വില, 95000 രൂപ, റേഞ്ച് 330 കി.മീ; ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്, ഫ്രീഡം 125
Mail This Article
ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്. ഫ്രീഡം 125 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ വില 95000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാണ്. 125 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 9.5 എച്ച്പി കരുത്തും 9.7 എൻഎം ടോർക്കുമുണ്ട്. പെട്രോളിലും സിഎൻജിയിലും വാഹനം ഉപയോഗിക്കാം. ഡ്രൈവിങ്ങിനിടയില്‍ തന്നെ റൈഡറുടെ ഇഷ്ടാനുസരണം പെട്രോളിലേക്കും സിഎന്‍ജിയിലേക്കും സ്വിച്ച് ചെയ്യാം.
പെട്രോൾ ടാങ്കിന് 2 ലീറ്റർ കപ്പാസിറ്റിയും സിഎൻജി ടാങ്കിന് 2 കിലോഗ്രാം കപ്പാസിറ്റിയുമുണ്ട്. ഒരു കിലോ സിഎൻജിയിൽ 105 കിലോമീറ്ററും ഒരു ലീറ്റർ പെട്രോളിൽ 65 കിലോമീറ്ററും ബൈക്ക് ഓടും. രണ്ട് ഇന്ധനങ്ങളും ചേര്‍ന്ന് 330 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിയ സീറ്റ്, താരതമ്യേന വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങിലെ ഫെന്‍ഡര്‍, എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാംപ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, അലോയ് വീലുകള്‍, ചെറിയ ടെയ്ല്‍ ലാമ്പ്, നീളമുള്ള ഹാന്‍ഡില്‍ ബാര്‍ എന്നിവ ഫ്രീഡത്തിലുണ്ട്. ഏഴ് വ്യത്യസ്തമായ നിറങ്ങളില്‍ ഈ ബൈക്ക് വിപണിയില്‍ എത്തുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.
ട്രെല്ലീസ് ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ബജാജിന്റെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനോട് സമാനമായ ഫീച്ചറുകൾ ബൈ ഫ്യൂവൽ ബൈക്കിലുമുണ്ട്. തുടക്കത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ബൈക്ക് ലഭിക്കുക. ഒരു മാസത്തിനകം മറ്റ് സംസ്ഥാനങ്ങളിലും പുറത്തിറക്കുമെന്ന് ബജാജ് പറയുന്നു.