മാരുതി, ഞങ്ങൾക്കും വേണ്ടേ സ്വിഫ്റ്റിന്റെ ഈ മോഡലുകൾ?
Mail This Article
മാരുതി സുസുക്കിയുടെ നാലാം തലമുറ സ്വിഫ്റ്റ് കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിയത്. ഈ ജനപ്രിയ ഹാച്ചിന് പിന്നാലെ സ്പോർട്സ് മോഡലും ആർഎസ് മോഡലും ഇന്ത്യയിലെത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ തലമുറ സ്വിഫ്റ്റ് സ്പോർട് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സ്വിഫ്റ്റ് ആർഎസ്‍, സ്പോർട് എന്നീ മോഡലുകൾ ഇന്ത്യയിലേക്ക് എത്തില്ലെന്ന് മാരുതി അറിയിക്കുന്നു. മാരുതി സുസുക്കി ഇന്ത്യയുടെ മാർക്കറ്റിങ് തലവൻ പാർത്തോ ബാനർജി ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര വിപണിയിലുള്ള സ്വിഫ്റ്റിന്റെ പെർഫോമൻസ് മോഡലാണ് സ്വിഫ്റ്റ് സ്പോർട്. പുതിയ മോഡൽ സ്വിഫ്റ്റിന്റെ സ്പോർട് പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മൂന്നാം തലമുറ സ്വിഫ്റ്റിന്റെ സ്പോർട് മോഡലിൽ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡുമാണ് ഉപയോഗിക്കുന്നത്. 140 ബിഎച്ച്പിയാണ് എൻജിൻ കരുത്ത്.
ബലേനോ ആർഎസിലൂടെ ഇന്ത്യൻ വിപണിയിൽ എത്തിച്ച 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനുമായി സ്വിഫ്റ്റ് ആർഎസ് വിപണിയിലെത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ രണ്ട് കാറുകൾ ഇന്ത്യയിൽ എത്തില്ലെന്നാണ് മാരുതി അറിയിക്കുന്നത്.