ADVERTISEMENT

മറ്റു കാര്‍ നിര്‍മാതാക്കളെ പോലെ അതിവേഗത്തില്‍ വൈദ്യുത കാര്‍ വിപണിയിലേക്ക് എടുത്തു ചാടാത്തവരാണ് ടൊയോട്ട. മൊത്തം വാഹന വിപണിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ എത്തില്ലെന്നാണ് ഇപ്പോഴും ടൊയോട്ടയുടെ കണക്കുകൂട്ടല്‍. ഹൈബ്രിഡ് വാഹനങ്ങളിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും പൂര്‍ണമായും വൈദ്യുതി ഇന്ധനമാക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കാനും ടൊയോട്ട മടിച്ചിട്ടുമില്ല. ഹൈലക്‌സ് റെവോ പിക്അപ് ട്രക്കിന്റെ വൈദ്യുത മോഡൽ 2025ല്‍ പുറത്തിറങ്ങുമെന്നാണ് ടൊയോട്ട അധികൃതര്‍ നല്‍കുന്ന സൂചന. 

രാജ്യാന്തര വിപണിയില്‍ തായ്‌ലന്‍ഡില്‍ ആദ്യം പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം. പിക് അപ് ട്രക്കുകള്‍ക്ക് തായ്‌ലന്‍ഡിലുള്ള വലിയ ആവശ്യകതയാണ് ഇങ്ങനെയൊരു തീരുമാനത്തിന് ടൊയോട്ടയെ പ്രേരിപ്പിച്ചത്. തായ്‌ലന്‍ഡില്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ പകുതിയിലേറെയും പിക് അപ് ട്രക്കുകളാണ്. എതിരാളികളായ ഇസുസുവിന്റെ മാക്‌സ് ഇവിക്കുള്ള ഒത്ത എതിരാളിയായാണ് ഹൈലക്‌സ് പിക്അപ് ട്രക്കിനെ ടൊയോട്ട കാണുന്നത്. ഇലക്ട്രിക് ഇസുസു ഡി മാക്‌സും തായ്‌ലാന്‍ഡിലാണ് അസംബിള്‍ ചെയ്യുന്നത്. 

പരീക്ഷണ ഓട്ടത്തിന്റെ സമയത്ത് 200 കി.മീ ആണ് ഇലക്ട്രിക് ഹൈലക്‌സിന്റെ റേഞ്ചായി ടൊയോട്ട പറഞ്ഞിരുന്നത്. 200 കി.മീ എന്നത് താരതമ്യേന കുറഞ്ഞ റേഞ്ചാണ്. റേഞ്ച് കൂടണമെങ്കില്‍ കൂടുതല്‍ വലിയ ബാറ്ററികള്‍ ഉപയോഗിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ പിക്അപിന്റെ ഭാരം വഹിക്കാനുള്ള ശേഷി കുറയുകയും ചെയ്യും. ഇതു തന്നെയാണ് ഇലക്ട്രിക് പിക് അപ്പുകളുടെ പ്രധാന പരിമിതിയും. 

അടുത്ത വര്‍ഷം തന്നെയാണ് പുതു തലമുറ ഐസിഇ ഹൈലക്‌സും പുറത്തിറങ്ങുന്നത്. ഇതേ വാഹനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഹൈലക്‌സ് ഇവിയും എത്തുകയെന്നാണ് സൂചനകള്‍. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ ടൊയോട്ട നല്‍കിയിട്ടില്ല. വൈദ്യുത കാറുകളില്‍ പൊതുവില്‍ കണ്ടു വരുന്ന ഫീച്ചറുകള്‍ പുതു തലമുറ ഹൈലക്‌സിലും പ്രതീക്ഷിക്കാം. ഹൈലക്‌സിന്റെ ഇലക്ട്രിക് മോഡലും പുതു തലമുറ മോഡലും ഒരുമിച്ച് ടൊയോട്ട പുറത്തിറക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെ ഫോര്‍ച്യുണറിന്റെ ഇവി പതിപ്പും ഭാവിയില്‍ പുറത്തിറങ്ങിയേക്കും. 

ടാകോമക്കു സമാനമായ ഒരു പിക് അപ് ട്രക്ക് 2021ല്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ചിരുന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയിലാവട്ടെ ഒരു ഇപിയു കണ്‍സെപ്റ്റ് ട്രക്കും ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഫിയറ്റ് ടോറോക്ക് സമാനമായ യുനിബോഡിയിലായിരുന്നു ഇതിന്റെ നിര്‍മാണം. ഇതേ പ്രദര്‍ശനത്തില്‍ IMV-0 എന്ന പ്ലാറ്റ്‌ഫോമും ടൊയോട്ട പുറത്തിറക്കിയിരുന്നു. ഇതേ പ്ലാറ്റ്‌ഫോം ഇന്ന് പല രാജ്യങ്ങളിലും വാഹനങ്ങള്‍ക്കായി ടൊയോട്ട ഉപയോഗിക്കുന്നുണ്ട്. 

English Summary:

Toyota to begin building electric Hilux next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com