ADVERTISEMENT

ഇന്ത്യയില്‍ 2026ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പുതു തലമുറ ജീപ്പ് കോംപസ് പദ്ധതിയില്‍ നിന്നും പിന്മാറി സ്റ്റെല്ലാന്റിസ്. ലോകത്തെ നാലാമത്തെ വലിയ വാഹന നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ് ജെ4യു എന്ന പ്രൊജക്ടിലാണ് പുത്തന്‍ ജീപ് കോംപസിനെ ഒരുക്കിയിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലാഭകരമാവില്ലെന്ന് കണ്ടാണ് ഒരു വര്‍ഷത്തോളമായി സജീവമായിരുന്ന പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സ്റ്റെല്ലാന്റിസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്തെ റിപ്പോര്‍ട്ടുകള്‍

പിന്മാറ്റത്തിനു പിന്നില്‍

ജെ4യു പ്രൊജക്ടിനായി 400-500 ദശലക്ഷം ഡോളര്‍(ഏകദേശം 3,344-4180 കോടി രൂപ) നിക്ഷേപം നടത്തിയ സ്റ്റെല്ലാന്റിസ് പുതിയ STLA-M പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ പുതുതലമുറ കോംപസ് വാഹനങ്ങള്‍ മാത്രമല്ല മലേഷ്യന്‍ വിപണിയിലേക്കായി പ്യൂഷോ എസ് യു വികളും ഇന്ത്യയില്‍ നിര്‍മിക്കാനും സ്റ്റെല്ലാന്റിസിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കോംപസ് വാഹനങ്ങളുടേയും മലേഷ്യയിലെ പ്യൂഷോ എസ് യു വികളുടേയും ആവശ്യകത കുറഞ്ഞതാണ് സ്റ്റെല്ലാന്റിസിനെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്. 

സെഡാന്‍, ക്രോസ് ഓവര്‍, എസ് യു വി എന്നിങ്ങനെ വ്യത്യസ്ത ബോഡി സ്‌റ്റൈലിലുള്ള വാഹനങ്ങള്‍ STLA-M പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. അഡാസ് സുരക്ഷാ ഫീച്ചറുകളും ഈ പ്ലാറ്റ്‌ഫോമില്‍ വരുന്ന വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാവും. ICE വാഹനങ്ങള്‍ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളും STLA-M പ്ലാറ്റ്‌ഫോമില്‍ ഒരുക്കാം. ഇത്രയും സവിശേഷതകളുണ്ടെങ്കിലും ഈ പ്ലാറ്റ്‌ഫോം നിര്‍മിക്കാനായി സ്‌റ്റെല്ലാന്റിസിന് വലിയ തുക ചിലവിടേണ്ടി വന്നിട്ടുണ്ട്. 

STLA-M പ്ലാറ്റ്‌ഫോം നിര്‍മിക്കാനായി പ്രതീക്ഷിച്ചതിനേക്കാളും 1.7 ഇരട്ടി തുക ചിലവിടേണ്ടി വന്നു. പണം ചിലവിടുന്നതില്‍ കടുത്ത നിര്‍ബന്ധങ്ങളുള്ള സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് ടവേറാസ് അടക്കമുള്ളവര്‍ എതിര്‍ത്തതോടെയാണ് പുതു തലമുറ ജീപ് കോംപസ് അടക്കമുള്ള വാഹനങ്ങള്‍ സ്വപ്‌നമായി അവശേഷിക്കുന്നത്. അതേസമയം ഇന്ത്യന്‍ വിപണിയെ പ്രാധാന്യത്തോടെ തന്നെയാണ് സ്‌റ്റെല്ലാന്റിസ് കാണുന്നതെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചത്. അമേരിക്കക്കു പുറത്ത് ഇന്ത്യയില്‍ മാത്രമാണ് നാലു ജീപ് മോഡലുകള്‍ നിര്‍മിക്കുന്നതെന്നും നിലവിലെ മോഡലുകളുടെ നിര്‍മാണം തുടരുമെന്നും സ്‌റ്റെല്ലാന്റിസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

കോംപസ് തുടരും

2026നു ശേഷവും നിലവിലെ ജീപ് കോംപസ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. നേരത്തെ 2026ല്‍ പുതു തലമുറ കോംപസ് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോഴത്തെ ജീപ് കോംപസ് ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് 2017-18 വര്‍ഷങ്ങളിലാണ്. അന്ന് 1500-2000 യൂണിറ്റുകളാണ് ശരാശരി വിറ്റിരുന്നത്. ഇപ്പോള്‍ കഴിഞ്ഞ ആറു മാസത്തെ കണക്കു നോക്കിയാല്‍ പ്രതിമാസം 270 ജീപ് കോംപസുകളാണ് ഇന്ത്യയില്‍ ശരാശരി വിറ്റുപോവുന്നത്. 

2017ല്‍ പുറത്തിറങ്ങിയ ജീപ് കോംപസ് 2021ല്‍ മുഖം മിനുക്കിയെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ജീപ് കോംപസ് വീണ്ടും പുതു രൂപത്തിലെത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്. 2023 മെയ് മാസത്തില്‍ ജീപ് കോംപസ് പെട്രോള്‍ എന്‍ജിന്‍ വകഭേദം സ്‌റ്റെല്ലാന്റിസ് ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചിരുന്നു. നിലവില്‍ ഡീസല്‍ മോഡൽ മാത്രമാണ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ജീപ് കോംപസിനുള്ളത്.

English Summary:

Jeep shelves next-gen Compass for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com