ബുജ്ജിയെന്ന എഐ കാർ; കൽക്കി 2898 സിനിമയിലെ എൻജിനീയറിങ് അദ്ഭുതം
Mail This Article
സിനിമകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ ചിലപ്പോൾ താരങ്ങൾക്കൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ സിനിമയിലെ കേന്ദ്രകഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുളള ഒരു വാഹനം നിർമിച്ചിരിക്കുകയാണ് കൽക്കി 2898 എ ഡി എന്ന പ്രഭാസ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കൽക്കിയുടെ പോസ്റ്ററിൽ ബുജ്ജി എന്ന് പേരിട്ടിരിക്കുന്ന കാറിനെ അവതരിപ്പിച്ചിരിക്കുന്ന രീതി കാണുമ്പോൾ തന്നെ മനസിലാക്കാം ഈ വാഹനത്തിനു സിനിമയിലെ സ്ഥാനം. കൽക്കിയ്ക്കു വേണ്ടി നിർമിച്ച കാർ ഈയടുത്തിടെ തെലുങ്ക് താരം നാഗ ചൈതന്യ ഡ്രൈവ് ചെയ്യുന്ന വിഡിയോയും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിരിക്കുന്നു.
''രസകരമായ കാര്യങ്ങൾ സംഭവിക്കുന്നു, ശരിക്കും വലുതായ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കാൻ മടിയില്ലാത്ത, നാഗ് അശ്വിനെയും അദ്ദേഹത്തിനൊപ്പമുള്ള സിനിമാപ്രവർത്തകരെയും കുറിച്ചോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഒരു ഫ്യുച്ചറിസ്റ്റിക് വാഹനമെന്ന കൽക്കി ടീമിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ മഹീന്ദ്ര റിസേർച്ച് വാലിയിലെ ഞങ്ങളുടെ ടീമും ഒപ്പം നിന്ന് സഹായിച്ചു''. ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച വരികളാണിത്. ബുജ്ജിയെന്ന കൽക്കിയിലെ കാറിന്റെ പുരോഗതിയും അതെങ്ങനെ യാഥാർഥ്യമാകാൻ മഹീന്ദ്ര ഓട്ടോമോട്ടീവ് സഹായിച്ചു എന്നതിനെക്കുറിച്ചുമെല്ലാം ആനന്ദ് മഹീന്ദ്ര വിശദീകരിക്കുന്നുണ്ട്. പവർ ട്രെയിൻ കോൺഫിഗറേഷൻ, നിർമിതി, പെർഫോമൻസ് എന്നിങ്ങനെ വാഹനത്തിന്റെ പ്രധാന കാര്യങ്ങളിൽ മഹീന്ദ്രയുടെ സഹായം കൽക്കി ടീമിന് ലഭിച്ചിരുന്നു. മാത്രമല്ല, വാഹനം ഓടുന്നത് മഹീന്ദ്ര ഇ മോട്ടോഴ്സ് കരുത്തുപകരുന്ന ഇരു വീലുകളിലാണ്.
വാഹനം ട്രാക്കിൽ ഓടിച്ച നാഗ ചൈതന്യയും ബുജ്ജിയെക്കുറിച്ച് പറഞ്ഞത് തന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറമാണെന്നും ഇത്തരമൊരു ചിന്തയെ യാഥാർഥ്യമാക്കിയ കൽക്കി ടീമിന് അഭിനന്ദങ്ങൾ എന്നുമാണ്. എൻജിനീയറിങ് അദ്ഭുതമാണിതെന്നും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ബുജ്ജിയെന്ന കാറിനു രൂപം നൽകിയതും നിർമിച്ചതും സിനിമയ്ക്ക് വേണ്ടിയാണെങ്കിലും നിരവധി താരങ്ങൾ ആ വാഹനം ഇതിനോടകം ഡ്രൈവ് ചെയ്തു കഴിഞ്ഞു.
നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമയായ കൽക്കി 2898 എ ഡിയ്ക്ക് വേണ്ടിയാണ് ബുജ്ജിയെന്ന എ ഐ കാറിനു രൂപം നൽകിയത്. മഹീന്ദ്രയും ജയം ഓട്ടോമോട്ടീവും ചേർന്നാണ് രൂപത്തിലേറെ വിചിത്രമായ ഈ കാർ നിർമിച്ചിരിക്കുന്നത്. ആറു ടൺ ഭാരമുള്ള വാഹനത്തിന് മുമ്പിലായി 34 .4 ഇഞ്ചുള്ള ഹബ്ലെസ് റിമുകളുണ്ട്. റിയറിൽ ഒരു വീൽ മാത്രമാണുളളത്. ഏതു ദിശയിലേക്കു വേണമെങ്കിലും എളുപ്പത്തിൽ തിരിയാനിതു സഹായിക്കുന്നു. 6075 എംഎം നീളവും 2186 എംഎം ഉയരവും 3380 എംഎം വീതിയുമുണ്ട് ബുജ്ജിയ്ക്ക്. 47kW ബാറ്ററിയാണ് വാഹനത്തിനു കരുത്തേകുന്നത്. മഹീന്ദ്രയുടെ രണ്ടു ഇലക്ട്രിക് മോട്ടോറുകൾ ഉല്പാദിപ്പിക്കുന്ന പരമാവധി പവർ 126 ബി എച്ച് പി യാണ്. 9800 ആണ് ടോർക്. ഡ്രൈവർ സീറ്റിനു മുകളിലുള്ള റൂഫ് ഒരു പ്രത്യേക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ സിനിമയ്ക്ക് ഏറെ ഗുണകരമാണ് ബുജ്ജിയുടെ ആ ലുക്ക്.