‘വീഴ്ചകളിൽ നിന്ന് പഠിക്കുന്നു’; ബിഎംഡബ്ല്യുവിൽ മഞ്ജു വാരിയറുടെ ഓഫ് റോഡ് റൈഡ്
Mail This Article
ബിഎംഡബ്ല്യു ബൈക്കിൽ ഓഫ് റോഡ് റൈഡ് നടത്തി മഞ്ജു വാര്യർ. അഡ്വഞ്ചർ ടൂറർ 1250 ജിഎസ്സിലാണ് നടിയുടെ ഓഫ് റോഡ് റൈഡ്. വീഴുന്നു... ചെളി പുരളുന്നു... പഠിക്കുന്നു എന്ന കുറിപ്പോടെയാണ് ബൈക്കുമൊത്തുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. സഹയാത്രികരായ ബിനീഷ് ചന്ദ്രനും അബ്രോയ്ക്കും നന്ദിയും പോസ്റ്റിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് മഞ്ജു വാരിയർ ബിഎംഡബ്ല്യു 1250 ജിഎസ് സ്വന്തമാക്കിയത്. ബൈക്കിൽ യാത്ര നടത്തുന്ന ചിത്രങ്ങളും മഞ്ജുവാരിയർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയത് എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം ഒരുപാടു കാലമായി കൂടെയുണ്ട്, എന്നാൽ അജിത്തിന്റെയൊപ്പമുള്ള യാത്ര ആ ആഗ്രഹത്തിന്റെ തീവ്രത കൂട്ടി. അങ്ങനെയാണ് ലൈസൻസ് എടുത്തതും ബൈക്ക് സ്വന്തമാക്കിയതുമെന്നാണ് നേരത്തെ പറഞ്ഞത്.
ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1254 സിസി എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 136 ബിഎച്ച്പിയാണ് ബൈക്കിന്റെ കരുത്ത്. 143 എൻഎം ടോർക്കുമുണ്ട് ബൈക്കിന്. ഏകദേശം 20.55 ലക്ഷം രൂപയായിരുന്നു മഞ്ജു വാരിയർ വാങ്ങിയപ്പോൾ വാഹനത്തിന്റെ എക്സ്ഷോറൂം വില.