ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ്; മാറ്റം ഇങ്ങനെ, കൂടുതൽ അറിയാം
Mail This Article
ടോള്‍ പ്ലാസകളിലെ തിക്കും തിരക്കും കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഫാസ്ടാഗ് രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഏപ്രില്‍ ഒന്നുമുതല്‍ വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ് എന്ന ആശയവും ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നു. ഒന്നിലേറെ വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലേറെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
എന്താണ് ഫാസ്ടാഗ്?
ടോള്‍ പ്ലാസകളിലൂടെ അനായാസം കടന്നു പോവാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ പണം നേരിട്ട് കൗണ്ടറുകളില്‍ കൊടുക്കേണ്ടതില്ല. ഇതിനു പകരം വാഹനങ്ങളില്‍ പതിപ്പിച്ച ഫാസ്ടാഗ് സ്റ്റിക്കറുകളിലൂടെ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ പണം വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്നും നേരിട്ട് ഈടാക്കുകയാണ് ചെയ്യുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ RFID എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
എങ്ങനെ ഫാസ്ടാഗ് ഉപയോഗിക്കാം?
ലളിതമാണ് ഫാസ്ടാഗിന്റെ ഉപയോഗം. നിങ്ങളുടെ വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലാണ് ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിക്കുക. ഇത് പ്രത്യേകം പ്രീപെയ്ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. ടോള്‍പ്ലാസയുടെ കൗണ്ടറിലേക്ക് നിങ്ങളുടെ വാഹനം എത്തുമ്പോള്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ സ്കാന്‍ ചെയ്യുകയും പണം ഈടാക്കുകയും ചെയ്യും. ഫാസ്ടാഗ് അക്കൗണ്ടിലെ പണം ബാക്കിയുള്ള പണത്തെക്കുറിച്ചുള്ള സന്ദേശം ഫാസ്റ്റാഗുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണില്‍ ലഭിക്കും. ആവശ്യമുള്ള പണം ഡിജിറ്റല്‍ പേമെന്റ് വെബ് സൈറ്റുകള്‍ വഴിയും മറ്റും എളുപ്പം റീച്ചാര്‍ജ് ചെയ്യാനുമാവും.
എന്തിന് വണ്‍ വെഹിക്കിള്‍, വണ്‍ ഫാസ്ടാഗ്?
ഒരേ വാഹനത്തിനു തന്നെ ഒന്നിലേറെ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നും കെവൈസി വിവരങ്ങള്‍ നല്‍കാതെ ഫാസ്ടാഗ് അനുവദിക്കുന്നുവെന്നുമുള്ള പരാതികള്‍ ദേശീയ പാതാ അതോറിറ്റിക്കു ലഭിച്ചിരുന്നു. കെവൈസി വിവരങ്ങള്‍ നല്‍കാതെ ഫാസ്ടാഗ് അനുവദിക്കുന്നത് ആര്‍ബിഐ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു കണ്ടാണ് ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് പദ്ധതി ദേശീയപാതാ അതോറിറ്റി നടപ്പിലാക്കിയിരിക്കുന്നത്. ചിലപ്പോഴെങ്കിലും ബോധപൂര്‍വം തെറ്റായ രീതിയില്‍ ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ മൂലം ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാവാറുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് പദ്ധതിയുടെ വരവ്.
ഇപ്പോഴത്തെ മാറ്റം
ഏപ്രില്‍ ഒന്നു മുതലാണ് ഫാസ്ടാഗിന്റെ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇപ്പോള്‍ ഓരോ വാഹനത്തിനും പ്രത്യേകം ഫാസ്ടാഗ് നിര്‍ബന്ധമാണ്. നിങ്ങളുടെ പേരും വിലാസവും അടക്കമുള്ള KYC വിവരങ്ങള്‍ ഫാസ്ടാഗ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ 2024 ജനുവരി 31 മുതല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടാവും. അതുകൊണ്ട് സ്ഥിരമായി വാഹനം ടോള്‍ പാതയിലൂടെ ഉപയോഗിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ ഫാസ്ടാഗില് KYC വിവരങ്ങളുണ്ടോ?
നിങ്ങളുടെ ഫാസ്ടാഗില് ആവശ്യത്തിന് KYC(Know Your Customer) വിവരങ്ങളില്ലെങ്കില്‍ അക്കാര്യം ഇമെയില്‍ വഴിയോ എസ് എം എസ് വഴിയോ അറിയിച്ചിട്ടുണ്ടാവും. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് fastag.ihmcl.com എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. അതിനു ശേഷം കെവൈസി വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യേണ്ടി വരും. വിവരങ്ങള്‍ നല്കി കെവൈസി വിവരങ്ങള്‍ അപ്ഡേറ്റു ചെയ്തു വരാനായി ഏഴു പ്രവൃത്തി ദിനങ്ങള്‍ വരെ വേണ്ടി വരാറുണ്ട്. നിങ്ങള്‍ നല്കിയ രേഖകളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലോ മറ്റേതെങ്കിലും കാരണം മൂലമോ കെ വൈ സി വിവരങ്ങള്‍ അപ്ഡേറ്റു ചെയ്തില്ലെങ്കില്‍ ഇക്കാര്യം എസ്എംഎസ് വഴിയും ഇ മെയില്‍ വഴിയും അറിയാനാവും.