ധോണിയുടെ പേരിൽ 100 വാഹനം; ആരാധകരെ കാത്ത് മാറ്റങ്ങളുമായി സിട്രോൺ സി3 എയർക്രോസ്
Mail This Article
കഴിഞ്ഞ മാസമാണ് സിട്രോൺ ഇന്ത്യ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തത്. ധോണി ആരാധകർക്ക് ആഘോഷമാക്കാനായി ഒരു പ്രഖ്യാപനവും അന്ന് കമ്പനി നടത്തിയിരുന്നു. ധോണിയുടെ പേരിൽ വാഹനം പുറത്തിറക്കുമെന്നായിരുന്നുവത്. 'ധോണി എഡിഷൻ' സി 3 എയർക്രോസ് എന്ന പേരിൽ കമ്പനി ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾ ഇപ്പോൾ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഈ പ്രത്യേക എഡിഷൻ മോഡൽ 100 എണ്ണം മാത്രമേ വിപണിയിലെത്തുകയുള്ളൂ. 11.82 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. സ്റ്റാൻഡേർഡ് സി 3 എയർക്രോസിന് എക്സ് ഷോറൂം വില 8.99 ലക്ഷം രൂപ മുതലാണ്.
സിട്രോൺ സി3 എയർക്രോസ് ധോണി എഡിഷനിൽ എന്തൊക്കെയാണ് പുതുമകൾ?
വാഹനത്തിന് അടിസ്ഥാന പരമായി വലിയ മാറ്റങ്ങളൊന്നുമില്ല. ധോണി എഡിഷനിലിൽ പ്രത്യേക ആക്സസറീസും ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. കളർ കോർഡിനേറ്റഡ് സീറ്റ് കവറുകൾ, കുഷ്യൻ പില്ലോ, സീറ്റ് ബെൽറ്റ് കുഷ്യൻ, ഇല്ല്യൂമിനേറ്റഡ് സിൽ പ്ലേറ്റ്സ്, ഡാഷ് ക്യാം എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഈ എസ് യു വിയിലുണ്ട്. എല്ലാ ധോണി എഡിഷൻ സി 3 എയർക്രോസിലും ധോണി തീമിലുള്ള ഗ്ലൗ ബോക്സ് ഉണ്ടാകും. എന്നാൽ ഇതൊന്നുമല്ലാതെ, ഈ 100 വാഹനങ്ങളിലൊന്നിൽ ധോണിയുടെ കയ്യൊപ്പുള്ള വിശേഷപ്പെട്ട ഒരു ഗ്ലൗ കൂടി കാണും.
സ്റ്റാൻഡേർഡ് മോഡലിനു സമാനമായ 1.2 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ തന്നെയാണ് ധോണി എഡിഷൻ സി 3 എയർക്രോസിലും. 110 എച്ച് പി കരുത്തും 190 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. കൂടാതെ, 6 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും ജൂൺ 18 മുതൽ ഈ എഡിഷൻ ബുക്ക് ചെയ്യാവുന്നതാണ്.