അച്ഛനു മാത്രമല്ല ഭർതൃപിതാവിനും കാർ സമ്മാനിച്ച് മകള്‍; സമൂഹമാധ്യമത്തിൽ കയ്യടി നേടി യുവതി
Mail This Article
മാതാപിതാക്കൾക്ക് വാഹനങ്ങൾ സമ്മാനിക്കുന്ന മക്കളുടെ കഥകൾ നാം നിരവധി കണ്ടുകഴിഞ്ഞു. എന്നാൽ ഇവിടെയൊരു മകൾ സ്വന്തം പിതാവിന് മാത്രമല്ല ഭർതൃ പിതാവിനും കാറ് സമ്മാനിച്ചാണ് സോഷ്യൽ ലോകത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങുന്നത്. മനസുനിറഞ്ഞ സന്തോഷത്തിൽ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ഇരുവർക്കുമൊപ്പം കുടുംബാംഗങ്ങളുമുണ്ട്. ടാറ്റ നെക്‌സോണും ആൾട്രോസുമാണ് സമ്മാനം നൽകാനായി തിരഞ്ഞെടുത്തത്.
ടാറ്റയുടെ ഡീലർഷിപ്പിൽ എത്തുന്നത് വരെ ഇത്തരത്തിലൊരു സർപ്രൈസിനെ കുറിച്ച് അറിയാതിരുന്നതു കൊണ്ടുതന്നെ രണ്ടു പിതാക്കന്മാരും ഏറെ ആഹ്ളാദത്തോടെയാണ് മകളൊരുക്കിയ ആ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായത്. ഇരുവരുടെയും ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസും പുതുമാറ്റങ്ങളോടെ എത്തിയ നെക്‌സോൺ സബ് കോംപാക്ട് എസ് യു വിയുമാണ് ഇരുപിതാക്കന്മാർക്കും മകൾ നൽകിയത്.
പെട്രോൾ വിഭാഗത്തിൽ 1.2 ലീറ്റർ റെവൊട്രോൺ, 1.2 ലീറ്റർ ഐ ടർബോ എൻജിനുകളും 1.5 ലീറ്റർ ഡീസൽ എൻജിനുമാണു ആൾട്രോസിനു കരുത്തേകുന്നത്. ഐ ആർ എ കണക്റ്റഡ് കാർ ടെക്നോളജി, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ലെതർ സീറ്റ്, ഏഴ് ഇഞ്ച് ടി എഫ് ടി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ക്രൂസ് കൺട്രോൾ, പിന്നിൽ എ സി വെന്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ആൾട്രോസിലുണ്ട്.
നിരവധി ഫീച്ചറുകളും ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോൺ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് പുതിയ മോഡലിൽ. പെട്രോൾ പതിപ്പിൽ 120 ബിഎച്ച്പി, 170 എൻഎം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസൽ പതിപ്പിൽ 15 ബിഎച്ച്പി, 160എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.