സുരക്ഷയല്ലേ പ്രധാനം! അടിസ്ഥാന മോഡൽ മുതൽ 6 എയർബാഗുകളുള്ള 8 കാറുകൾ
Mail This Article
കാറുകളുടെ സുരക്ഷയേക്കാള്‍ മറ്റു പല ഘടകങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്നു എന്ന ആരോപണം ഏറെക്കാലമായി ഇന്ത്യന്‍ കാര്‍ വിപണിക്കെതിരെ ഉണ്ട്. എന്നാല്‍ അടുത്തകാലത്തായി കാര്യങ്ങളില്‍ വലിയ തോതില്‍ മാറ്റമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണങ്ങളും കാര്‍ നിര്‍മാണ കമ്പനികളുടെ തീരുമാനങ്ങളും സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കാറുകളിലേക്ക് ഉപഭോക്താക്കളെ കൂടുതലായി എത്തിച്ചിട്ടുണ്ട്. അടിസ്ഥന മോഡലിൽ തന്നെ 6 എയര്‍ ബാഗുകളുമായി എത്തുന്ന നിരവധി കാറുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലുണ്ട്.
ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്
ആറ് എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേഡായി എത്തുന്ന ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസാണ്. 5.92 ലക്ഷം രൂപ മുതല്‍ ഹ്യുണ്ടേയ്ഗ്രാന്‍ഡ് ഐ10 ലഭ്യമാണ്. സ്വിഫ്റ്റ് അടക്കമുള്ള എല്ലാ മോഡലുകളും വിലയില്‍ ഗ്രാന്‍ഡ് ഐ10 നിയോസിനേക്കാള്‍ മുകളിലാണ്.
ഹ്യുണ്ടേയ് എക്‌സ്റ്റര്‍
ഹ്യുണ്ടേയുടെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി വരുന്ന മറ്റൊരു മോഡലാണ് എക്‌സ്റ്റര്‍. വില ആരംഭിക്കുന്നത് 6.12 ലക്ഷം രൂപ മുതല്‍. ആറ് എയര്‍ബാഗുകളുടെ സുരക്ഷയുള്ള ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ എസ് യു വി എക്സ്റ്ററാണ്. എതിരാളികളായ ടാറ്റ പഞ്ചിനും സിട്രോണിനുമൊന്നും അവകാശപ്പെടാനില്ലാത്ത മികവുകളാണിത്.
ഹ്യുണ്ടേയ് ഓറ
ബജറ്റ് കാറുകള്‍ കൊണ്ട് എങ്ങനെയാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടേയ് സാന്നിധ്യമുറപ്പിച്ചതെന്നതിന്റെ തെളിവാണ് ഈ പട്ടികയിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ഹ്യുണ്ടേയ് കൊണ്ടുപോവുന്നത്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എത്തുന്ന ഓറയുടെ വില 6.48 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 6 എയര്‍ ബാഗുകളുള്ള സെഡാനാണിത്.
മാരുതി സുസുക്കി സ്വിഫ്റ്റ്
പുത്തന്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ് നാലാം സ്ഥാനത്ത്. നാലാം തലമുറ സ്വിഫ്റ്റിന്റെ വില 6.48 ലക്ഷം മുതല്‍ ആരംഭിക്കുന്നു. മാരുതിയുടെ താരതമ്യേന പ്രീമിയം വാഹനങ്ങളായ ബലേനോ, ഫ്രോങ്‌സ്, ബ്രെസ എന്നിവയുടെ സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്കെല്ലാം രണ്ട് എയര്‍ ബാഗുകളാണ്. എന്നാല്‍ പ്രതീക്ഷകള്‍ക്കും മേലെ ആറ് എയര്‍ബാഗുകളുമായാണ് പുതിയ സ്വിഫ്റ്റ് വന്നത്.
ഹ്യുണ്ടേയ് ഐ20
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രീമിയം ഹാച്ച്ബാക്ക്. ഐ20യുടെ എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകളുടെ സുരക്ഷയുണ്ട്. വില ആരംഭിക്കുന്നത് 7.04 ലക്ഷം മുതല്‍. 13 വകഭേദങ്ങളിലായി 11.21 ലക്ഷം രൂപ വരെ വിലയുള്ള ഐ20 ഇന്ത്യയിലെത്തുന്നുണ്ട്.
മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ
മഹീന്ദ്രയുടെ സമീപകാല സൂപ്പര്‍ഹിറ്റുകളിലൊന്നായ വാഹനത്തിന്റെ വില 7.49 ലക്ഷം മുതല്‍ ആരംഭിക്കുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലെത്തുന്ന എക്‌സ്‌യുവി 3എക്‌സ്ഒ 18 വകഭേദങ്ങളില്‍ വിപണിയിലെത്തുന്നു. ഓട്ടമാറ്റിക് മോഡലിന്റെ വില 9.99 ലക്ഷം രൂപ മുതല്‍. എല്ലാ മോഡലുകളിലും 6 എയര്‍ ബാഗുകളുള്ള എക്‌സ്‌യുവി 3എക്‌സ്ഒയില്‍ ലെവല്‍ 2 അഡാസ് സുരക്ഷയാണ് മഹീന്ദ്ര നല്‍കിയിരിക്കുന്നത്.
കിയ സോണറ്റ്
കിയ സോണറ്റിന് 6 എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലുമുണ്ട്. 7.99 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. ഡീസല്‍ മോഡലിന്റെ വില 9.99 ലക്ഷം മുതലാണ്. 1.2 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ മോഡലുകള്‍ സോണറ്റിലുണ്ട്. കിയയുടെ ഇന്ത്യയുടെ പ്രധാന മോഡലുകളിലൊന്നായ സോണറ്റിനെ വലിയ തോതില്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയില്‍ സോണറ്റിന്റെ വില്‍പന നാലു ലക്ഷം കടന്നിരുന്നു.
ഹ്യുണ്ടേയ് വെന്യു
ഹ്യുണ്ടേയ് വെന്യുവിന്റെ അടിസ്ഥാന മോഡൽ മുതൽ ആറ് എയർബാഗുകളുടെ സുരക്ഷയുണ്ട്. 7.94 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ മോഡലുകള്‍ വെന്യുവിലുണ്ട്.
ടാറ്റ നെക്‌സോണ്‍
ക്രാഷ് ടെസ്റ്റില്‍ ആദ്യമായി 5 സ്റ്റാര്‍ നേടിയ ഇന്ത്യന്‍ കാര്‍ മോഡലായ നെക്‌സോണ്‍ എയര്‍ബാഗിന്റെ കാര്യത്തിലും ഒട്ടും മോശമല്ല. ആറ് എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലും നെക്‌സോണ്‍ നല്‍കുന്നു. വില 7.99 ലക്ഷം രൂപ മുതല്‍. ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ ഹിറ്റായ നെക്‌സോണ്‍ 2017ലാണ് പുറത്തിറങ്ങുന്നത്. ആറു വര്‍ഷം കൊണ്ട് ഏഴു ലക്ഷം നെക്‌സോണുകള്‍ വില്‍ക്കാന്‍ ടാറ്റക്കായി. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍, ഇവി മോഡലുകള്‍ വിപണിയിലുണ്ട്.