ADVERTISEMENT

ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്‍ഷോറൂം വില. 25,000 രൂപ നല്‍കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ അയച്ചു തുടങ്ങുമെന്നും മെയ് പകുതിയോടെ ടെസ്റ്റ് ഡ്രൈവും ബുക്ക് ചെയ്തവര്‍ക്ക് വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും ഫോഴ്‌സ് മോട്ടോഴ്‌സ് അറിയിച്ചു. 

force-gurkha-five-door-2

ഇന്ത്യന്‍ വിപണിയിലെ ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്. നിലവില്‍ മൂന്നു ഡോര്‍ രൂപത്തില്‍ മാത്രമേയുള്ളൂവെന്നതാണ് ഥാറിന്റെ പരിമിതി. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍, 2 വീല്‍ ഡ്രൈവ്, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് എന്നിങ്ങനെയുള്ള വൈവിധ്യങ്ങളാലാണ് ഈ പരിമിതി മഹീന്ദ്ര ഥാര്‍ മറികടക്കുന്നത്. ഗൂര്‍ഖയാവട്ടെ ഡീസല്‍ മാനുവല്‍ മോഡലായി മാത്രമാണ് എത്തുന്നത്. സ്റ്റാന്‍ഡേഡായി 4 വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

force-gurkha-five-door

ഗൂര്‍ഖ 3 ഡോറിന്(16.75) 4വീല്‍ ഡ്രൈവ് ഓപ്ഷണലായുള്ള മഹീന്ദ്ര ഥാര്‍ എഎക്‌സിനെ അപേക്ഷിച്ച് 1.75 ലക്ഷം രൂപ കൂടുതലാണ്. അതേസമയം നിലവില്‍ ഫോഴ്‌സ് ഗൂര്‍ഖയുടെ 5 ഡോര്‍ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ല. എന്നാല്‍ മാസങ്ങള്‍ക്കകം 5 ഡോര്‍ ഗൂര്‍ഖക്ക് എതിരാളിയായി മഹീന്ദ്ര എത്തുകയും ചെയ്യും. വരുന്ന സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ മഹീന്ദ്ര ഥാര്‍ അര്‍മാദ എത്തുക. 

force-gurkha-five-door-4

ഗൂര്‍ഖയുടെ 3 ഡോര്‍ 5 ഡോര്‍ മോഡലുകള്‍ക്ക് ഒരേ 2.6 ലീറ്റര്‍ മെഴ്‌സിഡീസ് ഡീസല്‍ എന്‍ജിനാണ് ഫോഴ്‌സ് നല്‍കിയിരിക്കുന്നത്. 140 എച്ച് പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. മഹീന്ദ്ര ഥാറിന്റെ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 132 എച്ച്പി കരുത്താണുള്ളത്. എന്‍ജിന്‍ കരുത്തില്‍ ഫോഴ്‌സ് ഗൂര്‍ഖ മുന്നിലാണ്.

force-gurkha-five-door-3

ഫോഴ്‌സ് ഗൂര്‍ഖ ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്‌കോപിക് സ്റ്റിയറിങ്, പിന്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുള്ള ഫോഴ്‌സ് ഗൂര്‍ഖ ഇക്കാര്യത്തില്‍ ഥാറിന്റെ എന്‍ട്രി ലെവല്‍ മോഡലിനെ പിന്നിലാക്കുന്നുണ്ട്. ഥാറിനെ അപേക്ഷിച്ച് 1.75 ലക്ഷം രൂപയുടെ അധികവില ഗൂര്‍ഖയുടെ ഈ ഫീച്ചര്‍ പെരുമയില്‍ ഇല്ലാതാവുകയും ചെയ്യുന്നു.

English Summary:

Force Gurkha Five Door Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com