വരുന്നു മഹീന്ദ്രയുടെ 16 എസ്യുവികൾ; 9 ഡീസലും 7 ഇലക്ട്രിക്കും
Mail This Article
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ വിഭാഗമായ എസ് യു വിയില്‍ നിര്‍ണായക മേധാവിത്വം നേടാനുള്ള കഠിന ശ്രമത്തിലാണ് മഹീന്ദ്ര. ഇതിനായി ദീര്‍ഘകാല പദ്ധതികളാണ് മഹീന്ദ്രക്കുള്ളത്. 2030ന് മുമ്പായി 16 മഹീന്ദ്ര എസ്യുവികളാണ് ഇന്ത്യന്‍ വിപണിയിലിറങ്ങുക. ഇതില്‍ ഒമ്പതെണ്ണം ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകളാണെങ്കില്‍ ഏഴെണ്ണം വൈദ്യുത വാഹനങ്ങളായിരിക്കും.
ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ പുതിയ എസ്യുവി അവതരിപ്പിച്ച് വിപണി പിടിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ എക്സ്യുവി 3 എക്സ്ഒ ഒരു മണിക്കൂറിനിടെ അരലക്ഷം ബുക്കിങ് സ്വന്തമാക്കി ഇന്ത്യന്‍ കാര്‍ വില്പനയില് റെക്കോഡിട്ടിരുന്നു. പ്രതിമാസം 9,000 എക്സ്യുവി 3 എക്സ്ഒകള്‍ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മെയ് 26 മുതലാണ് ഈ വാഹനം ബുക്ക് ചെയ്തവര്‍ക്ക് നല്കി തുടങ്ങുക.
ഐസിഇ എസ്യുവികള്
ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്ന മഹീന്ദ്ര എസ് യു വി 5 ഡോര്‍ ഥാര്‍ അര്മാഡയായിരിക്കും. സ്കോര്‍പിയോ എന്നുമായും ഥാര്‍ 3 ഡോറുമായും നിരവധി സാമ്യതകളുള്ള മോഡലായിരിക്കും ഇത്. മൂന്ന് എന്ജിന് ഓപ്ഷനുകളില്‍ ഥാര്‍ 5 ഡോര്‍ പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം ഒരു കണ്‍സപ്റ്റ് കാറായാണ് മഹീന്ദ്ര അവരുടെ സ്കോര്‍പിയോ പിക് അപ് അവതരിപ്പിച്ചത്. മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള ദക്ഷിണാഫ്രിക്കയിലായിരിക്കും ആദ്യം സ്കോര്‍പിയോ പിക് അപ് പുറത്തിറക്കുക. പിന്നീട് മറ്റ് രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ച ശേഷമാവും ഇന്ത്യയിലെത്തുക.
മഹീന്ദ്രയുടെ പുതിയ യു171 പ്ലാറ്റ്ഫോം ബൊലേറോ എസ് യു വിയിലൂടെയാണ് ആദ്യം പരീക്ഷിക്കപ്പെടുക. ബൊലേറോയുടെ 7 സീറ്റര്‍ വാഹനമായിരിക്കും ഈ എസ്യുവി. ഇതേ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ എസ്യുവികളും പിക്അപ്പുകളും മഹീന്ദ്രയില്‍ നിന്നും പ്രതീക്ഷിക്കാം. ഐസിഇ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു എസ് യു വികളെക്കുറിച്ച് മഹീന്ദ്ര കാര്യമായ സൂചനകള്‍ ഇതുവരെ നല്‍കിയിട്ടില്ല. എങ്കിലും XUV 700, സ്കോര്‍പിയോ എന്‍ മോഡലുകള്‍ മുഖം മിനുക്കിയെത്താനുള്ള സാധ്യതയുണ്ട്. അടുത്തിടെ XUV 7XO എന്ന പേര് മഹീന്ദ്ര ട്രേഡ് മാര്‍ക്ക് ചെയ്തതും XUV 300നെ XUV 3XO ആക്കി പുറത്തിറക്കിയതും ഈ സാധ്യത വര്‍ധിപ്പിക്കുന്നു.
വൈദ്യുത എസ് യു വികള്‍
വൈദ്യുത വാഹനങ്ങളിലും ശക്തമായ സാന്നിധ്യമാവാനുള്ള ശ്രമങ്ങള്‍ മഹീന്ദ്ര നടത്തുന്നുണ്ട്. INGLO പ്ലാറ്റ്ഫോമില്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ മഹീന്ദ്ര ഇവി എസ് യു വി പുറത്തിറക്കിയേക്കും. XUV.e8, XUV.e9 കൂപെ, BE.05 എസ് യു വി എന്നീ മോഡലുകളുടെ വിശദാംശങ്ങള്‍ മഹീന്ദ്ര നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സമ്പൂര്‍ണ ഇവികള്‍ക്കു പുറമേ ഥാര്‍ ഇവിയേയും പ്രതീക്ഷിക്കാം.
60-80kWh റേഞ്ചിലുള്ള ബാറ്ററികളാണ് മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കുണ്ടാവുക. മോഡലുകള്‍ക്ക് അനുസരിച്ച് അരമണിക്കൂറിനേക്കാളും കുറഞ്ഞ സമയത്തില്‍ 80 ശതമാനം വരെ ചാര്‍ജ് ആവുന്ന 175kW വരെയുള്ള ഫാസ്റ്റ് ചാര്‍ജിങിനുള്ള സൗകര്യവുള്ള ബാറ്ററികളും പ്രതീക്ഷിക്കാം. 80kWh ബാറ്ററിയില്‍ 435കി.മീ മുതല്‍ 450 കി.മീ വരെയായിരിക്കും റേഞ്ചെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. റിയര്‍ വീല്‍, ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുകളും ഇലക്ട്രിക് എസ് യു വിയിലും ഉണ്ടാവും.