രണ്ടാം വരവിൽ ഫോഡ് എൻഡവറില്ല, പകരം എവറസ്റ്റ്
Mail This Article
രണ്ടാം വരവിൽ എൻഡവറിനെ എവറസ്റ്റായി അവതരിപ്പിക്കാൻ ഫോഡ് ഇന്ത്യ. രാജ്യാന്തര വിപണിയിലുള്ള എവറസ്റ്റിനെയാണ് അതേ പേരിൽ ഇന്ത്യയിൽ എത്തിക്കുക. നേരത്തെ ട്രേഡ് മാർക്ക് ലഭിക്കാത്തതുകൊണ്ട് എവറസ്റ്റിനെ എൻഡവറായാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മറ്റൊരു കമ്പനിയുടെ ട്രേഡ് മാര്‍ക്കായിരുന്ന എവറസ്റ്റ് എന്ന പേരിന്റെ നിയമപരമായ നൂലാമാലകള്‍ മാറ്റിക്കൊണ്ടാണ് ഫോര്‍ഡിന്റെ ഇപ്പോഴത്തെ വരവ്.
ഫോഡ് എവറസ്റ്റ്
എവറസ്റ്റിന്റെ വരവോടെ രാജ്യാന്തര തലത്തില്‍ ഒരേ പേരില്‍ ഉത്പന്നം പുറത്തിറക്കാന്‍ ഫോഡിന് സാധിക്കും. എവറസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫോഡിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായിട്ടാവും എവറസ്റ്റും എത്തുക. 2026ന് മുൻപ് എവറസ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്തും പിന്നീട് ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചുമായിരിക്കും എവറസ്റ്റിനെ ഫോഡ് പുറത്തിറക്കുക.
ഇന്റീരിയര്‍, ഡിസൈന്‍, പവര്‍ട്രെയിന്‍
ചെന്നൈയില്‍ നിന്നുള്ള സ്‌പൈ ഷോട്ടുകളും ഫോഡ് ഇന്ത്യ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷകളും മൂന്നു നിരയുള്ള ലാഡര്‍ ഫ്രെയിം എസ്‌യുവിയായിരിക്കും എവറസ്റ്റ് എന്ന സൂചനയാണ് നല്‍കുന്നത്. ബോക്‌സി ഡിസൈനാണ് മുന്‍ഭാഗത്തിന്. വലിയ ഗ്രില്ലും നടുവിലെ ഹൊറിസോണ്ടല്‍ ബാറും പുതിയ മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റും ‘സി’ രൂപത്തിലുള്ള ഡിആര്‍എല്ലുകളും എവറസ്റ്റിലുണ്ടാവും. എന്‍ഡവറിനെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനും പിന്നില്‍ ‘എൽ’ രൂപത്തിലുള്ള ടെയില്‍ ലൈറ്റുകളു എവറസ്റ്റില്‍ പ്രതീക്ഷിക്കാം.
ഉള്ളിലേക്കു വന്നാല്‍ രാജ്യാന്തര വിപണിയിലെ മോഡലിലേതു പോലെ 12 ഇഞ്ച് ടച്ച്‌സ്‌ക്രീനായിരിക്കും നല്‍കുക. താഴ്ന്ന മോഡലുകളില്‍ 10.1 ഇഞ്ച് ടച്ച് സ്‌ക്രീനായിരിക്കും ഉണ്ടാകുക. ഫോഡിന്റെ ഏറ്റവും പുതിയ SYNC ഇന്‍ഫോടെയിന്‍മെന്റ് സോഫ്റ്റ്‌വെയറും എവറസ്റ്റിന് ലഭിക്കും. കുറഞ്ഞ മോഡലുകളില്‍ 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കില്‍ ഉയര്‍ന്ന മോഡലുകളിൽ 12.4 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും ഉണ്ടാവുക. അഡാസ് സുരക്ഷയും ഒമ്പത് എയര്‍ ബാഗും എവറസ്റ്റിലുണ്ടാവും.
ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ അല്ലെങ്കില്‍ ട്വിന്‍ ടര്‍ബോ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനോ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനോ ആണ് എവറസ്റ്റിന് വിദേശവിപണികളിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കുക. ടുവീല്‍ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡൈവിങ് ഓപ്ഷനുകള്‍. ടൊയോട്ട ഫോര്‍ച്യുണര്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക് എന്നിങ്ങനെയുള്ള വലിയ ഏഴു സീറ്റ് വാഹനങ്ങള്‍ക്കുള്ള വെല്ലുവിളിയായിട്ടാണ് ഫോര്‍ഡ് എവറസ്റ്റിന്റെ വരവ്.