വരുന്നു ഇലക്ട്രിക് സ്‌കോര്‍പിയോയും ബൊലേറോയും; എസ്യുവികളുമായി മഹീന്ദ്ര
Mail This Article
പെട്രോള്‍ ഡീസല്‍ മോഡലുകള്‍ ഇനി വൈദ്യുതിയാവുമെന്ന് നയം വ്യക്തമാക്കിയിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ജനപ്രിയ മഹീന്ദ്ര മോഡലുകളായ ബൊലേറോയുടേയും സ്‌കോര്‍പിയോയുടേയും വൈദ്യുത മോഡലുകൾ വരുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം സ്‌കോര്‍പിയോ.ഇ, ബൊലേറോ.ഇ എന്നീ പേരുകളിലെത്തുന്ന ഇലക്ട്രിക് എസ്‌യുവികള്‍ 2030നു മുമ്പ് നിരത്തുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എക്‌സ്‌യുവി.ഇ, ഥാര്‍.ഇ എന്നിങ്ങനെ പെട്രോള്‍ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ നേരത്തെ തന്നെ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ വഴിയിലാണ് ബൊലേറോയും സ്‌കോര്‍പിയോയും മുന്നേറുന്നത്. ലാഡര്‍ ഫ്രെയിം ചേസിസ് തന്നെ ഈ മോഡലുകളില്‍ ഉപയോഗിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റില്‍ ഥാര്‍.ഇ കണ്‍സെപ്റ്റ് മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.
മഹീന്ദ്രയുടെ ഇന്‍ഗ്ലോ(INdia GLObal) സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമാണ് ഥാര്‍.ഇയില്‍ ഉപയോഗിച്ചിരുന്നത്. പി1 എന്നു പേരിട്ടിരിക്കുന്ന ഇതേ പ്ലാറ്റ്‌ഫോം തന്നെ സ്‌കോര്‍പിയോക്കും ബൊലേറോക്കും ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 2,775എംഎം മുതല്‍ 2,975 എംഎം വരെയുള്ള വീല്‍ബേസുള്ള വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കാനാവും. നിലവിലെ ബൊലേറോക്ക് 2,680എംഎം വീല്‍ബേസും സ്‌കോര്‍പിയോ എന്നിന് 2,750 എംഎം വീല്‍ബേസുമാണുള്ളത്.
പുതിയ മഹീന്ദ്രയുടെ ഇവി മോഡലുകള്‍ തമ്മില്‍ ബാറ്ററി പാക്കിന്റേയും മോട്ടോറിന്റേയും കാര്യത്തില്‍ സാമ്യതയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നില്‍ 109എച്ച്പി/135എന്‍എം മോട്ടോറും പിന്നില്‍ 286എച്ച്പി/535എന്‍എം മോട്ടോറുമുള്ള ഥാര്‍.ഇ ഓള്‍വീല്‍ ഡ്രൈവ് വാഹനമാണ്. ഥാര്‍.ഇയുടെ ബാറ്ററി സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ മഹീന്ദ്ര പുറത്തിവിട്ടിരുന്നില്ല. എങ്കിലും 60kWh, 80kWh ബാറ്ററി പാക്കുകള്‍ പ്രതീക്ഷിക്കാം. ആദ്യത്തേതിന് 325 കി.മീ റേഞ്ചും രണ്ടാമത്തേതിന് 435-450 കി.മീ റേഞ്ചുമാണുള്ളത്.
പുതു തലമുറ മഹീന്ദ്ര ബൊലേറോ
പുതുതലമുറ ബൊലേറോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. യു171 എന്നു പേരിട്ടിരിക്കുന്ന ലാഡര്‍ ഫ്രെയിം ആര്‍ക്കിടെക്ച്ചറില്‍ നിര്‍മിക്കുന്ന പുത്തന്‍ ബൊലേറോ 2026നു മുമ്പ് പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും പിക് അപ് ട്രക്കുകളും ഈ ലാഡര്‍ ഫ്രെയിം ആര്‍ക്കിടെക്ച്ചറില്‍ പുറത്തിറക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തേതാണ് പുതു തലമുറ ബൊലേറോ. പുത്തന്‍ മോഡലുകള്‍ കൂടി എത്തുന്നതോടെ വാര്‍ഷിക വാഹന വില്‍പന ഒന്നര ലക്ഷം യൂണിറ്റിലെത്തിക്കാമെന്നും മഹീന്ദ്ര കണക്കുകൂട്ടുന്നുണ്ട്.