ADVERTISEMENT

'ക്ഷമയോടെ കാത്തിരിക്കുന്നവരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്നതിന്റെ തെളിവാണിത്' പുത്തന്‍ ബിഎംഡബ്ല്യുവിന്റെ അടുത്തു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് 39 കാരനായ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ കുറിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന ബോധ്യമുണ്ടെന്നു സമ്മതിക്കുന്ന സാഹ 12 വയസു മുതലുള്ള സ്വപ്‌നമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നും പറയുന്നു. ആഡംബര എസ്‌യുവിയായ ബിഎംഡബ്ല്യു എക്‌സ് 7നാണ് വൃദ്ധിമാന്‍ സാഹയുടെ സ്വപ്‌നം സഫലമാക്കിയ വാഹനം. 

കുട്ടിക്കാലം മുതല്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുക നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അതു സ്വന്തമാക്കുക. സാഹയുടെ ഈ സ്വപ്‌ന സാക്ഷാത്ക്കാരം ബിഎംഡബ്ല്യു എന്ന കമ്പനിക്കു കൂടി ലഭിക്കുന്ന അംഗീകാരമാണ്. തനിക്കും കുടുംബത്തിനും വൈകാരികമായ നിമിഷങ്ങളാണെന്നു കൂടി പുതിയ ബിഎംഡബ്ല്യുവിന് അടുത്തു നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് വൃദ്ധിമാന്‍ സാഹ പറയുന്നുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍നിന്നും സ്ഥാനം നഷ്ടപ്പെട്ട സാഹ വീണ്ടും ദേശീയ ടീമിലെത്താനുള്ള സാധ്യത കുറവാണ്. 2021ലാണ് സാഹ അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ വന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ത്രിപുരക്കുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഇപ്പോള്‍ സ്വന്തം നാടായ പശ്ചിമബംഗാളിനു വേണ്ടി കളിക്കാന്‍ സാഹ തയ്യാറായിട്ടുണ്ട്. ബംഗാളി ക്രിക്കറ്റ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചതോടെയാണ് സാഹ വീണ്ടും പശ്ചിമബംഗാളിലേക്കെത്തുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് സാഹ.

ബിഎംഡബ്ലു എക്‌സ് 7

മൂന്നു മോഡലുകളിലെത്തുന്ന എക്‌സ്7 ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവികളിലൊന്നാണ്. എക്‌സ്‌ഡ്രൈവ്40ഐ എം സ്‌പോര്‍ടിന് 1.27 കോടി രൂപയും എക്‌സ്‌ഡ്രൈവ്40ഡിക്ക് 1.29 കോടി രൂപയും എക്‌സ്‌ഡ്രൈവ്ഡിഎം സ്‌പോര്‍ടിന് 1.30 കോടി രൂപയുമാണ് വില. 1.29 കോടിയുടെ ഡീസല്‍ മോഡലാണ് വൃദ്ധിമാന്‍ സാഹ സ്വന്തമാക്കിയിരിക്കുന്നത്. 

വലിയ കിഡ്‌നി ഗ്രില്‍, റീഡിസൈന്‍ ചെയ്ത എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ക്രോം ഗാര്‍ണിഷ്ഡ് എയര്‍ വെന്റുകള്‍, 3ഡി ടെയില്‍ ലാംപ് എന്നിവയെല്ലാം എക്‌സ്7ലുണ്ട്. പുതു തലമുറ ബിഎംഡബ്ലു മോഡലുകളിലേതു പോലെ എക്‌സ്7ലും പോളറൈസിങ് ഫ്രണ്ട് ഗ്രില്ലുകളാണ്. ഡാഷ്‌ബോര്‍ഡില്‍ ഡ്യുവല്‍ സ്‌ക്രീനുകള്‍. ഒന്ന് 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. അടുത്തത് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്. പനോരമിക് സണ്‍റൂഫ്, 14 കളര്‍ ആംബിയന്റ് ലൈറ്റിങ്, ഡിജിറ്റല്‍ കീ എന്നീ സൗകര്യങ്ങളും ഈ മോഡലിലുണ്ട്. 

പ്രീമിയം ലെതര്‍ അപോള്‍സ്ട്രിയാണ് സീറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍/പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയും യാത്രയെ കൂടുതല്‍ സുഖകരമാക്കുന്നു. എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകള്‍ അഡാസിന്റെ ഭാഗമായെത്തുന്നു. 

സഫയര്‍ ബ്ലാക്ക് നിറത്തിലുള്ള എക്‌സ് 7 ആണ് സാഹയുടേത്. ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഈ മോഡലില്‍ പെട്രോള്‍/ഡീസല്‍ മോഡലുകളുണ്ട്. രണ്ടിലും 3.0 ലീറ്റര്‍ സിക്‌സ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ്. ഡീസല്‍ മോഡലിന് 340 പിഎസ് കരുത്തും പരമാവധി 700 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്ള ഈ മോഡലില്‍ 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്.

English Summary:

Wriddhiman Saha purchases Rs 1.30 crore BMW X7 SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com