വിപണിയിൽ തിളങ്ങാൻ ടൊയോട്ടയുടെ ഈ പുത്തൻ വാഹനങ്ങൾ; അറിയാം വിശേഷങ്ങള്‍
Mail This Article
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നു പുതിയകാറുകള്‍ പുറത്തിറക്കും. ഇന്ത്യന്‍ വിപണിയില്‍ എസ് യു വികളോടുള്ള താല്പര്യം തിരിച്ചറിഞ്ഞുകൊണ്ട് മൂന്ന് എസ് യു വികളെ തന്നെയാണ് ടൊയോട്ട പുറത്തിറക്കുന്നത്. ഇക്കൂട്ടത്തില്‍ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറുമുണ്ട്. മാരുതി സുസുക്കിയുമായി സഹകരിച്ച് പുറത്തിറക്കുന്ന ഇവി അടക്കമുള്ള എസ് യു വികളുടെ വിശേഷങ്ങള്‍ വിശദമായി അറിയാം.
അര്‍ബന്‍ ഇലക്ട്രിക് എസ് യു വി
ടൊയോട്ടയുടെ ആദ്യ ഓള് ഇലക്ട്രിക് കാര്‍. ടോക്യോയില്‍ നടന്ന ജപ്പാന് മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുക്കി ഇവിഎക്സിന്റെ ബാഡ്ജ് എന്‍ജിനീയറിങ് പതിപ്പാണ് അര്‍ബന്‍ ഇലക്ട്രിക് എസ് യു വി. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയും മാരുതിയും ചേര്‍ന്ന് നിര്‍മിച്ച 27പിഎല്സ്കേറ്റ്ബോര്ഡ് പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുക.
48kWh, 60kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളില്‍ എത്തുമെന്ന് കരുതുന്നു. 550 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന റേഞ്ച്. ഇന്ത്യയിലെ ടൊയോട്ട മോഡലുകള്‍ കൂടുതല്‍ വൈവിധ്യവല്ക്കരിക്കുകയെന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഐസിഇ, ഹൈബ്രിഡ് മോഡലുകള്‍ക്കൊപ്പം അര്‍ബന്‍ ഇലക്ട്രിക് എസ് യു വിയുടെ വരവോടെ ടൊയോട്ടയുടെ ഇലക്ട്രിക് മോഡലും ഇന്ത്യയില്‍ സജീവമാവും.
ഫോര്‍ച്യൂണര്‍ ഹൈബ്രിഡ്
ടൊയോട്ടയുടെ ഫോര്‍ച്യൂണറിനും വരും മാസങ്ങളില്‍ പുതുക്കിയത് എത്തും. പുതു തലമുറയോ, മുഖം മിനുക്കിയ പതിപ്പോ ആയിരിക്കില്ല ഇക്കുറി. ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് വകഭേദം തന്നെയാവും ഇന്ത്യയിലെത്തുക. ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യാന്തര വിപണികളില്‍ ടൊയോട്ട ഈ വാഹനം വില്‍ക്കുന്നുണ്ട്.
48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഫോര്‍ച്യൂണറിന്റെ ആകെ മൊത്തം പ്രകടനവും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കും. ആക്സിലറേഷന്റെ സമയത്തും കുറഞ്ഞ വേഗതയിലും ഹൈബ്രിഡ് സിസ്റ്റത്തിന്റെ കൈകളിലായിരിക്കും ഫോര്‍ച്യൂണറിന്റെ നിയന്ത്രണം. സാധാരണ ഫോര്‍ച്യൂണറിനെ അപേക്ഷിച്ച് ഹൈബ്രിഡിന് മലിനീകരണവും കുറവാണ്.
2.8 ലീറ്റര്‍ ഡീസല്‍ തന്നെയാണ് എംഎച്ച്ഇവി ഫോര്‍ച്യൂണറിന്റേയും എന്ജിന് ഓപ്ഷന്. ബാറ്ററിയും മോട്ടോറും കൂടി വരുന്നതോടെ കരുത്തില്‍ വ്യത്യാസങ്ങളുണ്ടാവും. ഡീസല്‍ ഫോര്‍ച്യൂണറിലാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ വരുന്നത്. പെട്രോള്‍ ഫോര്‍ച്യൂണറില്‍ 2.7 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്ജിന് തുടരും.
7 സീറ്റര്‍ ഹൈറൈഡര്‍
ഹ്യുണ്ടേയ് അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്സ് യു വി 700, ടാറ്റ സഫാരി എന്നീ ബിഗ് ബോയ്സുമായി മത്സരിക്കാന്‍ ടൊയോട്ടയുടെ 7 സീറ്റര്‍ ഹൈറൈഡറും എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ 7 സീറ്റര്‍ വകഭേദമാണിത്. ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ വകഭേദം തന്നെയാണ് അടിസ്ഥാനം.
വലുപ്പം കൂടിയതിനാല്‍ പുതിയ 7 സീറ്റര്‍ ഹൈ റൈഡര്‍ക്ക് ചില രൂപ മാറ്റങ്ങളും പ്രതീക്ഷിക്കാം. എന്നാല്‍ 5 സീറ്ററിന്റെ അതേ എന്ജിന് ഓപ്ഷനാണ് 7 സീറ്ററിലുമെന്നത് നിരാശപ്പെടുത്തുന്നു. സാധാരണ ഹൈറൈഡറേക്കാള് അധികം ഫീച്ചറുകളും ഉണ്ടായേക്കും. ഓല് വീല്‍ ഡ്രൈവ് 7 സീറ്ററിലും ഉണ്ടാവുമോ എന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല.