പഴയ കാറിന് ‘പൊന്നും വില’! ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ
Mail This Article
കാറുകള്‍ പലര്‍ക്കും യാത്ര ചെയ്യാനുള്ള മാര്‍ഗം മാത്രമല്ല. മറിച്ച്, ജീവിതത്തിലെ സ്വപ്നവും നിക്ഷേപവുമാണ്. പഴയ കാര്‍ വിറ്റ് പുതിയ കാര്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ മികച്ച വില പഴയ കാറിന് ലഭിക്കുകയെന്നതും പ്രധാനമാണ്. നിങ്ങളുടെ കാറിന്റെ റീസെയില്‍ വാല്യു ഉറപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അര്‍ഹിക്കുന്ന വില തന്നെ പഴയ കാറിനും ലഭിക്കും.
സര്‍വീസ്
കാര്‍ വില്ക്കാന് പോവുമ്പോള്‍ മികച്ച വിലക്ക് ഏറ്റവും കൂടുതല്‍ സഹായിക്കുക സര്‍വീസ് റെക്കോഡ് തന്നെയായിരിക്കും. മികച്ച രീതിയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ ഒറ്റനോട്ടത്തില്‍ ആളുകള്‍ക്ക് തിരിച്ചറിയാനും സാധിക്കും. കൃത്യമായ ഇടവേളയില്‍ നടത്തുന്ന ചെക്ക്അപ്പുകളും ഓയില്‍ ചെയ്ഞ്ചുകളും ടയറുകളുടെ പരിചരണവുമെല്ലാം കാറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കും.
സര്‍വീസ് മുറക്ക് നടത്തുന്നതിനൊപ്പം അതിന്റെ ഹിസ്റ്ററിയും രേഖകളും സൂക്ഷിക്കുന്നതും കാര്‍ വില്ക്കുമ്പോള് ഗുണം ചെയ്യും. നിങ്ങളുടെ കാറിനെ നല്ല രീതിയില്‍ പരിപാലിച്ചിരുന്നുവെന്നതിന്റെ ഈ രേഖകള്‍ മികച്ച റീസെയില്‍ വാല്യു ഉറപ്പാക്കും. സര്‍വീസ് രേഖകള്‍ക്കൊപ്പം പരമാവധി ബില്ലുകളും സൂക്ഷിക്കാന്‍ ശ്രമിക്കണം.
എക്സ്റ്റീരിയര്‍
ആകെ മൊത്തമുള്ള വൃത്തി കാറിന് വളരെ പ്രധാനമാണ്. ആദ്യ നോട്ടത്തില്‍ തന്നെ നല്ല പ്രതികരണം ലഭിക്കാന്‍ ഇത് സഹായിക്കും. അകത്തും പുറത്തും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ കൃത്യമായ ഇടവേളകളില്‍ കഴുകുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമുള്ളപ്പോള്‍ വാക്സിങ്ങിനും ഇന്റീരിയര്‍ ക്ലീനിങിനും മടിക്കരുത്. വാഹനത്തിലെ ചെറിയ സ്ക്രാച്ചുകളും മറ്റും ശ്രദ്ധയോടെ പരിപാലിക്കണം. ഇതും നിങ്ങളുടെ വാഹനത്തിന്റെ വിലയും ആവശ്യകതയും വര്‍ധിപ്പിക്കും.
ബോണറ്റ് തുറന്നു നോക്കുകയും വൃത്തിഹീനമല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇന്ഡിക്കേറ്ററുകളുടേയും ബ്രേക്ക് ലൈറ്റുകളുടേയും ഹെഡ് ലൈറ്റുകളുടേയുമെല്ലാം പ്രവര്‍ത്തനം പരിശോധിക്കണം. എല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതുപോലെ ടൂള്‍കിറ്റും സ്റ്റെപ്പിനിയുടെ അവസ്ഥയും പരിശോധിക്കണം. കാര്‍ വാങ്ങാന്‍ വരുന്നവര്‍ ഇതെല്ലാം തീര്‍ച്ചയായും നോക്കുമെന്ന കാര്യം മറക്കരുത്.
ഇന്റീരിയര്‍
പുറം ഭാഗം പോലെ തന്നെ പ്രധാനമാണ് വാഹനത്തിന്റെ ഉള്‍ഭാഗവും. പുറത്ത് എത്രത്തോളം വെട്ടിത്തിളങ്ങുന്ന വാഹനമാണെങ്കിലും ഉള്ളിലേക്കുവന്നാല് മോശം മണം വരികയാണെങ്കില്‍ പോലും ആരും ആ വാഹനം വാങ്ങാന്‍ ഇഷ്ടപ്പെടില്ല. ഇക്കാര്യം മനസിലാക്കി വാഹനത്തിന്റെ ഉള്‍ഭാഗം വൃത്തിയോടെ സൂക്ഷിക്കുകയും അനാവശ്യ മണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കുകയും വേണം.
കാറിനുള്ളിലെ ഉപകരണങ്ങളും സ്വിച്ചുകളുമെല്ലാം പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൂടി കാബിനില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത്തരം ചെറിയ കാര്യങ്ങളിലെ ശ്രദ്ധ നിങ്ങളുടെ കാറിന്റെ റീസെയില്‍ വാല്യു ഉയര്‍ത്തുമെന്നുറപ്പ്. നിങ്ങള്‍ക്ക് മാന്യമായ വിലയില്‍ വാഹനം വില്‍ക്കാനും സാധിക്കും.