ആരെയും അതിശയിപ്പിക്കും ബെൻസിന്റെയും പോർഷെയുടെയും ഈ അപൂർവ മോഡലുകൾ; കോട്ടയത്തുണ്ട് ഈ കാഴ്ച
Mail This Article
മെഴ്സിഡീസ് ബെൻസിന്റെ നൂറ്റി അൻപതോളം മോഡലുകൾ, പോർഷെ, ബിഎംഡബ്ല്യു, ഫെറാറി ഉൾപ്പെടെയുള്ള പ്രീമിയം കാറുകളുടെ വൻ നിര, ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സിന്റെ ഗോസ്റ്റും ഫാന്റവും കള്ളിനനും ഉള്‍പ്പെടുന്ന കളക്ഷൻ. ഇതിന്റെയെല്ലാം ഉടമ ഒരാളാണെന്നു വിശ്വസിക്കാൻ കഴിയുമോ? കോട്ടയം കഞ്ഞിക്കുഴിയിലുള്ള ബിനു ജേക്കബിന്റെ വീട്ടിലേക്കു വന്നാൽ നിങ്ങൾക്ക് ഈ വാഹനങ്ങളെല്ലാം ഒരുമിച്ചു കാണാം. ബിനുവിന്റെ കയ്യിലുള്ള മിനിയേച്ചർ വാഹനങ്ങളെക്കുറിച്ചാണ് പറയുന്നത്. ബാല്യത്തിന്റെ കൗതുകത്തിൽ നമ്മളെല്ലാവരും ഒരുപാട് കുഞ്ഞൻ വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നു നമ്മുടെ കൗമാരത്തിലോ യൗവ്വനത്തിലോ സൂക്ഷിച്ചിട്ടില്ല. എന്നാൽ ഈ വാഹന പ്രേമിയുടെ വീട്ടിലേക്കു ചെന്നാൽ നമുക്കൊരു അദ്ഭുതലോകം കാണാം. മുപ്പത് വർഷമായുള്ള ബിനുവിന്റെ മിനിയേച്ചർ കളക്ഷനിൽ മാർക് വൺ അംബാസിഡർ മുതൽ ലോകോത്തര ബ്രാൻഡുകളുടെ ഒട്ടുമിക്ക വാഹനങ്ങളുമുണ്ട്.
സ്കൂളിൽ പഠിക്കുന്ന കാലത്താണ് ബിനു ആദ്യമായി കുഞ്ഞൻ കാറുകൾ ശേഖരിക്കാന്‍ തുടങ്ങുന്നത്. എന്നാൽ അന്ന് ആ ശേഖരത്തിൽ അധികം വാഹനങ്ങളൊന്നുമില്ലായിരുന്നു പിന്നീട് മുപ്പത് വർഷങ്ങൾക്കു മുൻപ് ലഭിച്ച ബെൻസിന്റെ 500 കെ എന്ന മോഡലിൽ നിന്നുമാണ് ആയിരത്തി അഞ്ഞൂറോളം വരുന്ന വാഹനങ്ങളുടെ കളക്ഷനിലേക്കെത്തുന്നത്. വിദേശത്തു നിന്നും വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ബിനുവിന് സമ്മാനമായി നൽകിയ വാഹനങ്ങളും പണം കൊടുത്ത് വാങ്ങിയവയും സ്വന്തമായി നിർമിച്ച കുഞ്ഞൻ വാഹനങ്ങളും ഈ മിനിയേച്ചർ ഗാരിജിലുണ്ട്. കുഞ്ഞൻ വാഹനങ്ങൾ മാത്രമല്ല അവയുടെ പാതകളും മിനിയേച്ചർ ഗാരിജും ചുറ്റുപാടുമെല്ലാം ബിനു ഇവിടെ നിർമിച്ചിട്ടുണ്ട്.
കാറുകൾക്കായി ഒരു മുറി
ആരും വാങ്ങാൻ ആഗ്രഹിക്കുന്ന പ്രീമിയം കാറുകളുടെ സ്കെയിൽ മോഡലുകളുണ്ട്. മാർക്ക് വൺ അംബാസിഡറിന്റെ സ്കെയിൽ മോഡലാണ് ഈ കളക്ഷനിലെ ഏറ്റവും കൗതുകമായ വാഹനം. ബിനുവിന്റെ സ്വന്തം മാർക് വണ്ണിന്റെ അതേ നിറത്തിലും അതേ നമ്പറിലും തന്നെ ഒരു കുഞ്ഞൻ അംബാസിഡർ. പുണെയിലുള്ള സ്കെയിൽ ആർട്സ് ഇന്ത്യ എന്ന കമ്പനിയാണ് ഈ മിനിയേച്ചർ കാർ നിർമിച്ചു നൽകിയത്. കറുത്ത നിറത്തിലുള്ള മാർക് വണ്ണും ഇളം മഞ്ഞ നിറത്തിലുള്ള മാർക് 2 വും നമുക്കിവിടെ കാണാം. ബെൻസിന്റെ ആദ്യത്തെ മോഡൽ മുതൽ സി ക്ലാസും എസ്ക്ലാസും ജി വാഗണും ഉൾപ്പെടുന്ന നൂറ്റി അൻപതോളം വ്യത്യസ്ത മോഡലുകൾ ബിനുവിന്റെ വീട്ടിലെ ഷോകേസിൽ ഉണ്ട്. ആദ്യം വീട്ടിനുള്ളിലായിരുന്നു കാർ ശേഖരം എന്നാൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ വീടിനു പുറത്ത് ഒരു മുറി തന്നെ നിർമിച്ചാണ് കാറുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ലക്ഷങ്ങൾ വിലയുള്ള കുഞ്ഞൻ ശേഖരം
ഈ വാഹനങ്ങളുടെ വില ചോദിച്ചാൽ ഒരു പുഞ്ചിരി മാത്രമാണ് ബിനുവിന്റെ മറുപടി. രണ്ടായിരം രൂപ മുതലുള്ള കുഞ്ഞൻ വാഹനങ്ങൾ ഈ ഗാരിജിലുണ്ട് .വാഹനങ്ങളുടെ ബ്രാന്‍ഡിനും മോഡലിനുമനുസരിച്ച് വിലയിൽ മാറ്റം വരും. ഇരുപതിനായിരം രൂപയിലധികം വില വരുന്ന കാറുകളും ഈ കളക്ഷനിലുണ്ട്. എന്നാൽ പല മോഡലുകളും ഇന്ന് മാർക്കറ്റിൽ ലഭിക്കാത്തവയാണ്. അതിനാൽ തന്നെ അവയ്ക്കൊക്കെ മോഹവിലയാണ് ഈ ഗരാജിലുള്ള കുഞ്ഞൻ വാഹനങ്ങളുടെയെല്ലാം തുക കൂട്ടിയാൽ ഒരു പ്രീമിയം കാറിനോളം വില വരുന്നുണ്ട്.
തന്റെ മുപ്പതുകളിൽ ബിനു ജേക്കബ് തുടങ്ങിയ ശേഖരം ഏതൊരു വാഹന പ്രേമിയുടെയും മനസ്സു നിറക്കുന്നതാണ് അറുപത്തി നാലാം വയസ്സിലും ഒരു കൊച്ചു കുട്ടിയെപ്പോലെ കുഞ്ഞൻ വാഹനങ്ങളെ സ്നേഹിച്ചും പരിപാലിച്ചും പോകുന്ന ബിനുവും വാഹന ശേഖരവും എന്നും ഒരു കൗതുകമാണ്.