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്‌സിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍. സ്‌റ്റൈലിങ്ങിലും മറ്റും ചെറിയ വ്യത്യാസങ്ങളുള്ള ഈ രണ്ടു മോഡലുകളുടെ അടിസ്ഥാന പവര്‍ട്രെയിനുകള്‍ സമാനമാണ്. എന്തൊക്കെയാണ് ടൈസോറിന്റേയും ഫ്രോങ്‌സിന്റേയും സവിശേഷതകളെന്ന് അറിയാം.
വില
അര്‍ബന്‍ ക്രൂസര്‍ ടൈസര്‍ 12 മോഡലുകളിലാണ് ടൊയോട്ട പുറത്തിറക്കുന്നത്. 14 മോഡലുകളുണ്ട് മാരുതി സുസുക്കിയുടെ ഫ്രോങ്‌സിന്. വിലയുടെ കാര്യത്തിലും ഇരു എസ്‌യുവികളും തമ്മില്‍ വ്യത്യാസമുണ്ട്. ബലേനോ-ഗ്ലാന്‍സ, ഇന്നോവ ഹൈക്രോസ്-ഇന്‍വിക്ടോ എന്നീ ടൊയോട്ട-മാരുതി സുസുക്കി മോഡലുകളില്‍ കണ്ടിരുന്നതു പോലെ വിലയുടെ കാര്യത്തില്‍ ടൊയോട്ട മോഡലുകൾ മാരുതി സുസുക്കിയെക്കാൾ പൊതുവില്‍ കൂടുതലാണ്. 1.2 പെട്രോള്‍ എന്‍ജിനില്‍ ടൊയോട്ട ടൈസര്‍ മോഡലുകള്‍ക്ക് സമാനമായ മാരുതി ഫ്രോങ്‌സ് മോഡലുകളേക്കാള്‍ ശരാശരി 22,000-25,000 രൂപ വരെ കൂടുതലുണ്ട്. അതേസമയം ടര്‍ബോ പെട്രോള്‍ വകഭേദങ്ങളില്‍ ഇരു കമ്പനികളുടേയും മോഡലുകള്‍ ഒരേ വിലയിലാണ് എത്തുന്നത്.
ഡിസൈന്‍
മാരുതി സുസുക്കി ഫ്രോങ്‌സുമായി ഡിസൈനില്‍ വ്യത്യാസത്തേക്കാള്‍ കൂടുതലും സാമ്യമാണ് അര്‍ബന്‍ ക്രൂസര്‍ ടൈസറിനുള്ളത്. ടൈസറിന്റെ പ്രധാന വ്യത്യാസം മുന്നിലെ ഗ്രില്ലിലാണ്. തേനീച്ചക്കൂടിന്റെ ആകൃതിയിലാണ് ഈ ഗ്രില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നിലെ ബംപറിലും ടൈസറിനും ഫ്രോങ്‌സിനും തമ്മില്‍ വ്യത്യാസമുണ്ട്. ടൈസറിന്റെ മുന്നിലെ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ലൈനിയര്‍ ഡിസൈനാണ് പിന്തുടരുന്നതെങ്കില്‍ ഫ്രോങ്‌സില്‍ ഇത് മൂന്ന് ക്യൂബുകളാണ്. പിന്നിലെ ടെയില്‍ ലൈറ്റുകളിലും വ്യത്യാസമുണ്ട്. ടൈസോറിന് പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ടൊയോട്ട നല്‍കിയിട്ടുണ്ട്.
കവേ വൈറ്റ്, എന്റിസൈയിങ് സില്‍വര്‍, സ്‌പോര്‍ട്ടിങ് റെഡ്, ലൂസെന്റ് ഓറഞ്ച്, ഗേമിങ് ഗ്രേ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ടൈസോര്‍ എത്തുന്നത്. നെക്‌സ ബ്ലൂ, ആര്‍ടിക് വൈറ്റ്, സ്‌പ്ലെണ്ടിഡ് സില്‍വര്‍, ഗ്രാന്‍ഡോര്‍ ഗ്രേ, എര്‍ത്തന്‍ ബ്രൗണ്‍, ഒപുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫ്രോങ്‌സ് എത്തുന്നു. രണ്ട് എസ് യു വികളും ടര്‍ബോ വെര്‍ഷനുകളില്‍ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്.
ഫീച്ചറുകള്‍
ഉള്ളിലെ ഫീച്ചറുകളുടെ കാര്യത്തില്‍ ഫ്രോങ്‌സിലും ടൈസറിലും വലിയ മാറ്റങ്ങളില്ല. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ് ഇരു വാഹനങ്ങളിലുമുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ പട്ടിക. ആറ് എയര്‍ ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം(ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റിനുള്ള സംവിധാനം എന്നിങ്ങനെ പോവുന്നു സുരക്ഷാ സൗകര്യങ്ങള്‍.
പവര്‍ട്രെയിന്‍
90 എച്ച്പി, ഫോര്‍ സിലിണ്ടര്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടോയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസറിലും മാരുതി സുസുക്കി ഫ്രോങ്‌സിലുമുള്ളത്. 100 എച്ച്പി, ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.0 ലീറ്റര്‍ എന്‍ജിന്‍ ഓപ്ഷനുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷന്‍ ഓപ്ഷനുകളുണ്ട്. 1.0 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളാണുള്ളത്. 1.2 ലീറ്റര്‍, എന്‍എ പെട്രോള്‍ എന്‍ജിനില്‍ സിഎന്‍ജി മോഡലും എത്തുന്നുണ്ട്.