ADVERTISEMENT

കരിസ്മ എക്‌സ്എംആര്‍ അടിസ്ഥാനമാക്കിയുള്ള സെന്റെനിയല്‍ എഡിഷന്‍ ബൈക്ക് പുറത്തിറക്കാന്‍ ഹീറോ. ആകെ 100 ബൈക്കുകള്‍ മാത്രം പുറത്തിറക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ ബൈക്ക് ലേലത്തിലൂടെയാവും ലഭ്യമാക്കുക. ജനുവരിയില്‍ നടന്ന ഹീറോ വേള്‍ഡ് ഇവന്റില്‍ ആദ്യമായി പുറത്തിറക്കിയ സെന്റെനിയല്‍ എഡിഷന്റെ വിതരണം സെപ്തംബറില്‍ ആരംഭിക്കും. 

എക്‌സ്ട്രീം 125ആറിനും മാവ്‌റിക് 440ക്കും ഒപ്പമാണ് സെന്റെനിയല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകളും ഹീറോ പുറത്തിറക്കിയിരുന്നത്. കമ്പനി സ്ഥാപകന്‍ ഡോ. ബ്രിജ്‌മോഹന്‍ ലാല്‍ മുന്‍ജാളിന്റെ 101ാം ജന്മദിനം പ്രമാണിച്ചാണ് ഈ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ ഹീറോ പുറത്തിറക്കുന്നത്. ഹീറോയിലെ ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കുമാണ് സെന്റെനിയല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ലേലത്തെ തുടര്‍ന്നു ലഭിക്കുന്ന പണം സാമൂഹ്യ നന്മക്കായി ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

കരിസ്മ എക്‌സ്എംആറിന്റെ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഈ മോട്ടോര്‍സൈക്കിളില്‍ കാര്‍ബണ്‍ ഫൈബര്‍ ബോഡി വര്‍ക്കും സോളോ സീറ്റും ഫുള്ളി അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. അക്രപോവികില്‍ നിന്നുള്ളതാണ് കാര്‍ബണ്‍ ഫൈബര്‍ എക്‌സ്‌ഹോസ്റ്റ്. 158കിലോഗ്രാം മാത്രമാണ് ഭാരം. കരിസ്മ എക്‌സ്എംആറിനേക്കാള്‍ 5.5 കിലോഗ്രാം കുറവാണിത്. ജനുവരിയില്‍ പുറത്തിറക്കിയ ശേഷവും ചെറിയ മാറ്റങ്ങള്‍ വാഹനത്തില്‍ ഹീറോ വരുത്തിയിട്ടുണ്ട്. 

ഈ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്കില്‍ ഡോ. ബ്രിഡ്‌മോഹന്റെ മുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 210സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ചുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചാര-കറുപ്പ് നിറങ്ങളില്‍ എത്തുന്ന സെന്റെനിയല്‍ സ്‌പെഷല്‍ എഡിഷനില്‍ ഏതാനും കാര്‍ബണ്‍ ഫൈബര്‍ ഭാഗങ്ങളുമുണ്ട്. മെറ്റാലിക് റെഡ് നിറമാണ് ഫ്രെയിമിന് നല്‍കിയിരിക്കുന്നത്. ഫ്രണ്ട് ഫോര്‍ക്ക്, പിന്നിലെ സ്വിങ്ആം, ക്രാങ്ക്‌കേസ് എന്നിവയും ചുവപ്പു നിറത്തിലാണ് വരുന്നത്. 

യുഎസ്ഡി ഫോര്‍ക്ക്, ഓനിസ് മോഷോഷോക്ക്, റേഡിയല്‍ ഫ്രണ്ട് ബ്രേക്ക് കാലിപ്പര്‍ എന്നിവയും ഈ മോട്ടോര്‍ സൈക്കിളിലുണ്ടാവും. പിറേലി ടയറാണ് ഉപയോഗിക്കുകയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കരിസ്മ എക്‌സ്എംആറിലേതു പോലെ എംആര്‍എഫ് ടയറാണ് ഉപയോഗിക്കുകയെന്നും കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com