ADVERTISEMENT

ലക്ഷങ്ങൾ അല്ല കോടികൾ കൊടുത്തു സ്വന്തമാക്കിയ വാഹനം ഒരു എലി നശിപ്പിച്ചാലോ? സംഗതി ഖേദകരം തന്നെയാണല്ലേ? അത്തരമൊരു വിഷമകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ്  ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ കാർത്തിക് ആര്യൻ. തികഞ്ഞ ഒരു വാഹന പ്രേമിയായ താരത്തിന്റെ മക്ലാരൻ ജി ടി യുടെ മാറ്റ് ആണ് എലി കരണ്ടത്. 4.75 കോടി രൂപ വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നുവെന്നാണ് കാർത്തിക് ആര്യൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു. മക്ലാരനിലെ യാത്ര വളരെ ചുരുക്കമായിരുന്നു. വാഹനം ഗാരിജിൽ സുരക്ഷിതമായി തന്നെയാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ എലി വാഹനത്തിൽ കയറിപ്പറ്റുകയും മാറ്റ് പൂർണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീട് അത് പഴയപോലെ ആക്കിയെടുക്കാൻ ലക്ഷങ്ങളാണ് ചെലവാക്കേണ്ടി വന്നത്. എലി മൂലം തനിക്കു സംഭവിച്ച ദുരവസ്ഥയെ കുറിച്ച് കാർത്തിക് ആര്യന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സൂപ്പർ ഹിറ്റായി ഓടിയ ഭൂൽ ഭൂലയ്യ -2 വിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാവും ടി സീരിസിന്റെ ഉടമയുമായ ഭൂഷൺ കുമാർ, കാർത്തിക് ആര്യന് സമ്മാനിച്ചതാണ് മക്ലാരൻ ജി ടി. ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ എന്ന സവിശേഷതയും ഈ വാഹനത്തിനുണ്ട്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 180 കോടിയിലേറെ രൂപയാണ്. ആ സന്തോഷത്തിൽ 2022 ലാണ് ഭൂഷൺ കുമാർ, താരത്തിന് ഈ വാഹനം സമ്മാനിച്ചത്.  ഈ മക്ലാരൻ ജി ടി കൂടാതെ ലംബോർഗിനി ഉറൂസ് ക്യാപ്സൂൾ എഡിഷൻ, പോർഷെ ബോക്സ്റ്റർ, ബി എം ഡബ്ള്യു 5 സീരീസ്, മിനി കൂപ്പർ എസ് കൺവെർട്ടബിൾ തുടങ്ങി ആഡംബരത്തിന്റെ മറുവാക്കുകൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരുപിടി വാഹനങ്ങൾ കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.

2019 ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച വാഹനത്തിന്റെ ക്ലാസിക് ഓറഞ്ച് നിറമാണ് കാർത്തിക് ആര്യന്റെ ഗാരിജിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നായ ജി ടി യ്ക്ക് കരുത്ത് പകരുന്നത് 4.0 ലീറ്റർ വി8 എൻജിനാണ്. 611 ബി എച്ച് പി പവറും 630 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ ഗീയർ ബോക്സ്. 327 കിലോമീറ്ററാണ് പരമാവധി വേഗമായി നിജപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡുകൾ മാത്രം മതി.

English Summary:

Kartik Aryans McLaren GT Destroyed by Rat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com