ഇനി യാത്ര ഈ പുത്തൻ വാഹനത്തില്‍; ലാൻഡ് റോവർ ഡിഫൻഡറിന്റെ കരുത്തിൽ മനോജ് കെ ജയൻ
Mail This Article
ലാൻഡ് റോവർ ഡിഫൻഡറുടെ കരുത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ. ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരും. 2 ലീറ്റർ പെട്രോൾ എച്ച്എസ്ഇ മോഡല്‍ കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുമ്പ് യുകെയിൽ ടെസ്‌ല മോഡൽ 3 മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു.
രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 221 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.4 സെക്കൻഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം.
എസ്‍യുവികളിലെ ഐതിഹാസിക മോഡൽ ഡിഫൻഡർ
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്.
കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 2 ലീറ്റർ പെട്രോൾ എൻജിൻ മോഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡീസൽ, അഞ്ച് ലീറ്റർ ഡീസൽ എൻജിൻ മോഡലും വാഹനത്തിനുണ്ട്.