ADVERTISEMENT

ബജാജിന്റെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കുന്നത് ജൂലൈ 17ലേക്കു നീട്ടി. നേരത്തെ ജൂണ്‍ 18ന് പുറത്തിറക്കുമെന്നാണ് ബജാജ് ഓട്ടോ അറിയിച്ചിരുന്നത്. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 100-150 സിസി വിഭാഗത്തില്‍ പെടുന്ന ബൈക്കുകള്‍ സിഎന്‍ജിയിലേക്കും പെട്രോളിലേക്കും ഇന്ധനം ആവശ്യാനുസരണം മാറ്റാനാവുന്നവയാണ്. 

ഇരുചക്ര വാഹന മേഖലയില്‍ വലിയ മാറ്റം ലക്ഷ്യം വെച്ചാണ് ബജാജ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ളത്. ഒരു വിഭാഗം വലിയ തോതില്‍ സ്വീകരിക്കുമ്പോള്‍ മറു വിഭാഗം ആശങ്കകളോടെയാണ് ഈ മാറ്റത്തെ കാണുന്നത്. സിഎന്‍ജി വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സജീവമാണ്. 

ഇന്ത്യയിലെ പാസഞ്ചര്‍-ത്രീവീലര്‍ വാഹന വിപണിയില്‍ ബജാജ് നേടിയ മുന്നേറ്റത്തില്‍ സി.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങളിലേക്കുള്ള മാറ്റവും സഹായിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ 90 ശതമാനത്തിലേറെ പാസഞ്ചര്‍ ത്രീ വീലര്‍ വാഹനങ്ങള്‍ ബജാജിന്റേതാണ്. ഇതേ രീതിയില്‍ ഇരുചക്രവാഹന വിപണിയിലും സിഎന്‍ജി വഴി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബജാജിന്റെ ശ്രമം. 

കാര്‍ വിപണിയിലാവട്ടെ മാരുതി സുസുക്കിയുടെ ആകെ വില്‍പനയില്‍ 27% സിഎന്‍ജി കാറുകള്‍ വഴി നേടാന്‍ ആ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഈ കണക്കു വെച്ചു നോക്കിയാല്‍ ആറു ലക്ഷം ഇരുചക്രവാഹനങ്ങള്‍ പ്രതിമാസം വില്‍ക്കുന്ന ഇന്ത്യയില്‍ 1.5 ലക്ഷം സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്ക് സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ 20,000 സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ബജാജിന്റെ ശ്രമം. 

അഞ്ചോ- ആറോ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ ഭാവിയില്‍ പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്. ഇതില്‍ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ ജൂണ്‍ 18ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് ജൂലൈയിലേക്ക് നീട്ടിയിരുന്നത്. ടെസ്റ്റ് ഡ്രൈവിന്റെ ദൃശ്യങ്ങളില്‍ നിന്നു തന്നെ മുന്നിലേയും പിന്നിലേയും ഡിസ്‌ക് ബ്രേക്കുകള്‍, നക്കിള്‍ ഗാര്‍ഡ്, വലിയ പിന്‍സീറ്റുകള്‍, അലോയ് വീല്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന വില 70,000 രൂപ.

English Summary:

Bajaj CNG bike to launch on 17 July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com