ADVERTISEMENT

ടാറ്റയുടെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് മോഡലുകൾക്ക് ഭാരത് എൻക്യാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) 5 സ്റ്റാർ സുരക്ഷാ റേറ്റിങ്. ഭാരത് എൻകാപ് വഴി 5 സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങളാണിവയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്രസർക്കാരിന്റെ ഭാരത് എൻകാപ് സംവിധാനം 2023 ഒക്ടോബർ 1 മുതലാണ് നിലവിൽ വന്നത്. ടാറ്റ സഫാരി, ഹാരിയർ (നോൺ–ഇലക്ട്രിക്) എന്നിവയ്ക്കാണ് ഇതിനു മുൻപ് 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്.

tata-nexon-ev
Tata Nexon

നെക്‌സോണിന്റെ സുരക്ഷ

നെക്സോണിന്റെയും പഞ്ചിന്റെയും ലോങ് റേഞ്ച്, മിഡ് റേഞ്ച് മോ‍ഡലുകളിൽ ക്രാഷ് ടെസ്റ്റ് നടത്തി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ ഇരു വാഹനങ്ങളും 5 സ്റ്റാര്‍ നേടി.  അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍(എഒപി) സാധ്യമായ 32ല്‍ നെക്‌സോണ്‍ ഇവി 29.86 പോയിന്റുകള്‍ നേടിക്കൊണ്ടാണ് 5 സ്റ്റാര്‍ നേടിയത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോമബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16ല്‍ 14.26 പോയിന്റുകള്‍ നെക്‌സോണ്‍ ഇവി നേടി. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഡ്രൈവറിന്റേയും പാസഞ്ചറിന്റേയും തലക്കും കഴുത്തിനും നെഞ്ചിനും വയറിനും മികച്ച സുരക്ഷയാണ് നെക്‌സോണ്‍ ഇവി നല്‍കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

tata-punch-ev
Tata Punch

സൈഡ് മൂവബിള്‍ ഡിഫോമബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16ല്‍ 15.60 പോയിറ്റ് നെക്‌സോണ്‍ ഇവി സ്വന്തമാക്കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഇടിപ്പിച്ചായിരുന്നു സൈഡ് ഇംപാക്ട് ടെസ്റ്റ് നടത്തിയത്. അപകട സമയത്തും യാത്രികരുടെ തല, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ നെക്‌സോണ്‍ ഇവി മികച്ച സുരക്ഷ നല്‍കുന്നുവെന്ന് ഈ പരിശോധനയില്‍ തെളിഞ്ഞു.

pure-ev-1

കുട്ടി യാത്രികരുടെ സുരക്ഷ പരിശോധിക്കുന്ന ചൈല്‍ഡ് ഒക്യുപെന്റ് പ്രൊട്ടക്ഷന്‍(COP) ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നെക്‌സോണ്‍ ഇവി നടത്തിയത്. കുട്ടികളുടെ സുരക്ഷാ പരിശോധനയില്‍ സാധ്യമായ 49ല്‍ 44.95 പോയിന്റുകള്‍ നേടിയാണ് ഈ വൈദ്യുത കാര്‍ 5 സ്റ്റാര്‍ നേടിയത്. ഡൈനാമിക്കില്‍ 24ല്‍ 23.95 പോയിന്റും സിആര്‍എസ് ഇന്‍സ്റ്റലേഷനില്‍ 12ല്‍ 12ഉം വെഹിക്കിള്‍ അസെസ്‌മെന്റില്‍ 13ല്‍ ഒമ്പതും നേടിക്കൊണ്ടാണ് നെക്‌സോണ്‍ ഇവി 44.95 പോയിന്റിലെത്തിയത്.

18 മാസം പ്രായമായ കുട്ടികള്‍ക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ നടത്തിയ പരിശോധനയില്‍ സാധ്യമായ 12ല്‍ 11.95 പോയിന്റുകള്‍ ഈ കാര്‍ നേടി. മൂന്നു വയസുള്ള കുട്ടിയുടെ സുരക്ഷയില്‍ 12ല്‍ 12ഉം നെക്‌സോണ്‍ ഇവി സ്വന്തമാക്കി.  മെയ് 2024ലാണ് നെക്‌സോണ്‍ ഇവി ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്. നെക്‌സോണ്‍ ഇവിയുടെ മീഡിയം റേഞ്ച്(എംആര്‍), ലോങ് റേഞ്ച്(എല്‍ആര്‍) മോഡലുകളിലും ഈ ക്രാഷ് ടെസ്റ്റിന്റെ ഫലം ബാധകമാണ്. 

nexon-ev

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് നല്‍കിയ പ്രാധാന്യമാണ് നെക്‌സോണ്‍ ഇവിക്ക് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടാന്‍ സഹായിച്ചത്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി), ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകള്‍ നെക്‌സോണ്‍ ഇവിയിലുണ്ട്. 

14.49 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോണ്‍ ഇവിയുടെ വില. 30 kWh, 40.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി മോഡലുകള്‍. രണ്ടിലും സിംഗിള്‍ മോട്ടോര്‍ സെറ്റ്അപ്പാണുള്ളത്. മഹീന്ദ്ര എക്‌സ്‌യുവി400 ആണ് നെക്‌സോണ്‍ ഇവിയുടെ പ്രധാന എതിരാളി. ഹ്യുണ്ടേയുടെ കോന ഇലക്ട്രിക്കും എംജി ZS EVയും ഇന്ത്യന്‍ വിപണിയിലെ നെക്‌സോണ്‍ ഇവിയുടെ എതിരാളികളുടെ കൂട്ടത്തില്‍ വരും.

പഞ്ചിന്റെ 5 സ്റ്റാർ സുരക്ഷ

കുട്ടികളുടെ സുരക്ഷയിലും മുതിർന്നവരുടെ സുരക്ഷയിലും പഞ്ച് ഇവി അഞ്ച് സ്റ്റാർ സുരക്ഷ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.46 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 മാർക്കും പഞ്ച് നേടി. ഭാരത് ക്രാഷ് ടെസ്റ്റ് പ്രകാരം നിലവിൽ ഏറ്റവും അധികം മാർക്ക് ലഭിച്ച കാറും പഞ്ച് ഇവിയാണ്.  ഫ്രണ്ട് ഓഫ്സെറ്റ് ബാരിയർ ടെസ്റ്റിൽ 16 ൽ 14.26 മാർക്കും സൈഡ് ബാരിയർ ടെസ്റ്റിൽ 16 ൽ 15.6 മാർക്കും പഞ്ച് നേടി. കുട്ടികയുടെ സുരക്ഷ പരീക്ഷയിൽ 49 ൽ 45 മാർക്കാണ് പഞ്ചിന് ലഭിച്ചത്. അതിൽ ഡൈനാമിക് ടെസ്റ്റിൽ 24 ൽ 23.95 മാർക്കും സിആർഎസിൽ 12 ൽ 12 മാർക്കും വെഹിക്കിൾ അസസ്മെന്റ് ടെസ്റ്റിൽ 13 ൽ 9 മാർക്കും പഞ്ചിന് ലഭിച്ചു. ആറ് എയർബാഗുകളും എബിഎസ്, ഇഎസ്‌സി എന്നീ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. 

രണ്ടു ബാറ്ററി പായ്ക്കുകളിൽ പഞ്ച് ഇവി ലഭിക്കും. 25 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 35 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന ലോങ് റേഞ്ച് മോഡലിന് 421 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. 

ഭാരത് എൻക്യാംപ്

ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. കുട്ടികളുടെ സുരക്ഷ, മുതിർന്നവരുടെ സുരക്ഷ എന്നിവ പരിശോധിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും ഡമ്മികൾ സീറ്റിൽ വച്ച ശേഷം കാർ പല തരത്തിൽ ഇടിപ്പിച്ചാണ് സുരക്ഷ പരിശോധിക്കുന്നത്. ഇടിയിൽ ശരീരഭാഗങ്ങളിലുണ്ടാകുന്ന ആഘാതം, എയർ ബാഗിന്റെ വിന്യാസം അടക്കം വിലയിരുത്തും. തല, നെഞ്ച്, വയറ്, കാൽ എന്നിവയിലുണ്ടാകുന്ന ആഘാതമാണ് പ്രധാനമായും പരിശോധിക്കുന്നത്.

English Summary:

Nexon EV and Punch EV Got Five Star In BNCAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com