ഏഴുപേർക്ക് സഞ്ചരിക്കാം, ഡീസൽ എൻജിൻ; ആ മൂന്നു വാഹനങ്ങൾ ഇവയാണ്
Mail This Article
കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ ബജറ്റ് സെഗ്മെന്റുകളില്‍ നിന്നും ഡീസല്‍ എന്ജിന് വാഹനങ്ങള്‍ പുറത്താണ്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഡീസല്‍ മോഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും കൂടുതല്‍ ഓട്ടമുള്ളവര്‍ക്ക് പ്രിയം ഡീസല്‍ കാറുകള്‍ തന്നെ. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനചിലവുമാണ് ഡീസല്‍ കാറുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ 30 ലക്ഷം രൂപയിലും കുറഞ്ഞ വിലയില്‍ ആകെ മൂന്നു ഡീസല്‍ എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍)കള്‍ മാത്രമാണുള്ളത്.
കിയ കാരന്‍സ്
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഡീസല്‍ എംപിവിയാണ് കിയ കാരന്‍സ്. 115 എച്ച്പി, 250എന്‍എം, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. മൂന്നു നിരകളിലായി സീറ്റുകള്‍. 20 ലക്ഷം രൂപയില്‍ താഴെ വിലയില്‍ പ്രീമിയം ഫീച്ചറുകളുള്ള ഏറ്റവും മികച്ച എംപിവിയാണ് കാരന്‍സ്. വില 12.65 ലക്ഷം മുതല്‍ 19.67 ലക്ഷം രൂപ വരെ.
മഹീന്ദ്ര മരാസൊ
മാരുതി എര്‍ട്ടിഗക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കും ഇടയിലെ ഏക മോഡലായാണ് 2018ല്‍ മരാസൊയെ മഹീന്ദ്ര പുറത്തിറക്കുന്നത്. ദീര്ഘദൂരയാത്രകള്ക്കിണങ്ങുന്ന ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും കരുത്തുമുള്ള ഈ 7 സീറ്റര്‍ വാഹനം മഹീന്ദ്രയുടെ പ്രതീക്ഷക്കൊത്തു വിറ്റു പോവാത്ത വാഹനമാണ്. 123എച്ച്പി, 300എന്‍എം, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് ഏതുമലയും കയറി പോവാന്‍ കരുത്തുള്ളതാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 4 സ്റ്റാര്‍ സുരക്ഷയുള്ള വാഹനം കൂടിയാണിത്. വില 14.59 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ
എംപിവി വിഭാഗത്തിലെ പ്രധാനിയാണ് ഇന്നോവ ക്രിസ്റ്റ. ടാക്സിയായാലും സ്വകാര്യ ആവശ്യത്തിനായാലും സവിശേഷ ആരാധകര്‍ വര്‍ഷങ്ങളായുള്ള വാഹനം. സ്ഥല സൗകര്യത്തിനും ഫീച്ചറുകള്‍ക്കുമൊപ്പം ടൊയോട്ടയുടെ വിശ്വാസ്യതയും കൂടിയായപ്പോള്‍ ക്രിസ്റ്റക്ക് മുന്നേറ്റാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. 150എച്ച്പി, 343എന്‍എം, 2.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. വേഗത കുറയുമ്പോള്‍ ചെറിയ കുലുക്കങ്ങളുടെ പരാതികളുണ്ടാവാമെങ്കിലും ആവശ്യത്തിന് വേഗത കൈവരിച്ചു കഴിഞ്ഞാല്‍ ഇന്നോവ ക്രിസ്റ്റയോളം യാത്രാ സുഖമുള്ള വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ കുറവാണ്. വില 19.99 ലക്ഷം രൂപ മുതല്‍ 26.55 ലക്ഷം രൂപ വരെ.