ADVERTISEMENT

ജപ്പാനില്‍ ജനിച്ച് ലോകത്തിന്റെ പ്രീതി സ്വന്തമാക്കിയ നിസാന്‍ എക്‌സ് ട്രെയില്‍ ഇന്ത്യയിലേക്ക്. നിസാന്‍ ഇന്ത്യ പുറത്തുവിട്ട ടീസറിലാണ് എക്‌സ് ട്രെയിലിന്റെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള വലിയ വാഹനമായ എക്‌സ് ട്രെയിലിന് ഡ്യുവല്‍ പാന്‍ സണ്‍റൂഫ് അടക്കമുള്ള ഫീച്ചറുകളുണ്ടായിരിക്കും. 

എക്‌സ് ട്രെയില്‍ എസ്‌യുവി ഇന്ത്യയിലെത്തുന്നതിന് മുമ്പായി രണ്ടാം ഘട്ട ടീസര്‍ നിസാന്‍ ഇന്ത്യ പുറത്തുവിട്ടു. രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്‌സ് ട്രെയിലായിരിക്കും ഇന്ത്യയില്‍ എത്തുക. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) രീതിയിലായിരിക്കും എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ എത്തിക്കുക. മാഗ്നൈറ്റ് കോംപാക്ട് എസ് യു വി മാത്രം വില്‍ക്കുന്ന നിസാന്‍ ഇന്ത്യക്ക് എക്‌സ് ട്രെയിലിന്റെ വരവ് പുത്തനുണര്‍വാകും. 

4,680 എംഎം നീളവും 1,840 എംഎം വീതിയും 1,725എംഎം ഉയരവുമുള്ള വാഹനമാണ് എക്‌സ് ട്രെയില്‍. വീല്‍ ബേസ് 2,705 എംഎം. സ്പ്ലിറ്റ് ഹെഡ് ലൈറ്റ് സെറ്റ് അപ്പില്‍ എല്‍ഇഡി ലൈറ്റുകളും വലിയ ഗ്രില്ലുകളും വി മോഷന്‍ ഡിസൈനിലെത്തുന്ന വാഹനത്തിലുണ്ടാവും. 18 അല്ലെങ്കില്‍ 19 ഇഞ്ച് അലോയ് വീലുകള്‍ വകഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. എല്‍ഇഡി ടൈല്‍ ലൈറ്റുകള്‍ ഉണ്ടാവും. എന്നാല്‍ ആധുനിക എസ് യു വികളുടെ മുഖമുദ്രയായ ലൈറ്റ് ബാറുകള്‍ കാണാനില്ല. 

രാജ്യാന്തര വിപണിയില്‍ ടര്‍ബോ പെട്രോള്‍, ഹൈബ്രിഡ് പവര്‍ ട്രെയിനുകളില്‍ എക്‌സ്‌ട്രെയില്‍ എത്തുന്നു. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിവിടി ഗിയര്‍ബോക്‌സും ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടാവുമെന്ന് പുതിയ ടീസര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഡ്യുവല്‍ പാന്‍ സണ്‍ റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വലിയ ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും എക്‌സ് ട്രയിലില്‍ ഉണ്ടാവും. 

അഡാസ് സുരക്ഷയോടെയായിരിക്കും എക്‌സ് ട്രെയിലിന്റെ വരവ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടമാറ്റിക് എമര്‍ജെന്‍സി ബ്രേക്കിങ്, ഫ്രണ്ട് കൊളീഷ്യന്‍ വാണിങ്, ബ്ലൈന്‍ഡ് ഐ സ്‌പോട്ട് ഡിറ്റെക്ഷന്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോവുന്നു സുരക്ഷാ സൗകര്യങ്ങള്‍. 

ഏഴു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന കാറായിരിക്കും എക്‌സ് ട്രെയില്‍. രണ്ടാം നിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. മൂന്നാം നിരയില്‍ രണ്ട് സീറ്റുകള്‍. 163പിഎസ് കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 200 കിമി. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്താന്‍ 9.6 സെക്കന്റ്. ഇനി ഹൈബ്രിഡ് 4WD മോഡലില്‍ ആണെങ്കില്‍ ഏഴു സെക്കന്‍ഡു മതിയാവും. ഏതൊക്കെ എന്‍ജിന്‍ ഓപ്ഷനുകളാണ് ഇന്ത്യയിലെത്തിക്കുകയെന്ന് ഉറപ്പില്ല.

ലോഞ്ചിനോട് അനുബന്ധിച്ചാവും നിസാന്‍ എക്‌സ് ട്രെയിലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരിക. ജൂലൈയില്‍ പുറത്തിറങ്ങുമെന്ന് പ്രീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന വില 40-45 ലക്ഷം രൂപ. ജീപ്പ് മെറിഡിയന്‍, സ്‌കോഡ കോഡിയാക്, എംജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യുണ്ടേയ് ടക്‌സണ്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

English Summary:

New Nissan X-Trail new teaser reveals key features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com